കൊച്ചി: കര്‍ണാടകയിലെ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഒരാളെ കൊച്ചിയില്‍ നിന്നും മറ്റൊരാളെ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നുമാണ് എന്‍ഐഎ പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 24 ആയി.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പ്രവര്‍ത്തകരായ അബ്ദുല്‍ നാസിര്‍ പി (നാസിര്‍), നൗഷാദ് എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ, കുടക് സ്വദേശി അബ്ദുള്‍ നാസിറാണ് കൊച്ചിയില്‍ അറസ്റ്റിലായത്. മൂന്നു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കൊച്ചിയിലെയും ബംഗളൂരുവിലെയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആന്ധ്രാപ്രദേശ് പൊലീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കേരളത്തിലും തമിഴ്‌നാട്ടിലും ഒരേസമയം ഓപ്പറേഷന്‍ നടത്തിയത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഇവര്‍ക്കെതിരെ ബംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതി ലുക്ക് ഔട്ട് സര്‍ക്കുലറും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 4 ലക്ഷം രൂപ വീതം പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
കേസില്‍ ഇനി മൂന്നു പ്രതികള്‍ കൂടി ഒളിവിലുണ്ട്. യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവി(26)നെ സുള്ള്യക്കടുത്ത ബെല്ലാരെയില്‍ ബൈക്കിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2022 ജുലൈ 26നാണ് കൊലപാതകം നടന്നത്. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates