കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സർക്കാരിനുമുണ്ടായ പാളിച്ചകൾ തുറന്നു പറഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വന്നിട്ടുള്ള പല പോരായ്‌മകളും സൂക്ഷ്‌മ തലത്തില്‍ ഉണ്ടായിട്ടുള്ള വീഴ്‌ച്ചകളും പരാജയത്തിന് ഇടയാക്കിയ ഘടകങ്ങളാണ്. പയ്യന്നൂര്‍, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഗുണം ചെയ്‌തില്ലെന്നും ദിനേശൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പുത്തലത്ത് ദിനേശന്റെ പ്രതികരണം.
ശബരിമല ദേവസ്വം ബോര്‍ഡ് അയ്യപ്പ സംഗമം പോലുള്ള പരിപാടികള്‍ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, അത് സര്‍ക്കാര്‍ പരിപാടിയാണെന്ന പ്രചരണമാണ് യുഡിഎഫും, വലതുപക്ഷ മാധ്യമങ്ങളും നടത്തിയത്. ഇത് പൊതുവില്‍ ജനങ്ങളെ സ്വാധീനിക്കുന്ന ഘടകമായി മാറി. അതോടൊപ്പം ആര്‍എസ്‌എസ് പശ്ചാത്തലമുള്ള യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം പ്രസ്‌തുത സമ്മേളനത്തില്‍ വായിച്ചതും ശരിയായിരുന്നില്ല എന്നും ദിനേശൻ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലായിരിക്കുന്ന സമയത്ത് നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടായിരുന്നു. എങ്കിലും, അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് നടപടിയെടുക്കാത്തത് പോരായ്‌മയാണ്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച 6 പേര്‍ എല്‍ഡിഎഫിനെതിരായി മത്സരിച്ചത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. പാര്‍ലമെന്ററി താല്‍പര്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ കടന്നുവരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.
എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളോട് കുറേക്കൂടി വ്യക്തമായും വിമര്‍ശനപരമായും പ്രസ്‌താവന നല്‍കുന്നതിൽ പാർട്ടിക്ക് പോരായ്‌മ സംഭവിച്ചു. ഇത് എതിരാളികള്‍ക്ക് തെറ്റായ പ്രചരണത്തിന് അവസരം നല്‍കി. പ്രകടന പത്രികയിലെ കാഴ്‌ചപ്പാടുകള്‍ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനും പോരായ്‌മയുണ്ടായി. എല്‍ഡിഎഫ് മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് മുദ്രാവാക്യം കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ ജനങ്ങളെ ആകര്‍ഷിച്ചില്ലെന്നും പുത്തലത്ത് ദിനേശൻ അഭിപ്രായപ്പെട്ടു.
യുഡിഎഫ് നടത്തിയ കള്ള പ്രചാരവേലകൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും പോരായ്‌മ സംഭവിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ ചില നേതാക്കളുടെ പ്രസ്‌താവനകളും തിരിച്ചടിയുണ്ടാക്കുന്നതിന് ഇടയാക്കി. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പോരായ്‌മകള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തലുകളിലും ഉണ്ടായി. ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ വിവിധ ഘടകങ്ങള്‍ക്ക് പോരായ്‌മ സംഭവിച്ചു.പാര്‍ട്ടി സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തി വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനുള്ള ഇടപെടലാണ് സിപിഎമ്മിന്റെ വിപുലമായ സംസ്ഥാന കമ്മിറ്റിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും പുത്തലത്ത് ദിനേശൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates