​ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മലയാളികൾ പണമയക്കുന്നതിൽ വർധന  പ്രതീകാത്മക ചിത്രം
Kerala

ഇറാന്‍ യുദ്ധം ബാധിച്ചില്ല; ഗള്‍ഫ് മലയാളികളുടെ പണമയക്കല്‍ കൂടി, കണക്ക് ഇങ്ങനെ

പശ്ചിമേഷ്യന്‍ പ്രതിസന്ധി ആശങ്കകള്‍ വര്‍ധിപ്പിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കല്‍ നല്ലനിലയില്‍ മുന്നോട്ടുപോകുന്നതായി കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍

Author : രാജേഷ് രവി

കൊച്ചി: പശ്ചിമേഷ്യന്‍ പ്രതിസന്ധി ആശങ്കകള്‍ വര്‍ധിപ്പിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കല്‍ നല്ലനിലയില്‍ മുന്നോട്ടുപോകുന്നതായി കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍. പ്രവാസ ലോകത്ത് നിന്നുള്ള വരുമാനത്തെ വളരെയധികം ആശ്രയിക്കുന്ന കേരളത്തിന് ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്.

യുഎസ്-ഇറാന്‍ സംഘര്‍ഷവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും കേരളം അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന മൊത്തം പണത്തിന്‍റെ ഏകദേശം 19-20 ശതമാനവും കേരളത്തിലേക്കാണ് എത്തുന്നത്. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. ജിസിസി സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും വീട്ടുപയോഗം, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് നിക്ഷേപങ്ങള്‍, സംസ്ഥാനത്തിന്റെ പൊതുവായ സമ്പദ്വ്യവസ്ഥ എന്നിവയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഭൗമരാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെങ്കിലും കേരളത്തിലേക്കുള്ള പ്രവാസികളുടെ പണമയക്കല്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു എന്ന് ഫെഡറല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ വി എസ് മണിയന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ നാലാംപാദ ഫല കണക്കുകള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് കെ വി എസ് മണിയന്‍ ഇക്കാര്യം പറഞ്ഞത്. 'വന്‍തോതിലുള്ള തൊഴില്‍ നഷ്ടമോ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമോ ഉണ്ടാകാത്തിടത്തോളം ഈ അവസ്ഥയ്ക്ക് ഉടന്‍ മാറ്റമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. നിലവില്‍ ശുഭസൂചനകളാണ് കാണുന്നത്' - അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം ലഘൂകരിക്കപ്പെട്ടാല്‍ പോലും മേഖലയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ ആവശ്യം നിലനിര്‍ത്താനും പണമയക്കല്‍ ശക്തമായി തുടരാനും സഹായിക്കും. മുന്‍പും ഗള്‍ഫ് സമ്പദ്വ്യവസ്ഥകള്‍ ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ടെന്നും ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നും കോവിഡിന് ശേഷമുള്ള കാലഘട്ടത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ തുടങ്ങി എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നും മാര്‍ച്ചിലും ഏപ്രിലിലും ഫെബ്രുവരിയേക്കാള്‍ ഉയര്‍ന്ന പണമയക്കല്‍ രേഖപ്പെടുത്തിയതായി ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് പി വി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്ക് വഴി ഏകദേശം 2.74 ലക്ഷം കോടി രൂപയുടെ പ്രവാസി നിക്ഷേപമാണ് എത്തിയത്. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ മാന്ദ്യത്തിന്റെ സൂചനകളില്ലെന്നും ജോയ് പി വി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പല പ്രവാസികളും പതിവിലും നേരത്തെ പണം നാട്ടിലേക്ക് അയക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു ബാങ്കുകളിലും സമാനമായ പ്രവണതയാണുള്ളത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍ ആശങ്കാകുലരായ പ്രവാസികള്‍ പണം അയക്കുന്നതില്‍ വലിയ വര്‍ധന വരുത്തിയതായി ഇസാഫ് (ESAF) സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍ വി പറഞ്ഞു. എന്നാല്‍ ആ സാഹചര്യം ഇപ്പോള്‍ മാറി. ഗള്‍ഫ് സമ്പദ്വ്യവസ്ഥയിലുള്ള വിശ്വാസവും അനുകൂലമായ വിനിമയ നിരക്കും (Exchange rate) ഈ വര്‍ധനയ്ക്ക് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം പണമയക്കല്‍ കുറയാന്‍ കാരണമായേക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള വരുമാനം ഇന്ത്യയുടെ ആകെ പ്രവാസി വരുമാനത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗത്തോളം വരുന്നതിനാല്‍ ഈ പ്രതിസന്ധി രാജ്യത്തിന് ഏറെ നിര്‍ണ്ണായകമാണ്.

സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തിലും മാര്‍ച്ചില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ 30-35 ശതമാനം വര്‍ധന ഉണ്ടായതായി എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒഴിപ്പിക്കല്‍ ഭീതിയോ സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയോ കാരണം പ്രവാസികള്‍ മുന്‍കൂട്ടി പണം നാട്ടിലേക്ക് അയക്കുന്നതാണ് ഈ വര്‍ധനയ്ക്ക് കാരണം. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയ്ക്കല്‍ 13700-14000 കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

Remittances to Kerala robust despite West Asia crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു: മന്ത്രിസഭയിൽ സെങ്കോട്ടയ്യനും നിർമ്മൽ കുമാറും

Kerala CM Selection Live:മുഖ്യനാര്?സോണിയയുടെ നിലപാട് നിർണായകം

'ഹാപ്പിലൂപ്പില്‍' മഞ്ജു വാര്യര്‍; ഒപ്പം 'സു ഫ്രം സോ' താരം ജെപി തുമിനാടും

'കടിയേറ്റ പാടിലൂടെ കുറ്റവാളിയെ തിരിച്ചറിയാം', പെരുമ്പാവൂർ കേസിൽ ആപ്പിളും മാങ്ങയും കടിപ്പിച്ചതിലെ കാരണം പറഞ്ഞ് ഫോറൻസിക് വിദ​ഗ്ധൻ- വിഡിയോ

സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സേനയും സജന്യ വൈദ്യുതിയും; പുതിയ യുഗത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്

SCROLL FOR NEXT