തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ തിരുവനന്തപുരത്തെ മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ. ഈ പ്രായത്തില്‍ ട്രെയിനില്‍ പോകാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനില്‍ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.
പൈസ അനാവാശ്യമായി ചെലവാക്കുന്നതില്‍ മടിയുള്ള വ്യക്തിയാണ് താനെന്നും അതിനാല്‍ വിമാന ടിക്കറ്റ് നല്‍കാമെന്നു പറഞ്ഞിട്ടും യാത്ര ഒഴിവാക്കുകയായിരുന്നെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവര്‍ഷവും കൗണ്‍സിലറായി തുടരാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. തന്റെ തീരുമാനങ്ങളെല്ലാം പാര്‍ട്ടിയുടെ അറിവോടെയാണെന്നും ആര്‍ ശ്രീലേഖ വ്യക്തമാക്കി.
ശ്രീലേഖയുടെ വാക്കുകള്‍....
''തീയില്ലാതെ പുകയുണ്ടാക്കാന്‍ വിദഗ്ധരാണല്ലോ ചില മാധ്യമപ്രവര്‍ത്തകര്‍. ഇന്ന് രാവിലെ മുതല്‍ ചിലര്‍ എന്നെ വിളിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ ഒരു ചരിത്ര വിജയമാണ് നേടിയിരിക്കുന്നത്. 45 വര്‍ഷത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തില്‍ ഒരു ഭരണം വന്നു. അങ്ങനെ വലിയ ഉത്സാഹത്തിമര്‍പ്പിലിരിക്കുമ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് വിളിക്കുന്നത്. കൗണ്‍സിലര്‍മാര്‍ കുറച്ചു പേര്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കണമെന്ന്. കേരള എക്‌സ്പ്രസില്‍ കയറി ഡല്‍ഹിയിലേയ്ക്ക് പോകുന്നു, എല്ലാ സ്ഥലത്തും സ്വീകരണം വാങ്ങിക്കുന്നു. 13 ാം തിയതി രാവിലെയേ തിരിക്കൂ എന്നു പറഞ്ഞു. 14 പേരാണ് ആദ്യം തിരുവനന്തപുരത്ത് നിന്ന് പോകാന്‍ തീരുമാനിച്ചിരുന്നത്. ഈ പ്രായത്തില്‍ കേരള എക്‌സ്പ്രസില്‍ നടത്താന്‍ പ്രയാസമാണെന്ന് പറഞ്ഞു. ഫ്‌ളൈറ്റില്‍ വേണമെങ്കില്‍ അറേഞ്ച് ചെയ്യാമെന്ന് ഒരു ഓഫര്‍ ഉണ്ടായിരുന്നതാണ്. പക്ഷേ, ഞാന്‍ പറഞ്ഞു, വേണ്ട. എന്തിനാണ് വെറുതെ കാശ് കളയുന്നത്. എനിക്ക് പൈസ അനാവശ്യമായി മുടക്കുന്നതില്‍ വലിയ വിരോധമുള്ള വ്യക്തിയാണ് ഞാന്‍. എന്റെ തെരഞ്ഞെടുപ്പില്‍ പോലും ഞാന്‍ വളരെ പിടിച്ചാണ് ഓരോ ചെലവും നടത്തിയത്. പലരും എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ശ്രീലേഖയുടെ പോസ്റ്റര്‍ മാത്രം ഇത്രയധികം കുറഞ്ഞു പോയത്. എന്തുകൊണ്ടാണ് വാഹനപ്രചാരണം ഒന്നും കാണുന്നില്ല. മൈക്ക് വെച്ച് ശ്രീലേഖയുടെ പേര് വിളിച്ചുകൊണ്ട് പോകുന്നില്ല എന്നൊക്കെ പറഞ്ഞു. ഇത്രയും ആളുകളുമായി ഡല്‍ഹിയില്‍ പോകുമ്പോള്‍ നല്ല ചെലവാണ് പാര്‍ട്ടിക്ക്. ഞാന്‍ കാരണം അത്രയും ചെലവുണ്ടാകേണ്ട എന്ന് തോന്നി. എനിക്ക് പേഴ്‌സണലായി ചില ബുദ്ധിമുട്ടുകളും ഉണ്ട്. അമ്മയ്ക്ക് 93 വയസായി. അഞ്ച് ദിവസമൊന്നും വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. വീട്ടില്‍ ആള് വേണം. അതാണ് ഞാന്‍ മാറി നില്‍ക്കാന്‍ കാരണം. അല്ലാതെ പ്രതിഷേധിച്ചിട്ടോ ആരോടും അനിഷ്ടമുണ്ടായിട്ടോ അല്ല പോകാതിരുന്നത്. ഞാനൊരു ബിജെപിയുടെ തികഞ്ഞ വിശ്വാസിയാണ്. ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ട് ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല. അതിനുള്ള ചെലവ് വഹിക്കാന്‍ കഴിയില്ല. അത് പാര്‍ട്ടിയെക്കൊണ്ട് വഹിപ്പിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല. ഇത് വിവാദമാക്കാന്‍ എനിക്ക് താല്‍പ്പര്യവുമില്ല'', ശ്രീലേഖ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates