കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ജംഷഡ്പൂരിലെ ലാബില്‍ നടത്തിയ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ വിവരങ്ങളും കോടതിയെ അറിയിക്കും.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചിട്ട് ഏഴു മാസം കഴിഞ്ഞു. പ്രത്യേക അന്വേഷണസംഘം ( എസ്‌ഐടി ) സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന്, കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു. മിക്ക പ്രതികള്‍ക്കും സ്വാബാവിക ജാമ്യം കോടതി അനുവദിക്കുകയായിരുന്നു.
അതിനിടെ, സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിശദമായി വാദം കേള്‍ക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.
ഇതിന് തെളിവായി ഇരുവരും തമ്മിലുള്ള ശബ്ദസന്ദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ക്ഷേത്രത്തിലെ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയതാണെന്ന വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ വാദിച്ചിരുന്നു.
പ്രശാന്തിനും ഇന്ന് നിർണായകം
പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത്, 2025 ലെ സ്വർണം പൂശലിലും അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് അന്വേഷണം വേണമെന്നാണ് എസ്ഐടി ശുപാർശ ചെയ്തിട്ടുള്ളത്. ഇതിൽ ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates