തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ഉപാധികളോടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, കറന്റ് എക്‌സ്‌ചേഞ്ചില്‍ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിച്ചു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തില്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
'പസഫിക് സമുദ്രത്തിലുണ്ടായ എല്‍നിനോ പ്രതിഭാസത്തിന്റെ പ്രതിസന്ധി രാജ്യത്തൊട്ടാകെയുണ്ട്. ഉഷ്ണതരംഗം വ്യാപിച്ചതോടെ വൈദ്യുതി ഉപയോഗവും വന്‍തോതില്‍ വര്‍ധിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നു. ജൂണ്‍ 15നു ശേഷം കൂടുതല്‍ മഴ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. കടം വാങ്ങിയത് തിരിച്ചു കൊടുത്തേ മതിയാകൂ. നമ്മുടെ ജലസംഭരണികളിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കാനുള്ള സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി അറിയിച്ചത്. എന്നാല്‍ മഴ കുറഞ്ഞതോടെ ഉല്‍പാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ലോകകപ്പ് ആവേശം കൂടിയായതോടെ സംസ്ഥാനത്ത് രാത്രികാല വൈദ്യുതോപഭോഗം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണം അവസാനിപ്പിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. എന്നാല്‍ കേന്ദ്രപൂളില്‍ വൈദ്യുതി ലഭ്യമല്ലാത്തത് തിരിച്ചടിയായി.
അതേസമയം ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പത്തുകൊല്ലം മുമ്പത്തെ ഇരുട്ട് കേരളത്തില്‍ തിരിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയാത്തത് ആസൂത്രണത്തിലെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയത് എല്‍ഡിഎഫാണെന്നും അതിന്റെ തുടര്‍ച്ചയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates