തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ രംഗത്തുവന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ വിമര്‍ശിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലോ മുന്നണി വേദികളിലോ ചര്‍ച്ച ചെയ്യണം. ഊര്‍ജസ്വലനായ മുഖ്യമന്ത്രിയെ താറടിക്കാനും എതിര്‍ക്കാനും, അത് വഴി ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കാനും നടത്തുന്ന നീക്കം ഒരിക്കലും ശരിയല്ലെന്ന് ആര്‍ ചന്ദ്രശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആകപ്പാടെ തകര്‍ന്നുപോയ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിതരാകാന്‍ കൊതിച്ച കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്കാണ് പുത്തന്‍ പ്രതീക്ഷകളുടെ ഒരു അജണ്ട വി ഡി സതീശന്‍ അവതരിപ്പിച്ചത്. ആ അജണ്ട നേടിയെടുക്കുന്നതിന് വേണ്ടി കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. കേരളത്തിലെ ഓരോ മേഖലകളെയും ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങള്‍ വലിയ താല്‍പ്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.
നാലു മാസം എന്നത് പരാതി പറയാന്‍ മാത്രമുള്ള സമയം ആയിട്ടില്ല. കലാപകലുഷിതമായ ഒരു അന്തരീക്ഷം ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന അന്തരീക്ഷത്തില്‍, ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ച ആളുകള്‍ ഇത്തരത്തിലുള്ള പരസ്യ പ്രതികരണങ്ങളും ജല്‍പ്പനങ്ങളുമായി വരുന്നത് മര്യാദകേടാണ്. മുഖ്യമന്ത്രിയെ താറടിക്കാനും, പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കാനും നടത്തുന്ന നീക്കം ശരിയല്ല. ഐഎന്‍ടിയുസിയുടെ പൂര്‍ണ പിന്തുണ ജനകീയ സര്‍ക്കാരിനുണ്ടെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
ആകപ്പാടെ തകര്‍ന്നുപോയ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിതരാകാന്‍ വേണ്ടി കൊതിച്ചു നിന്ന കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്കാണ് പുത്തന്‍ പ്രതീക്ഷകളുടെ ഒരു വ്യക്തമായ അജണ്ട വി ഡി സതീശന്‍ അവതരിപ്പിച്ചത്. ആ അജണ്ട നേടിയെടുക്കുന്നതിന് വേണ്ടി കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. വിദേശ യൂണിവേഴ്‌സിറ്റികളുടെ ക്യാമ്പസ് തുടങ്ങുക, അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ കേരളത്തിന് തനതായ പുരോഗതി ഉണ്ടാക്കുക, വ്യവസായ വാണിജ്യ തൊഴില്‍ മേഖലകളെ പുഷ്ടിപ്പെടുത്തുക, പ്ലാന്റേഷന്‍ മേഖലയെ ശക്തിപ്പെടുത്തുക തുടങ്ങി കേരളത്തിലെ ഓരോ മേഖലകളെയും ശക്തിപ്പെടുത്തിക്കൊണ്ട് കേരളത്തിലെ ഖജനാവ് നിറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ശക്തമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങള്‍ വലിയ താല്‍പ്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. പ്രതീക്ഷനിര്‍ഭരമായ ഈ കാലത്തെ 4 മാസം എന്നത് പരാതി പറയാന്‍ മാത്രമുള്ള സമയം ആയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മാത്രവുമല്ല, കലാപകലുഷിതമായ ഒരു അന്തരീക്ഷം മനഃപൂര്‍വമായി BJPയും CPMഉം ഉണ്ടാക്കുന്ന അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള പരസ്യ പ്രതികരണങ്ങള്‍, അതും ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ച ആളുകള്‍, എന്നും സ്ഥാനമാനങ്ങളുടെ വലുപ്പച്ചെറുപ്പത്തിന് പരാതി കാണുന്ന ആളുകള്‍, അവരൊക്കെ ഇത്തരത്തിലുള്ള ജല്‍പ്പനങ്ങളുമായി രംഗത്ത് വരുന്നത് തികഞ്ഞ മര്യാദകേടാണ്. എല്ലാവരും ഒന്നിച്ചുനിന്ന് ഈ പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാന്‍, ഓരോ തട്ടിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ ശ്രമിക്കുന്നതിന് പകരം ഊര്‍ജസ്വലനായ മുഖ്യമന്ത്രിയെ താറടിക്കാനും എതിര്‍ക്കാനും, അത് വഴി ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കാനും നടത്തുന്ന നീക്കം ഒരിക്കലും ശരിയല്ല. മാത്രവുമല്ല, എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലോ മുന്നണി വേദികളിലോ ചര്‍ച്ച ചെയ്യണം എന്നാണ് കേരളത്തിലെ കഴിഞ്ഞ കുറേ കാലങ്ങളായി പാര്‍ട്ടിക്ക് പോലും താല്‍പ്പര്യം ഇല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഈ രംഗത്ത് തൊഴിലാളികളെ സംഘടിപ്പിച്ചു സജീവമായി രാപ്പകല്‍ അധ്വാനിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എന്റെ അഭിപ്രായം എന്ന് മാത്രം പറയട്ടെ. ഏത് സാഹചര്യത്തിലും INTUCയുടെ പൂര്‍ണ്ണ പിന്തുണ ഈ ജനകീയ സര്‍ക്കാരിനുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates