പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്നു കടന്നു കളയാൻ ഉപയോഗിച്ച ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഏതു സാഹചര്യത്തിലാണ് രാഹുലിന് കാർ കൈമാറിയതെന്നു പൊലീസ് പരിശോധിക്കും. പാലക്കാട് നിന്നു പോകും മുൻപ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്നു മൊഴിയെടുത്തിരുന്നു.
അതിനിടെ എംഎൽഎ ആറാം ദിവസവും ഒളിവിലാണ്. രാഹുലിനെ കണ്ടെത്താനായി അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. കർണാടകയിലെ വിവിധയിടങ്ങളിലും പരിശോധന വ്യപിപ്പിച്ചിട്ടുണ്ട്. പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലും ആന്വേഷണ സംഘം പരതുന്നുണ്ട്. രാഹുലിന്റെ കൂട്ടുപ്രതിയായ ജോബി ജോസഫിനായും അന്വേഷണം ഊർജിതമാണ്.
യുവതിയെ രാഹുൽ ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചതിനു ഒട്ടേറെ തെളിവുകളുണ്ടെന്നു പൊലീസ് ഉറപ്പിക്കുന്നു. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.
യുവതി വിവാഹിതയാണെന്നു അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിനു ഫോട്ടോകളടക്കം തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഗർഭിണിയാകാൻ യുവതിയെ രാഹുൽ നിർബന്ധിച്ചു. ഗർഭിണിയായെന്നു അറിഞ്ഞതോടെ ഗർഭച്ഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗർഭച്ഛിദ്രം നടത്തിയത് എന്നു ഡോക്ടർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാഹുൽ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആളെന്നും ഒളിവിൽ പോയത് ഒട്ടേറെ തെളിവുകൾ നശിപ്പിച്ചാണെന്നും പൊലീസ് റിപ്പോട്ടിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates