

ദുബൈ: ദുബൈയില്‍ പുതിയ വീട്ടിലേക്ക് താമസം മാറാനോ? വാടക കരാര്‍ പുതുക്കുന്നതോ ഇനി എളുപ്പം. വാടകക്കാര്‍ക്കും ഉടമകള്‍ക്കും 'ദുബൈ നൗ' ആപ്പ് വഴി, വിവിധ സേവന കേന്ദ്രങ്ങള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ലാതെ തന്നെ 'ഇജാരി' നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
വാടക കരാറുകള്‍ തയ്യാറാക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും റദ്ദാക്കുന്നതിനും ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോം കൊണ്ടുവന്നിരിക്കുകയാണ് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ്. ജനങ്ങള്‍ക്ക് മെച്ചപ്പെടുത്തിയ 'ഇജാരി' സേവനം ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
ഇനി വൈദ്യുതി, ജല സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 'ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ നല്‍കേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കുന്നത് ഉള്‍പ്പെടെ, വീട് വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പല നടപടികളും ഇനി ഒരിടത്തുതന്നെ പൂര്‍ത്തിയാക്കാന്‍ താമസക്കാര്‍ക്ക് സാധിക്കും എന്നതാണ്. ദുബൈ ഡിജിറ്റല്‍ സ്ട്രാറ്റജി, ഡി33 സാമ്പത്തിക അജന്‍ഡ എന്നിവയുടെ ഭാഗമായാണ് സേവനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കിയത്.
യുഎഇ പാസ് ഉപയോഗിച്ച് കെട്ടിട ഉടമയ്ക്കും വാടകക്കാരനും ആപ്പിലൂടെ നേരിട്ട് കരാറുകളില്‍ ഒപ്പുവയ്ക്കാം. കരാര്‍ പൂര്‍ത്തിയാകുന്ന നിമിഷം തന്നെ ഇജാരി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ, വെള്ളം-വൈദ്യുതി കണക്ഷനുള്ള ഡിപോസിറ്റ് തുകയും ഈ ആപ്പ് വഴി തന്നെ അടയ്ക്കാനും സേവനം തല്‍സമയം സജീവമാക്കാനും സാധിക്കും. സര്‍ക്കാരിന്റെ 'സര്‍വീസസ് 360' നയത്തിന്റെ ഭാഗമായാണ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും ദിവയും ചേര്‍ന്ന് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് ഏകോപിപ്പിച്ചത്. ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകുന്നതോടെ ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് അത് കൂടുതല്‍ സുതാര്യതയും കരുത്തും പകരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates