തൃശൂർ : മദ്യത്തിന് പേരിടുന്നതിന് സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോണ്‍ഗ്രസ്സ് നേതാവ് ജോണ്‍ ഡാനിയല്‍ ആണ് പരാതി നൽകിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമാകുന്നുവെന്ന് ജോൺ ഡാനിയൽ പരാതിയിൽ ചൂണ്ടിക്കാട്ടി.
മദ്യത്തിന്റെ പരസ്യത്തിന് സമ്മാനം നല്‍കുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണ്. മനുഷ്യന്റെ ആരോഗ്യം, സാമ്പത്തിക ഘടന എന്നിവയെല്ലാം തകര്‍ക്കുന്ന മദ്യം പോലൊരു ലഹരിവസ്‌തുവിന്റെ പ്രചാരണത്തിന് സർക്കാർ സമ്മാനം വാഗ്ദാനം ചെയ്യുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയില്‍ വ്യക്തമാക്കി.
സർക്കാർ നിർമിക്കുന്ന മദ്യത്തിന് പൊതുജനങ്ങളിൽ നിന്ന് പേരും ലോഗോയും ക്ഷണിച്ചതും അതിന് സമ്മാനം വാഗ്ദാനം ചെയ്തതും സംസ്ഥാനത്തിൻറെ മദ്യനയത്തിന് വിരുദ്ധവും നിയമലംഘനവും പൗരാവകാശ ലംഘനവുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
പരസ്യത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി മത്സരവും സമ്മാനവും പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മലബാർ ഡിസ്റ്റിലറീസിൽ നിന്നും നിർമ്മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദേശിക്കാൻ അവസരം നൽകുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു പരസ്യം. മികച്ച പേരും ലോഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ വീതം സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates