തൃശൂര്‍: ഗുരുവായൂരപ്പനെ തൊഴുത് പ്രാര്‍ത്ഥിച്ചു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദര്‍ശന സാഫല്യം നേടിയ രാഷ്ട്രപതി തന്നെ കാണാനായി കിഴക്കേ നടയിലെത്തിയ ഭക്തരുടെ സമീപമെത്തി സ്‌നേഹാഭിവാദ്യം അര്‍പ്പിച്ചാണ് മടങ്ങിയെത്.
ഇന്നലെ വൈകുന്നേരം നട തുറന്ന് ശീവേലി കഴിഞ്ഞപ്പോഴായിരുന്നു കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥുറിനൊപ്പം രാഷ്ട്രപതിയുടെ സന്ദര്‍ശനം. മൂന്നേകാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഷ്ട്രപതി റോഡ് മാര്‍ഗം മൂന്നരയോടെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി. ദേവസ്വം മന്ത്രി കെ മുരളീധരന്‍, ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെയും ഗവര്‍ണറെയും സ്വീകരിച്ചു. തുടര്‍ന്ന് കെ മുരളീധരനൊപ്പമാണ് രാഷ്ട്രപതിയും മകള്‍ നിത്യശ്രീ മുര്‍മുവും ഗവര്‍ണ്ണര്‍ ഓം പ്രകാശ് മാഥുറും ഉദ്യോഗസ്ഥ സംഘവും ക്ഷേത്രത്തിലേക്ക് നടന്നെത്തിയത്.
കിഴക്കേ ഗോപുര കവാടത്തിന് മുന്നില്‍ വെച്ച് ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ രാഷ്ട്രപതിയെ ക്ഷേത്രത്തിലേക്ക് വരവേറ്റു. തന്ത്രി പൂര്‍ണകുംഭം നല്‍കിയാണ് രാഷ്ട്രപതിയെ വരവേറ്റത്. 3.55 ന് ദര്‍ശനത്തിനായി നാലമ്പലത്തിലേക്ക് പ്രവേശിച്ച രാഷ്ട്രപതി സോപാനത്തിലെത്തി ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു. കാണിക്കയുമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്നു പ്രസാദവും സ്വീകരിച്ചു. തുടര്‍ന്ന് ഉപദേവതകളെയും ദര്‍ശിച്ച ശേഷം കൊടിമര ചുവട്ടിലെത്തി. ദേവസ്വം മന്ത്രി ഉണ്ണിക്കണ്ണന്റെ തടിയില്‍ തീര്‍ത്ത ശില്‍പം രാഷ്ട്രപതിക്ക് സമ്മാനിച്ചു.
എ വി ഗോപിനാഥ്, ഓടക്കുഴല്‍ വായിക്കുന്ന പാരമ്പര്യ ദാരുശില്പകലയുടെ തനിമയില്‍ പൂര്‍ണ്ണമായും കുമിഴ് മരത്തില്‍ കൊത്തിയെടുത്ത രണ്ടടി ഉയരമുള്ള വേണുഗോപാല ശ്രീകൃഷ്ണ ശില്‍പവും സ്വര്‍ണ്ണക്കോലത്തിന്റെ മാതൃകയും രാഷ്ട്രപതിക്ക് സമ്മാനിച്ചു. കളഭവും സ്‌പെഷ്യല്‍ പായസവും തിരുമുടി മാലയും പഴം, പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ക്ഷേത്രം തന്ത്രി രാഷ്ട്രപതിക്ക് നല്‍കി. മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഹരിഗോപാല്‍, ഡിഎമാരായ എംരാധ (ക്ഷേത്രം), കെബിനു, ദേവസ്വം പിആര്‍ഒ വിമല്‍ ജി നാഥ്, അസി.മാനേജര്‍ അനില്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി. ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ രാഷ്ട്രപതി കിഴക്കേനടയില്‍ കാത്തു നിന്ന ഭക്തര്‍ക്കരികിലെത്തി. കൈവീശി ഭക്തര്‍ക്ക് സ്‌നേഹാഭിവാദ്യം നേര്‍ന്നാണ് മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates