അമൃത് പോലൊരു കാട്ടുതേൻ കേരളത്തിലുണ്ടെന്ന് നിങ്ങൾക്കറിയാമോ? സമുദ്രനിരപ്പിൽ നിന്ന് 5,700 അടി മുകളിൽ ചെങ്കുത്തായ പാറക്കെട്ടുകളിൽ നിന്നും സാഹസികമായി ഇത് വിളവെടുക്കുന്നത് കാട്ടുനായ്ക്കർ ആദിവാസി വിഭാഗത്തിൽ പെടുന്നവരാണ്.വയനാട്ടിലെ തിരുനെല്ലി ക്ഷേത്രമുൾപ്പെടുന്ന ബ്രഹ്മഗിരി മലനിരകളിൽപ്പെട്ട പക്ഷിപാതാളം പാറക്കെട്ടുകളിൽ നിന്നാണ് അതീവ രുചികരവും സാന്ദ്രത കൂടിയതുമായ ഈ തേനെടുക്കുന്നത്. നിബിഢ വനത്താൽ ചുറ്റപ്പെട്ട മലമുകളിൽ കൂറ്റൻ ഉരുളൻ പാറകളും ഗുഹകളുമുള്ള പക്ഷിപാതാളം അപൂർവയിനം പക്ഷികളുടെ വിഹാരകേന്ദ്രമാണ്. പാറമുനമ്പുകൾക്കടിയിലും വലിയ മരക്കൊമ്പുകളിലുമാണ് തേനീച്ചക്കൂടുകളുള്ളത്. ദുർഘടമായ യാത്രയും വന്യമൃഗങ്ങളുടെ ഭീഷണിയും മൂലം ഇവിടെ നിന്നുള്ള വിളവെടുപ്പ് വളരെ കുറവാണ്, വർഷത്തിൽ പരമാവധി 150 കിലോ മാത്രം.
പക്ഷിപാതാളത്തിൽ തേനെടുക്കാൻ തിരുനെല്ലിയ്ക്കടുത്തുള്ള ആക്കൊല്ലിക്കുന്ന് ട്രൈബൽ സെറ്റില്മെന്റിൽ നിന്നുള്ളവർ മാത്രമേ പോകാറുള്ളൂ. വന്യമൃഗങ്ങൾ ഏറെയുള്ള കാട്ടിലൂടെയുള്ള യാത്ര ശ്രമകരമാണെന്ന് ആക്കൊല്ലിയിലെ സുരേഷ് പറയുന്നു. സുരേഷടങ്ങുന്ന നാലഞ്ചാളുകളുടെ സംഘം വർഷങ്ങളായി അവിടെ പോകാറുണ്ട്. "ഈ സീസണിൽ ഞങ്ങൾ അഞ്ചാറു വട്ടം പോയി. പുലർച്ചെയാണ് പുറപ്പെടാറ്. പത്തിരുപത് കിലോമീറ്ററോളം സഞ്ചരിക്കണം. ദുർഘടമായ യാത്രയാണ്. ആന, കരടി, മലമ്പാമ്പ്, കാട്ടി (കാട്ടുപോത്ത്) എന്നിവയൊക്കെ വഴിയിൽ കാണും. ഈയടുത്ത് പോയപ്പോൾ ഒരു കടുവ ഞങ്ങൾക്ക് നേരെ ചീറിയടുത്തതാണ്. ടോർച്ചടിച്ചും ഒച്ചയുണ്ടാക്കിയുമാണ് രക്ഷപെട്ടത്," സുരേഷ് പറഞ്ഞു.
"അവിടെത്തിയാൽ പകൽ സമയം ഞങ്ങൾ നടന്ന് കൂടുകൾ എവിടെയൊക്കെയുണ്ടെന്ന് കണ്ടുവെക്കും. വലിയ ഉയരത്തിൽ കുത്തനെയുള്ള പാറ മുനമ്പുകൾക്കടിയിലാവും കൂടുകൾ തൂങ്ങിക്കിടക്കുക. രാത്രിയാണ് തേൻ എടുക്കുന്നത്. ഇരുട്ട് വീണാൽ പിന്നെ തേനീച്ചകൾ അക്രമോൽസുകാരായിരിക്കില്ല. കുത്തു കിട്ടുന്നത് കുറയും."
തേനെടുക്കൽ സാഹസികമായ പ്രവർത്തിയാണ്. സംഘത്തിലെ ഒരാൾ ചെങ്കുത്തായ പാറയുടെ മുകളിൽ നിന്ന് കയറിൽ തൂങ്ങി ഇറങ്ങി മുനമ്പിന് അടിയിലുള്ള കൂട് അടർത്തും. കൂടെയുള്ളവർ കയർ അഡ്‌ജസ്‌റ് ചെയ്യുകയും ജാഗ്രതയോടെ പരിസര നിരീക്ഷണവും നടത്തും. പക്ഷിപാതാളത്തിലെ തേനിന് രുചി കൂടാൻ കാരണം അവിടെ ധാരാളമായി കണ്ടു വരുന്ന മുരുള് മരത്തിന്റെ പൂവാണെന്നാണ് സുരേഷിന്റെ പക്ഷം. ഏത് വേനൽക്കാലത്തും പക്ഷിപാതാളത്തിൽ സുഖകരമായ കാലാവസ്ഥയാണ്. അത് കൊണ്ട് പുഷ്പങ്ങളുണ്ടാവുന്ന അനേകമിനം മരങ്ങളും ചെടികളും അവിടെയുണ്ട്.
വിഷു കഴിയുമ്പോഴാണ് വയനാട്ടിൽ കാട്ടു തേനിന്റെ വിളവെടുപ്പ് ആരംഭിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസങ്ങൾ. ആദിവാസി വിഭാഗമായ കാട്ടുനായ്ക്കരിലെ പരിചയസമ്പന്നരായ പുരുഷന്മാരാണ് വനാന്തർഭാഗങ്ങളിൽ നിന്ന് തേൻ കണ്ടെത്തി നാട്ടിലെത്തിക്കുന്നത്. ഇവരിൽ നിന്ന് തേൻ വാങ്ങി ശുദ്ധീകരിച്ച് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ചും വയനാട് കാണാനെത്തുന്ന വിനോദസഞ്ചാരികളുംക്ക്, വിൽക്കുന്നത് വനം വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ആദിവാസി സഹകരണ സംഘങ്ങളാണ്.
ബ്രഹ്മഗിരി മലനിരകൾ, കേരളവും കർണാടകവും അതിർത്തി പങ്കിടുന്ന തോൽപ്പെട്ടി വന്യജീവി സങ്കേതം എന്നിങ്ങനെയുള്ള വനങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേൻ വിൽക്കുന്നത് തിരുനെല്ലി ട്രൈബൽ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ്. തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അപ്പപ്പാറ എന്ന സ്ഥലത്താണ് സംഘത്തിന്റെ ആസ്ഥാനം. കാട്ടുതേൻ ഉൾപ്പെടെയുള്ള നിരവധി വന വിഭവങ്ങൾ ഇവിടെ നിന്ന് വാങ്ങാം. തങ്ങൾ സംഭരിക്കുന്നതിൽ ഏറ്റവും മികച്ച തേൻ ബ്രഹ്മഗിരി മലനിരകളിൽ നിന്നാണെന്ന് സൊസൈറ്റിയുടെ സെക്രട്ടറി സുനോജ് പറയുന്നു. തേയില വാർത്തയിലെ ടീ ടേസ്റ്റർ പോലെ തിരുനെല്ലി സൊസൈറ്റിയുടെ പ്രൊഫഷണൽ ഹണി ടേസ്റ്റർ കൂടെയാണ് സുനോജ്. ശാസ്ത്രീയ പരിശോധനകൾക്ക് പുറമെ തേൻ സംഭരണത്തിനായി കൊണ്ടുവരുന്ന എല്ലാ പാത്രങ്ങളിൽ നിന്നും സാമ്പിൾ ടെസ്റ്റിംഗിന്റെ ഭാഗമായി ഇദ്ദേഹം രുചി നോക്കേണ്ടതുണ്ട്.
"പ്രദേശത്തെ പൂക്കളുടെ ഗുണമാവാം ബ്രഹ്മഗിരി ഭാഗത്തെ തേനിന് പ്രത്യേക രുചിയാണ്. അതിൽ തന്നെ ഏറെ രുചികരമായത് പക്ഷിപാതാളം പാറക്കെട്ടുകളിൽ നിന്ന് സംഭരിക്കുന്ന തേനാണ്. ഈർപ്പം കുറവായതിനാൽ കട്ടിയും കൂടുതലാണ് അവിടെ നിന്നെടുക്കുന്ന തേനിന്. എത്തിച്ചേരാൻ ദുർഘടമായ അവിടേക്ക് തേനെടുക്കാൻ അധികം ആളുകൾ പോകാറില്ല. കഷ്ടിച്ച് 100-150 കിലോ തേനാണ് അവിടെ നിന്നും ഒരു വര്ഷം കിട്ടുന്നത്. ഇക്കൊല്ലം ഇത് വരെ 100 കിലോ ലഭിച്ചു," സുനോജ് പറഞ്ഞു.
വേനൽ മഴ വൈകിയെത്തിയത് കൊണ്ട് ഇക്കൊല്ലം തേനിന്റെ ലഭ്യത കൂടിയെന്ന് സുനോജ് പറഞ്ഞു. "കഴിഞ്ഞ വർഷം വേനൽ മഴ ശക്തമായിരുന്നത് കൊണ്ട് തേനിന്റെ ലഭ്യതയിൽ 70 ശതമാനത്തോളം കുറവുണ്ടായി. ഇക്കൊല്ലം ഇടവിട്ട് ചെറിയ മഴയാണ് പെയ്തത്. അത് കൂടുതൽ പൂക്കളുണ്ടാകാനും തേനിന്റെ ലഭ്യത കൂടാനും ഇടയായി," അദ്ദേഹം പറഞ്ഞു. മഴ ശക്തമായാൽ തേനീച്ചകൾ കൂട്ടിലെ തേൻ ആഹാരമാക്കുന്നതും തേൻ കുറയാൻ കാരണമാണ്. 2024 ൽ സംഘം ശേഖരിച്ചത് 12 ടൺ വൻ തേൻ, 7.71 ടൺ പുറ്റ് തേൻ, 450 കിലോയോളം ചെറുതേൻ ആണ്. കഴിഞ്ഞ വർഷം വൻതേൻ 3.85 ടൺ ആയും പുറ്റ് തേൻ 4.19 ടൺ ആയും കുറഞ്ഞു. ഇക്കൊല്ലം ഇത് വരെ സംഘം ശേഖരിച്ച കണക്കിങ്ങനെ - 10 ടൺ വൻ തേൻ, 5 ടൺ പുറ്റ് തേൻ, 400 കിലോ ചെറുതേൻ.
ആദിവാസി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് മാത്രമാണ് തേനും മറ്റ് വനവിഭവങ്ങളും ശേഖരിക്കാൻ വനവകുപ്പിന്റെ അനുമതിയുള്ളത്. 200 ഓളം പേരാണ് തിരുനെല്ലിയിലെ സൊസൈറ്റിയിൽ തേൻ നൽകുന്നത്. ഇവരൊക്കെ സംഘമായാണ് കാട്ടിൽ പോകുന്നത്. പ്രദേശത്ത് തേൻ വിളവെടുപ്പിൽ ഏർപ്പെടുന്നവരുടെ ആകെയെണ്ണം 500 നടുത്ത് വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates