കോഴിക്കോട്: കണ്ണൂര് സര്വകലാശാല അസോസിയേറ്റ് പ്രൊഫസര് നിയമനത്തില് വിശദീകരണവുമായി പ്രിയ വര്ഗീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. റിസര്ച്ച് സ്കോറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസത്തെ എഫ്ബി പോസ്റ്റില് തിരുത്തുമായാണ് പുതിയ കുറിപ്പ്. സര്വ്വകലാശാല റിസര്ച്ച് സ്കോര് പരിശോധിച്ചിട്ടില്ല എന്ന് താന് പറഞ്ഞു എന്നതരത്തിലാണ് വ്യാഖ്യാനങ്ങള് വന്നത്.
651 എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളില് ഇറക്കുമതി ചെയ്ത റിസര്ച്ച് സ്കോര് അവകാശവാദങ്ങള് സര്വ്വകലാശാല ഫിസിക്കല് വെരിഫിക്കേഷന് നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ് താന് പറഞ്ഞത്. സര്വ്വകലാശാലാ ചുരുക്കപ്പട്ടികയില് ഇടം പിടിച്ച ആറു പേരുടെയും 75പോയിന്റ് വരെയുള്ള അവകാശവാദങ്ങള് പരിശോധിച്ചിട്ടുണ്ട്. 2018 യുജിസി റെഗുലേഷന് പ്രകാരം അതേ ചെയ്യേണ്ടതുള്ളൂവെന്നും പുതിയ കുറിപ്പില് പ്രിയ വര്ഗീസ് വിശദീകരിക്കുന്നു.
ഓണ്ലൈന് അപേക്ഷയില് ഓണ്ലൈന് ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള് ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്കോര് കോളത്തില് തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള് നമ്മുടെ ആകെ സ്കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇതിന്മേല് സര്വ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കല് വെരിഫിക്കേഷന് )നടത്തിയിട്ടില്ല.
സാധാരണ ഇതു നടക്കാറുള്ളത് ഇന്റര്വ്യൂ ദിവസമാണ്. ഇന്റര്വ്യൂ ഓണ്ലൈന് ആയിരുന്നത്കൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങള് മാത്രമാണ്. സര്വ്വകലാശാല അത് മുഴുവന് പരിശോധിച്ചു വക വെച്ചു തന്നിട്ടുള്ളതല്ല എന്നായിരുന്നു പ്രിയ വര്ഗീസ് ഇന്നലത്തെ എഫ് ബി പോസ്റ്റില് പറഞ്ഞിരുന്നത്.
കുറിപ്പിന്റെ പൂര്ണരൂപം:
'എന്റെ ഫേസ് ബുക്ക് പോസ്റ്റിൽ സർവ്വകലാശാല റിസർച് സ്കോർ പരിശോധിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞു എന്ന വ്യാഖ്യാനവുമായിട്ടാണ് ഇന്നലെ ചാനൽ അവതാരങ്ങൾ അടുത്ത കാർഡ് ഇറക്കിയത്. എന്റെ fb പോസ്റ്റ് വായിച്ചവർക്ക് അറിയാം ഞാൻ പറഞ്ഞത്, 651എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളിൽ ഇറക്കുമതി ചെയ്ത റിസർച്ച് സ്കോർ അവകാശവാദങ്ങൾ സർവ്വകലാശാല ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ്. 'ആട് 'എന്നെഴുതിയാൽ 'പട്ടി ' എന്ന് വായിക്കുന്ന മാ. പ്ര കളോട് പറഞ്ഞിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചാനൽ അവതാരങ്ങളുടെ കപടഭാഷണങ്ങളും പാതി പറച്ചിലും വളച്ചൊടിച്ച് ഒട്ടിക്കലും കണ്ട് വിഷമിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണ് ഈ എഴുത്ത്.
1. സർവ്വകലാശാലാ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ആറു പേരുടെയും 75പോയിന്റ് വരെയുള്ള അവകാശവാദങ്ങൾ പരിശോധിച്ചിട്ടുണ്ട്. 2018 യു. ജി. സി റെഗുലേഷൻ പ്രകാരം അതേ ചെയ്യേണ്ടതുമുള്ളൂ.
2. പരിശോധിച്ച പ്രബന്ധങ്ങൾ ഇന്റർവ്യൂ ബോർഡ് അംഗങ്ങൾക്ക് അയച്ചു കൊടുത്തിട്ടും ഉണ്ട്.അഭിമുഖ പരീക്ഷയിൽ എന്നോട് അവ സംബന്ധിച്ച ചോദ്യങ്ങൾ ചിലർ ചോദിച്ചതിന്റെ കൂടി വെളിച്ചത്തിൽ ആണ് ഞാൻ ഇതു പറയുന്നത്.
3. എന്നാൽ 75നു മുകളിൽ അവകാശപ്പെട്ട സ്കോർന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല എന്നാണ് ഞാൻ ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞത്.
4. ഒരു സെനറ്റ് മാഷ് ചാനലിൽ വന്നിരുന്നു തള്ളിമറിക്കുന്നത് കേട്ടു ഇന്റർവ്യൂമാർക്ക് നിർണയത്തിലെ റിസർച്ച്,പബ്ലിക്കേഷൻ എന്നീ കോമ്പോണനന്റ്സ് മേൽപ്പറഞ്ഞ സ്കോർ അവകാശവാദങ്ങളെ മുൻനിർത്തിയാണ് ഇടേണ്ടത് എന്ന്! ഈ മഹാന് എത്ര ഇന്റർവ്യൂ ബോർഡുകളിൽ വിഷയവിദഗ്ധനായി ഇരുന്ന പരിചയം ഉണ്ടെന്ന് ചാനൽ ചിങ്കങ്ങൾ ഒന്നും ഇയാളോട് ചോദിക്കും എന്ന് നമുക്ക് മോഹിക്കാൻ വയ്യല്ലോ. ഈ സെനറ്റ് ഏമാൻ പറയുന്ന പോലെ ആണെങ്കിൽ ഈ രണ്ടു ഘടകങ്ങൾക്ക് മാർക്കിടാൻ അഞ്ചെട്ടു പേരെ യൂണിവേഴ്സിറ്റി ടി. എ &ഡി. എ കൊടുത്തു കൊണ്ടുവരേണ്ട കാര്യമുണ്ടോ? നേരിട്ട് ഈ അവകാശവാദത്തിന്റെ ശതമാനക്കണ
ക്ക് എടുത്തു വെച്ച് അങ്ങ് മാർക്ക് കൊടുത്താൽ പോരെ? ഈ മഹാനൊക്കെ നാളെ വലതുപക്ഷ സർക്കാർ വന്നാൽ വി. സി ആവുകയും ചെയ്യും പരീക്ഷാ വിഭാഗത്തിൽ മൊത്തം കമ്പ്യൂട്ടർ മാത്രം മതി എന്നും അധ്യാപകർക്ക് പകരം ക്ലാസ്സ് വീഡിയോകൾ പിള്ളേർക്ക് നല്ല കാശ് വാങ്ങി വിറ്റ് സർവ്വകലാശാലക്ക് ലാഭമുണ്ടാക്കാം എന്ന് തീരുമാനിക്കുകയും ചെയ്യും. അത്രക്കുണ്ട് പരീക്ഷാ പ്രക്രിയയെക്കുറിച്ചും ബോധന ശാസ്ത്രത്തെക്കുറിച്ചും ഒക്കെ ധാരണ. ശിവനെ കാപ്പാത്ത്
5. റിസർച്ചും പബ്ലിക്കേഷനും ഒക്കെ പരിശോധിക്കാൻ എന്തിനാ ഒരു അഭിമുഖപരീക്ഷ? അവിടെയാണ് ഈ റിസർച്ച് സ്കോർ അവകാശവാദങ്ങളെ കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കേണ്ടതിന്റെ ആവശ്യകത.2016റെഗുലേഷൻ മുതൽക്കാണ് പി. എച്. ഡി പ്രബന്ധം സമർപ്പിക്കുന്നതിന് മുൻപ് ഒരു പ്രസിദ്ധീകരണമെങ്കിലും വേണം തുടർന്ന്, അസി. പ്രൊഫസർ, അസോ. പ്രൊഫസർ, പ്രൊഫസർ തസ്തികളിലേക്കുള്ള എല്ലാ പ്രൊമോഷനുകൾക്കും /നിയമനങ്ങൾക്കും നിശ്ചിത എണ്ണം പ്രബന്ധങ്ങൾ വേണമെന്നും ഉള്ള നിഷ്കർഷ വരുന്നത്. യു. ജി. സി ചില നല്ല ഉദ്ദേശങ്ങളോടെ കൊണ്ടുവന്ന ഈ റെഗുലേഷൻ 'പ്രിഡേറ്ററി ജേർണലുകളുടെ കൊള്ളക്കും കാപട്യത്തിനും കൂടി കളമൊരുക്കി. രാജ്യത്തു തഴച്ചു വളർന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷകരുടെ ഇടയിലെ ധാർമികച്യുതിയും എല്ലാം ചേർന്ന് കാര്യങ്ങൾ കൂടുതൽ വഷളാക്കി. നിങ്ങളുടെ പ്രൊമോഷൻ വർഷം മുൻകൂട്ടി പറഞ്ഞു പൈസ ഏല്പിച്ചാൽ പ്രസിദ്ധീകരണങ്ങളും സെമിനാർ അവതരണങ്ങളും എന്തിന് അവാർഡ് ഉൾപ്പടെ റെഡിയാക്കി തരുന്ന സ്വകാര്യ കൺസൽട്ടൻസികൾ രംഗത്ത് വന്നു. ഇതിന്റെ ഇരകളായത് യഥാർത്ഥമായി പണിയെടുത്ത പാവം ഗവേഷകരായിരുന്നു. അവർ കഷ്ടപ്പെട്ട് ഒരു വർഷം അധ്വാനിച്ച് ഒരു ഗവേഷണപ്രബന്ധവുമായി പോകുമ്പോൾ കൺസൽറ്റൻസി വക 10എണ്ണവുമായി ചില അവതാരങ്ങൾ വരും. മണ്ണും ചാരി നിന്നവൻ..... എന്നൊക്കെ പറയും പോലെ അങ്ങ് കൊണ്ടുപോകും. ഗവേഷണ വിദ്യാർത്ഥികളുടെ അധ്വാനത്തിന്റെ പങ്ക് ഉളുപ്പില്ലാതെ ചൂഷണം ചെയ്യുന്ന ഗൈഡുമാരും ലേഖന സമാഹരണം എന്ന പേരിൽ സ്കോർ കൂട്ടുന്ന പരസ്പര സഹായ സഹകരണ സംഘങ്ങളും ഒക്കെയായി വ്യാജന്മാരുടെ പെരുപ്പം വല്ലാതെ കൂടിയപ്പോഴാണ് 2018 റെഗുലേഷനിൽ യു. ജി. സി പറഞ്ഞത് നിങ്ങൾ അധികം പെരുപ്പിച്ചുകൊണ്ടിങ്ങു വരണ്ട ഒരു മിനിമം ലെവലിൽ ഒക്കെ മതി എന്ന്. റിസർച് സ്കോർ ചുരുക്കപ്പട്ടിക തയ്യാർ ചെയ്യാൻ മാത്രം പരിഗണിച്ചാൽ മതി. റാങ്ക് പട്ടിക അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം മതി എന്ന യു. ജി. സി റെഗുലേഷൻ വരാനുണ്ടായ ചരിത്ര പശ്ചാത്തലം ഇതാണ്. ഇതൊന്നും മനസ്സിലാക്കാതെ ഭാര്യമാരെ തിരുകി കയറ്റാൻ ഉള്ള സൂത്രം എന്നൊക്കെ വിപ്ലവവിടുവായത്തം പറയുന്നവരെക്കുറിച്ച് എന്ത് പറയട്ടെ . അല്ലെങ്കിലും ആകാശത്തിന് കീഴിൽ സകല വിഷയങ്ങളെക്കുറിച്ചും ഞാൻ ആധികാരികമായി അഭിപ്രായം പറയാം എന്ന് അവകാശപ്പെടുന്ന ചില പട്ടക്കാരെയും പ്രഭുക്കന്മാരെയും നായകരെയും ഒക്കെ ചുമന്ന് നടക്കാൻ ഇപ്പോഴും ഇവിടെ ആളുണ്ടെന്നതാണല്ലോ നമ്മുടെ സാംസ്കാരിക രംഗത്തെ ദുർഗന്ധത്തിന് പ്രധാന കാരണം'.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates