കോട്ടയം: റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ചേർത്തുപിടിച്ച് കേരള പൊലീസ്. പൊലീസിന്റെ കൃത്യസമയത്തെ ഇടപെടലില്‍ ഇന്നലെ രാത്രി ഒഴിവായത് വലിയ ദുരന്തം. രാത്രി 8.15ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. ചിങ്ങവനം എഫ്എസിടി കടവിനു സമീപം താമസിക്കുന്ന യുവാവ് കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണെന്നു, സംഭവത്തിനു 2 മണിക്കൂർ മുൻപ് ചിങ്ങവനം എസ്എച്ഒ അജ്മൽ ഷായ്ക്ക് വാട്സ്ആപ്പ് സന്ദേശം അയയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട് ജോലിത്തിരക്കുകൾ കാരണം അദ്ദേഹത്തിന് ഈ സന്ദേശങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് രാത്രി 8 ഓടെ ഭക്ഷണം കഴിക്കാനായി ചിങ്ങവനം സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ കാത്തിരിക്കുന്നതിനിടെയാണ് യുവാവിന്റെ സന്ദേശം കാണുന്നത്. ഉടൻതന്നെ യുവാവിനെ ഫോണിൽ ബന്ധപ്പെട്ടു. ഇപ്പോൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ റെയിൽവേ ട്രാക്കിലാണ് എന്നായിരുന്നു മറുപടി. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അദ്ദേഹം ഹോട്ടലിൽ നിന്നിറങ്ങി ബൈക്കിൽ ചിങ്ങവനം റെയിൽവേ സ്റ്റേഷനിലെത്തി. ഈ സമയത്തെല്ലാം അദ്ദേഹം യുവാവുമായി ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഒപ്പം തന്നെ റെയിൽവേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു.
സ്റ്റേഷന്റെ പ്ലാറ്റ്ഫോം വരെ മാത്രമേ വെളിച്ചമുണ്ടായിരുന്നുള്ളൂ. ഇരുട്ടിൽ ട്രാക്കിലൂടെ അന്വേഷിച്ച് ഒടുവിൽ യുവാവിനെ കണ്ടെത്തുമ്പോൾ ഇയാൾ സ്റ്റേഷന്റെ തെക്കുഭാഗത്തെ പ്ലാറ്റ്ഫോം കഴിഞ്ഞുള്ള വിജനമായ ഭാഗത്ത് ട്രെയിൻ വരുന്ന പ്രധാന പാളത്തിനു കുറുകെ കിടക്കുകയായിരുന്നു. യുവാവിനോടു സംസാരിച്ച്, സമാധാനിപ്പിച്ച് രക്ഷപ്പെടുത്തുമ്പോൾ തൊട്ടപ്പുറത്തെ ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്നുപോയി. പൊലീസ് എത്തുന്നതിനു മുൻപ് ഈ ട്രാക്കിലൂടെ ട്രെയിൻ പോയിരുന്നെങ്കിൽ യുവാവിന്റെ ജീവൻ നഷ്ടമാകുമായിരുന്നു.
യുവാവിനെ സമാധാനിപ്പിച്ചു, ബന്ധുക്കളെ വിളിച്ചു വരുത്തി വീട്ടിലേക്ക് പറഞ്ഞയച്ചു. രാവിലെ സംസാരിച്ച് പ്രശ്നങ്ങൾക്കു പരിഹാരം നൽകുമെന്നു ഉറപ്പു നൽകിയ ശേഷമാണ് വിട്ടയച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പനച്ചിക്കാട് പഞ്ചായത്തംഗം റോയി മാത്യുവും പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates