ലോകായുക്ത നിയമഭേദഗതി ബില്‍: മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പുയര്‍ത്തി സിപിഐ

ലോകായുക്ത നിയമ ഭേദഗതിയില്‍ ലോകായുക്ത വിധിയില്‍ പുനഃപരിശോധനാ അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്ന വ്യവസ്ഥയെയാണ് സിപിഐ എതിര്‍ക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാജനും/ ഫെയ്‌സ്ബുക്ക്
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാജനും/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത. മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് എതിര്‍പ്പ് അറിയിച്ചത്. ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ കൂടിയാലോചന നടത്തി മാത്രമേ നിയമം അവതരിപ്പിക്കാന്‍ പാടുള്ളൂ എന്നും സിപിഐ മന്ത്രിമാര്‍ പറഞ്ഞു. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബില്ലില്‍ മാറ്റം വരുത്തിക്കഴിഞ്ഞാല്‍ നിയമപ്രശ്‌നമുണ്ടാകുമെന്നും, ബില്ലിന്മേല്‍ പിന്നീട് ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ലോകായുക്ത വിധിയില്‍ പുനഃപരിശോധനാ അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്ന വ്യവസ്ഥയെയാണ് സിപിഐ എതിര്‍ക്കുന്നത്. ഇതിന് പകരം വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. 

ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്ന് റദ്ദായിപ്പോയ ലോകായുക്ത ഭേദഗതി അടക്കമുള്ള  ഓര്‍ഡിനന്‍സുകള്‍ ബില്ലായി അവതരിപ്പിക്കുന്നതിനായി ഈ മാസം 22 മുതല്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് ലോകായുക്ത ഭേദഗതി ബില്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്. 

ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കഴിയുന്നത് . ഈ വകുപ്പ് പ്രകാരം അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. 

ആർക്കെതിരെയാണോ വിധി അയാളുടെ നിയമന അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി. ലോകായുക്ത വിധിയെത്തുടർന്നാണ് മുൻമന്ത്രി കെ ടി ജലീലിന് രാജിവെക്കേണ്ടി വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com