കൊച്ചി: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സമയത്ത് കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എംജി രാജമാണിക്യത്തെ മാറ്റിയതിന് പിന്നില്‍ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഭിന്നതകളെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഹിമാചല്‍ പ്രദേശില്‍ നിന്ന് യൂണിറ്റിന് 14.50 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനമാണ് അദ്ദേഹത്തിന്റെ പുറത്താക്കലിന് കാരണമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുമ്പോള്‍, ടെന്‍ഡറും റെഗുലേറ്ററി കമീഷന്റെ അനുവാദവും ഇല്ലാതെ കൂടിയ വിലയ്ക്ക് സ്വകാര്യകമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കം എതിര്‍ത്തതാണ് രാജമാണിക്യത്തിന് ചെയര്‍മാന്‍ സ്ഥാനം തെറിക്കാന്‍ കാരണമായതെന്നാണ് വിവരം.
സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധി ഒഴിവാക്കാന്‍ ഹിമാചല്‍പ്രദേശില്‍നിന്ന് വൈദ്യുതി വാങ്ങണമെന്നായിരുന്നു കെഎസ്ഇബിയുടെ നിര്‍ദേശം. ഈ കരാര്‍ പ്രകാരം ഒക്ടോബര്‍ 1 മുതല്‍ കേരളത്തിന് വൈദ്യുതി ലഭിച്ചു തുടങ്ങുകയും പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു.സര്‍ക്കാര്‍തല ചര്‍ച്ചയിലൂടെ നിരക്ക് 12.5 രൂപയായി കുറഞ്ഞതായാണ് അറിയുന്നത്. ഹിമാചലില്‍നിന്ന് പീക്ക് അവറിൽ 800 മെഗാവാട്ടിനും 1280 മെഗാവാട്ടിനും ഇടയിൽ വൈദ്യുതി വാങ്ങണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. വില 14.5 രൂപയാണെങ്കില്‍, 80 ശതമാനം വൈദ്യുതിയും രാത്രി കിട്ടുന്നതുകൊണ്ട് അതാണ് ലാഭമെന്നും അറിയിച്ചു. പീക്ക് അവറിൽ യൂണിറ്റിന് 14.5 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുകയാണെങ്കിൽ നവംബർ -മാർച്ച് കാലയളവിലെ ആകെ ചിലവ് 1.281 കോടി രൂപയും 12.50 രൂപ നിരക്കിലാണെങ്കിൽ 1.105 കോടി രൂപയാകും. സ്വകാര്യ കമ്പനിയിൽ നിന്നും മുഴുവൻ സമയം 500 മെഗാവാട്ട് വൈദ്യുതി വാങ്ങുകയാണെങ്കിൽ ഇത് 1.566 കോടി രൂപയാണ്. യൂണിറ്റ് അടിസ്ഥാന നിരക്കിലല്ല ഇതുരണ്ടും താരതമ്യം ചെയ്യേണ്ടതെന്നായിരുന്നു രാജമാണിക്യവും കെഎസ്ഇബിയും വാദിച്ചത്.
ഇതിനിടെ വിവിധ കമ്പനികളില്‍നിന്നുള്ള വൈദ്യുതി വിറ്റഴിക്കുന്ന ജി.എന്‍.എ. എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് സര്‍ക്കാരിന് മറ്റൊരു വാഗ്ദാനം ലഭിച്ചു. മാര്‍ച്ചുവരെ പകലും രാത്രിയിലുമായി 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.63 രൂപയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, കേരളത്തിന് പകല്‍ പുറമേനിന്നുള്ള വൈദ്യുതി ആവശ്യമില്ല. വൈദ്യുതി ഇടപാടില്‍ ഈ മാര്‍ച്ചുവരെ ജി.എന്‍.എ.യ്ക്ക് 1566 കോടി നല്‍കേണ്ടിവരുമെന്ന് രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കി. രാത്രിയില്‍ അവരില്‍നിന്ന് കുറച്ചേ ലഭിക്കൂ. എന്നാല്‍, ഹിമാചല്‍പ്രദേശില്‍നിന്ന് രാത്രികാലത്തേക്ക് ആവശ്യമുള്ളത് വാങ്ങാനുള്ള ചെലവ് 1281 കോടി മാത്രമാണ്. മാത്രമല്ല, രാത്രിയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ 442 കോടിയുടെ വൈദ്യുതി വീണ്ടും വാങ്ങേണ്ടിവരും.
2027 മേയ് 15 വരെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ ഹിമാചല്‍ പ്രദേശുമായി കരാറില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഒക്ടോബറില്‍ രാജമാണിക്യം വൈദ്യുതി മന്ത്രിയെ 10 തവണയോളം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സ്വകാര്യ കമ്പനിയില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നിര്‍ദ്ദേശത്തോടാണ് സര്‍ക്കാരിന് താല്പര്യമെന്ന് മന്ത്രി അറിയിച്ചു. സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എന്‍.എ. വഴി വൈദ്യുതി വാങ്ങുന്നത് റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചിട്ടില്ലെന്നും ഇനി അതിന് സാധ്യതയില്ലെന്നും കെഎസ്ഇബി അറിയിച്ചങ്കിലും അതിന് വിരുദ്ധമായ നിലപാട് ആണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. രാജമാണിക്യത്തെ മാറ്റിയതോടെ എന്‍ പ്രശാന്തിനാണ് കെഎസ്ഇബി ചെയര്‍മാന്റെ ചുമതല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates