കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോര്‍ട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കി. വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് കോടതി നടപടി. ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി.
അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഡിസംബര്‍ 30നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതില്‍ സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് യൂണിറ്റും എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയും സര്‍ക്കാരും പരാജയപ്പെട്ടെന്നും ഉത്തരവില്‍ പറയുന്നു
എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്നോ അതിന് എത്ര ഭൂമി വേണമെന്നോ റിപ്പോര്‍ട്ടുകളില്‍ കൃത്യമായി പറഞ്ഞിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ കൃത്യമായ അളവ് നിര്‍ണ്ണയിക്കാന്‍ പുതിയ സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പഠനസംഘത്തില്‍ വിമാനത്താവളം അടക്കം സാങ്കേതിക പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates