ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതു ക്രൂരത; വിവാഹ മോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2022 12:09 PM  |  

Last Updated: 16th August 2022 12:09 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയാണെന്ന് ഹൈക്കോടതി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നതും ക്രൂരതയുടെ പരിധിയില്‍ വരുമെന്നും ഇതു വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സിഎസ് സുധയുടെയും നിരീക്ഷണം. ഭാര്യ തന്നെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം ക്രൂരത തന്നെയാണ്. ക്രൂരതയെന്നാല്‍ അതു ശാരീരിക പീഡനം തന്നെ ആവണമെന്നില്ലെന്ന്, വിവിധ വിധിന്യായങ്ങള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.

2019 ജനുവരിയിലാണ് കേസില്‍ ഉള്‍പ്പെട്ട ദമ്പതികളുടെ വിവാഹം നടന്നത്. പത്തു മാസത്തിനകം തന്നെ ഭാര്യ വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. മുന്‍കോപിയായ ഭര്‍ത്താവ് എപ്പോഴും ദേഷ്യപ്പെടുന്ന ആളാണെന്ന് ഭാര്യ ഹര്‍ജിയില്‍ പറഞ്ഞു. നിസ്സാര കാര്യങ്ങള്‍ക്കു പോലും ഭര്‍ത്താവ് വഴക്കിടും. പലപ്പോഴും ഇത് ശാരീരിക അക്രമത്തില്‍ എത്തും. വീട്ടില്‍ എല്ലാവരെയും മര്‍ദിക്കും. തന്നെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി താഴ്ത്തിപ്പറയുന്നത് പതിവാണെന്നും ഭാര്യ കോടതിയില്‍ ബോധിപ്പിച്ചു.

ക്രൂരത എന്നതിന് സമഗ്രമായ ഒരു നിര്‍വചനം സാധ്യമല്ലെന്ന്, ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കാലത്തിനും സാമൂഹ്യ മാറ്റങ്ങള്‍ക്കും ജീവിത നിലവാരത്തിനും അനുസരിച്ച് ക്രൂരതയുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കും. നിരന്തരമായ അധിക്ഷേപം, ലൈംഗിക ബന്ധം നിഷേധിക്കല്‍, അവഗണിക്കല്‍, അകല്‍ച്ചയോടെയുള്ള പെരുമാറ്റം, ചാരിത്ര്യശുദ്ധിയില്ലെന്നു വരുത്തിത്തീര്‍ക്കല്‍ തുടങ്ങിയവയെല്ലാം ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ലോകായുക്ത നിയമഭേദഗതി ബില്‍: മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പുയര്‍ത്തി സിപിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ