പി വി അന്‍വര്‍  ഫയല്‍
Kerala

'ചില യുഡിഎഫ് നേതാക്കളിൽ നിന്നുണ്ടായ ചതി വല്ലാതെ തളർത്തി'; കെ ടി ഡി സി ചെയർമാൻ പദവിയിൽ ഉറച്ച് അൻവർ

'ബേപ്പൂരിൽ മത്സരിക്കുക എന്നത് യു.ഡി.എഫ് എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വമായിരുന്നില്ല. അത് ഞാൻ സ്വയം തിരഞ്ഞെടുത്തതാണ്'

Author : ലക്ഷ്മി ആതിര

കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് പി വി. അൻവർ. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് ആവശ്യമെന്നും വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും നൽകിയ വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അൻവർ പറയുന്നു. കെ ടി ഡി സി ചെയർമാൻ സ്ഥാനമല്ലാതെ മറ്റൊരു പദവിയും സ്വീകരിക്കില്ലെന്ന നിലപാടിലാണ് അൻവർ. ഒപ്പം നിന്നവർക്കായി മൂന്ന് നാല് ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബേപ്പൂരിലെ തോൽവിക്ക് പിന്നിൽ മുഹമ്മദ് റിയാസുമായി ധാരണയുണ്ടാക്കിയ ചില യുഡിഎഫ് നേതാക്കളുടെ ചതിയാണെന്ന ആരോപണവും അൻവർ ആവർത്തിക്കുന്നു. സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ആണ് അൻവറിന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യമുണ്ടായിരുന്നല്ലോ. വലിയൊരു തിരിച്ചുവരവാണോ ലക്ഷ്യമിടുന്നത്?

ഞാൻ എങ്ങും പോയിരുന്നില്ല. എന്നാൽ എപ്പോഴും ബഹളം വെച്ചുകൊണ്ടിരിക്കാൻ പറ്റില്ലല്ലോ. എം എൽ എ സ്ഥാനം രാജിവെച്ച് പിണറായിക്കെതിരെ ആദ്യം പട നയിച്ചത് ഞാനായിരുന്നു. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ച് യുഡിഎഫിന് തിരഞ്ഞെടുപ്പിലേക്ക് കളമൊരുക്കാൻ സാധിച്ചു. എന്നാൽ ഞാൻ മാത്രം ബഹളം വെച്ചിട്ട് കാര്യമില്ലല്ലോ. മറ്റുള്ളവരും സംസാരിക്കട്ടെയെന്ന് വിചാരിച്ചു. ഞാൻ മാത്രം ഒരു ബഹളക്കാരനാകേണ്ടതില്ലല്ലോ.

താങ്കൾ പറഞ്ഞതുപോലെ, എം.എൽ.എ സ്ഥാനം രാജിവെച്ചതും എൽ.ഡി.എഫ് സർക്കാരിനും പിണറായിക്കുമെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതും യു.ഡി.എഫിന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഊർജം നൽകിയെന്നാണല്ലോ വിലയിരുത്തൽ. ആ സമയത്ത് യു.ഡി.എഫുമായി എന്തെങ്കിലും തരത്തിലുള്ള ധാരണകളുണ്ടായിരുന്നോ? എന്തെങ്കിലും ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നോ?

ഒരിക്കലുമില്ല. അത്തരത്തിൽ എന്തെങ്കിലും ഉപാധികളുണ്ടായിരുന്നെങ്കിൽ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ഞാൻ തന്നെ മത്സരിക്കുമായിരുന്നല്ലോ. അന്നത്തെ എന്റെ ഏക ലക്ഷ്യം പിണറായിയെയും സംഘത്തെയും അധികാരത്തിൽനിന്ന് താഴെയിറക്കുക എന്നതുമാത്രമായിരുന്നു.

ബേപ്പൂരിലെ തോൽവിക്കു പിന്നാലെ യു.ഡി.എഫിലെ ചില നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നല്ലോ. യഥാർഥത്തിൽ എന്താണ് സംഭവിച്ചത്?

തീർച്ചയായും. യു.ഡി.എഫിലെ ചില നേതാക്കൾ എന്നെ തോൽപ്പിക്കാൻ കളമൊരുക്കുകയായിരുന്നു. അവർക്ക് റിയാസുമായി ധാരണയുണ്ടായിരുന്നതായും അറിയാം. ഞാൻ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നായിരുന്നു യു.ഡി.എഫ് നേതാക്കളുടെ കണക്കുകൂട്ടൽ. അവസാന നിമിഷം വരെയും ഞാൻ വിജയിക്കുമെന്നുതന്നെയായിരുന്നു കരുതിയിരുന്നത്. എന്നാൽ എന്റെ തോൽവിയിൽ ഒരു വിഭാഗം സ്വാർത്ഥതാൽപ്പര്യം ഉള്ള യു ഡി എഫ് നേതാക്കൾക്ക് പങ്കുണ്ടെന്നത് വളരെ വ്യക്തമാണ്.

ഒരു ഉദാഹരണം പറയാം. രാമനാട്ടുകര നഗരസഭയിൽ യു.ഡി.എഫിന് 1400 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും കുറഞ്ഞത് 2,500 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവിടെ അങ്ങനെയുണ്ടായില്ല. വെറും 140 വോട്ടുകൾ ആണ് ഭൂരിപക്ഷം ലഭിച്ചത്. സി.പി.എമ്മിന്റെ വോട്ടുകൾ വലിയ രീതിയിൽ ലഭിച്ചിരുന്നെങ്കിലും യു.ഡി.എഫ് വോട്ടുകൾ മറിഞ്ഞു. അത് എന്നെ ഏറെ വിഷമിപ്പിച്ച കാര്യമായിരുന്നു.

ബേപ്പൂരിൽ മത്സരിക്കുക എന്നത് യു.ഡി.എഫ് എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വമായിരുന്നില്ല. അത് ഞാൻ സ്വയം തിരഞ്ഞെടുത്തതാണ്. പിണറായിയെ അധികാരത്തിൽനിന്ന് താഴെയിറക്കുക എന്ന വലിയ ലക്ഷ്യത്തോടെ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് ബേപ്പൂരിൽ റിയാസിനെതിരെ മത്സരിക്കാൻ തീരുമാനിച്ചത്. ജയിക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും ചില യു.ഡി.എഫ് നേതാക്കളിൽ നിന്നുണ്ടായ ചതി എന്നെ വല്ലാതെ തളർത്തി.

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനമാണല്ലോ നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും ചർച്ചകൾ നടക്കുന്നുണ്ടോ?

നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ല. ഇതുസംബന്ധിച്ച് ഒരു കത്ത് നൽകിയിട്ടുണ്ട്. ഒരു മാസം മുമ്പ് മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടപ്പോഴും ഇക്കാര്യം സംസാരിച്ചിരുന്നു.

കെ.ടി.ഡി.സി അല്ലാതെ മറ്റേതെങ്കിലും ബോർഡ് സ്ഥാനങ്ങൾ നൽകിയാൽ സ്വീകരിക്കുമോ?

ഇല്ല. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സതീശനോടും കുഞ്ഞാലിക്കുട്ടി സാഹിബിനോടും ബേപ്പൂരിൽ തോറ്റാൽ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം എനിക്ക് നൽകണമെന്ന് ധാരണയിലെത്തിയിരുന്നു. അന്ന് അവർ വാക്കുനൽകിയതാണ്. അത് പാലിക്കുമെന്നാണ് കരുതുന്നത്.

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം മാത്രമാണോ ആവശ്യപ്പെട്ടിരിക്കുന്നത്? മറ്റേതെങ്കിലും ബോർഡ്, കോർപ്പറേഷൻ ചെയർപേഴ്‌സൺ സ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടോ?

ശരിയാണ്. നമ്മുടെ കൂടെ കഷ്ടപ്പെട്ട കുറച്ചുപേരുണ്ടല്ലോ. അവരെയും പരിഗണിക്കണമല്ലോ. മൂന്ന് നാല് സ്ഥാനങ്ങൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.

PV Anvar remains firm in his demand for the KTDC Chairman post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചെറുതായൊന്ന് മാറി'; സോണിയയുടെ പുസ്തകത്തിന് എതിരെയുള്ള പ്രതിഷേധത്തില്‍ ബാല്‍ താക്കറെയുടെ ചിത്രംകീറി ശിവസേന നേതാവ്, വിവാദം

പ്രധാനമന്ത്രിയുമായി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് മുഖ്യമന്ത്രി

എം വി ഗോവിന്ദൻ ഇടപെട്ടു; തളിപ്പറമ്പ് സ്വദേശിനിക്ക് ഷാര്‍ജയില്‍ ശമ്പളക്കുടിശ്ശിക ലഭിച്ചു

ജഡ്ജി നിയമനം: നടപടിക്രമത്തില്‍ തീരുമാനത്തിന് 11 വര്‍ഷത്തെ കാലതാമസം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

'വിധേയരുടെ മന്ത്രിസഭയല്ല', സിഎംആർഎൽ കേസിൽ വീണ്ടും ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ