കൊച്ചി: ഒന്നര മാസത്തോളം വിടാതെ പിന്തുടർന്ന് മോഷ്ടാവിനെ വലയിലാക്കി പൊലീസ്. ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്റ്റ്യൻ (26) ആണ് ആലുവാ പൊലീസിന്റെ പിടിയിലായത്. മോഷണത്തിന് പിന്നാലെ തുടർച്ചയായി താവളം മാറ്റിക്കൊണ്ടിരുന്നതിനെ തുടർന്നാണ് പൊലീസ് നിരന്തരം ഇയാളെ പിന്തുടർന്നത്.
സെപ്റ്റംബർ 23ന് തോട്ടക്കാട്ടുകരയിൽ ആനന്ദന്റെ കടയിൽ നിന്ന് സിനിമാ ഷൂട്ടിങ്ങിനാണെന്ന് പറഞ്ഞ് ഇയാൾ 6000 രൂപയുടെ സാധനങ്ങൾ വാങ്ങി. പണം ചോദിച്ചപ്പോൾ കടയുടമയെ മർദിച്ചു വീഴ്ത്തിയ ശേഷം സാധനങ്ങളുമായി കടന്നു കളഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് ഇയാൾ സ്ഥിരം താവളം മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ജീമോനെ പ്രത്യേക അന്വേഷണ സംഘം ഞാറക്കലിൽ വെച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു.
പുതിയ വസ്ത്രം ധരിച്ച് പണം കൊടുക്കാതെ മുങ്ങും
ഇടപ്പള്ളി ടോളിൽ നിന്ന് മൂന്ന് ബൈക്കുകൾ, അരൂർ, എറണാകുളം നോർത്ത്, ആലുവ എന്നിവിടങ്ങളിൽ നിന്നായി ഓരോ ബൈക്കുകൾ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു. തോട്ടക്കാട്ടുകരയിലെ കടയിലെത്തിയതും ലിസി ജങ്ഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ്. ഇതു കൂടാതെ ഇരുപതോളം മോഷണ, കഞ്ചാവ് കേസുകളിലും പ്രതിയാണ്.
തുണിക്കടയിലെത്തി പുതിയ വസ്ത്രങ്ങൾ ധരിച്ചു നോക്കി പണം വണ്ടിയിൽ നിന്നുമെടുത്തു തരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങുന്നത് ഇയാളുടെ പതിവാണ്. അടുത്തിടെയായി ഇരുപതോളം കടകളിൽ നിന്നു ഇങ്ങനെ വസ്ത്രങ്ങൾ കവർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates