തിരുവനന്തപുരം: പി വി അന്‍വറിനെ യുഡിഎഫിനൊപ്പം കൂട്ടാന്‍ താനും പി കെ കുഞ്ഞാലിക്കുട്ടിയും അവസാനം വരെ ശ്രമിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ശ്രമം നടക്കാതെ പോയി. അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ മാര്‍ജിനിലുള്ള വിജയം യുഡിഎഫിന് ലഭിക്കുമായിരുന്നു. 25,000 വോട്ടിന്റെ ഭൂരിപക്ഷമാണ് താന്‍ പറഞ്ഞത്. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ അതിലേക്ക് എത്തിയേനെയെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണി സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കുന്നവരെ കൂടെക്കൂട്ടുക എന്നതാണ് യുഡിഎഫ് നയം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച അന്‍വറിനെയും കൂടെക്കൂട്ടാന്‍ ശ്രമിച്ചത്. ഇനി പി വി അന്‍വറിനെ മുന്നണിയില്‍ കൂടെ കൂട്ടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് യുഡിഎഫ് മുന്നണി യോഗം ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. താന്‍ മാത്രമായി അഭിപ്രായം പറയേണ്ട കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ ഈ ഇടതു സര്‍ക്കാരിനെ വെറുത്തിരിക്കുകയാണ്. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരില്‍ കണ്ടത്. പി വി അന്‍വര്‍ പിടിച്ചതും ഭരണവിരുദ്ധ വോട്ടുകളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉജ്ജ്വലമായ വിജയം നല്‍കിയ നിലമ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുകയാണ്. കനത്ത തോല്‍വി വഴങ്ങിയ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കുകയാണ് ചെയ്തത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സീറ്റുകള്‍ ഞങ്ങള്‍ നിലനിര്‍ത്തുകയാണ് ചെയ്തതെങ്കില്‍, നിലമ്പൂരില്‍ സീറ്റ് തിരിച്ചുപിടിക്കുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ടു തവണയും എല്‍ഡിഎഫ് വിജയിച്ച സീറ്റാണ് നിലമ്പൂര്‍. ആ സീറ്റാണ് യുഡിഎഫിനു വേണ്ടി ആര്യാടന്‍ ഷൗക്കത്ത് തിരിച്ചു പിടിച്ചിട്ടുള്ളത്. കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ അതിശക്തമായ കുത്തൊഴുക്കാണ് നിലമ്പൂരില്‍ കാണാന്‍ സാധിച്ചത്.
നിലമ്പൂരിലേത് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആണെന്ന് പറഞ്ഞിരുന്നു. ഇതില്‍ വിജയിച്ചിരിക്കുന്നു. 2026 ലെ ഫൈനലിലേക്ക് യുഡിഎഫ് ശക്തമായി കുതിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇനിയും അധികാരത്തില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മ്മികമായി അവകാശമില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ കാവല്‍ സര്‍ക്കാരായി മാറിയിരിക്കുന്നു. നിലമ്പൂരിലെ ഉജ്ജ്വല വിജയത്തില്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റേയും യുഡിഎഫിന്റേയും പ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Congress leader Ramesh Chennithala says he and PK Kunhalikutty tried until the end to bring PV Anvar with the UDF. But the attempt failed, says Chennithala
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates