തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് രക്ഷാകവചമൊരുക്കി സർക്കാർ. അടിയന്തര സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് താങ്ങാവുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന "രക്ഷാകവചം' പദ്ധതി തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അടിയന്തര ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
വേതന സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്‌ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ചിയാക്ക് വഴി നടപ്പിലാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് പദ്ധതിയാണിത്. 3.65 ലക്ഷത്തിലധികം സ്ഥാപനങ്ങളും 13 ലക്ഷത്തിലധികം തൊഴിലാളികളുമാണ് പദ്ധതിയിലുള്ളത്. വർക്ക്മെൻ കോംപെൻസേഷൻ ആക്‌ട് പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമെയാണിത്.
150 രൂപ വാർഷിക വിഹിതത്തിലൂടെ 25 ലക്ഷത്തോളം തൊഴിലാളികൾക്ക് സുരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് 2025–26 ബജറ്റിൽ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റ്, എഫ്‌ഐആർ, അനന്തരാവകാശ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ചിയാക്കിന്റെ ജില്ലാ ഓഫീസർക്ക് അപേക്ഷ നൽകണം. അർഹത ഉറപ്പുവരുത്തി എത്രയും വേഗം ധനസഹായം കൈമാറാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എല്ലാ തൊഴിലാളികളും പദ്ധതിയിൽ ചേരണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates