Kandararu Rajeevaru  സ്ക്രീൻഷോട്ട്
Kerala

'ദൈവതുല്യരായ എത്രയോ പേരുണ്ട്, ഞാന്‍ എങ്ങനെ അറിയാനാണ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ടുവന്നത് ഞാനല്ല'

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ താന്ത്രികവിധിപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് അവിടെ താന്‍ ചെയ്തിട്ടുള്ളൂവെന്ന് തന്ത്രി കണ്ഠരര് രാജീവര്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ താന്ത്രികവിധിപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് അവിടെ താന്‍ ചെയ്തിട്ടുള്ളൂവെന്ന് തന്ത്രി കണ്ഠരര് രാജീവര്. തീരുമാനങ്ങള്‍ക്ക് ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്റെ ജോലിയെന്നും കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയാം. എന്നാല്‍ പോറ്റിയെ അവിടെ കൊണ്ടുവന്നത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.

'കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്താന്‍ പരിമിതിയുണ്ട്. എസ്‌ഐടിയെ കണ്ടു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണമുണ്ട്. താന്ത്രികവിധിപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് താന്‍ അവിടെ ചെയ്തിട്ടുള്ളൂ. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ വസ്തുക്കളുടെയെല്ലാം കസ്റ്റോഡിയന്‍ ദേവസ്വം ബോര്‍ഡ് ആണ്. അതില്‍ നമുക്ക് ഒരു ബന്ധവുമില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം. ഉണ്ണികൃഷ്ണന്‍ പോറ്റി അവിടെ വര്‍ക്ക് ചെയ്ത ആളല്ലേ. അറിയാതിരിക്കുമോ. പോറ്റിയെ കൊണ്ടുവന്നത് താനല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ എസ്‌ഐടിയോട് പറഞ്ഞിട്ടുണ്ട്.'- കണ്ഠരര് രാജീവര് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ സൂചിപ്പിച്ച 'ദൈവതുല്യര്‍ ആരെന്ന് തനിക്കറിയില്ലെന്നും കണ്ഠര് രാജീവര് പറഞ്ഞു. 'ദൈവതുല്യരായ എത്രയോ പേരുണ്ട്. ഞാന്‍ എങ്ങനെ അറിയാനാണ്'- കണ്ഠരര് രാജീവര് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

അതിനിടെ ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ഠരര് രാജീവര്,കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. എസ്ഐടി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുപ്പ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയുമെന്നും, പരിചയമുണ്ടെന്നും തന്ത്രിമാര്‍ മൊഴി നല്‍കി. ശബരിമലയിലെ പ്രവൃത്തികള്‍ തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും തന്ത്രിമാര്‍ അറിയിച്ചു.

ശബരിമലയില്‍ നടത്തുന്ന അറ്റകുറ്റപ്പണികളോ, മറ്റു പ്രവര്‍ത്തനങ്ങളോ ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനിക്കുന്നത്. ഇതൊന്നും തന്ത്രിമാര്‍ തീരുമാനിച്ച് ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നതല്ല. ആചാരപരമായ പ്രശ്നങ്ങളുണ്ടോ എന്ന കാര്യം മാത്രമാണ് തന്ത്രിമാരോട് ചോദിക്കാറുള്ളത്. കട്ടിളപ്പാളിയും ദ്വാരപാലകശില്‍പ്പങ്ങളും സ്വര്‍ണം പൂശാനും വാതില്‍ അറ്റകുറ്റപ്പണിക്കും ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരുമാണ് തീരുമാനമെടുത്തത്. ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ നിരന്തരം വരുന്നയാള്‍, നേരത്തെ കീഴ് ശാന്തിയായി ജോലി ചെയ്ത ആള്‍, ബംഗളൂരുവിലെ ക്ഷേത്രങ്ങളില്‍ ജോലി ചെയ്തയാള്‍ എന്നീ നിലകളിലുള്ള പരിചയം മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളത്. അതിനപ്പുറം മറ്റു ബന്ധങ്ങളോ, സാമ്പത്തിക ഇടപാടുകളോ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇല്ലെന്നും തന്ത്രിമാര്‍ അറിയിച്ചു. മഹസ്സര്‍ എഴുതി തയ്യാറാക്കിയത് ഉദ്യോഗസ്ഥരാണെന്നും നയപരമായ കാര്യങ്ങളിലൊന്നും തന്ത്രിമാര്‍ ഇടപെടാറില്ലെന്നും കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നല്‍കിയിട്ടുണ്ട്.

sabarimala gold theft case; Kandararu Rajeevaru reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്ത് ആശ്വാസം; അന്തിമ വിധി വരുംവരെ കരം സ്വീകരിക്കാം; ഹൈക്കോടതി ഇടക്കാല ഉത്തരവ്

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോറ്റമ്പി; പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

പരിശീലനത്തിനിടെ വളയത്തില്‍ തൂങ്ങി, പോസ്റ്റ് ദേഹത്ത് വീണ് ദേശീയ ബാസ്‌കറ്റ്ബോള്‍ താരത്തിന് ദാരുണാന്ത്യം, വിഡിയോ

പുഴുങ്ങിയ മുട്ട എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?

ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി കമ്മിഷന്‍; എല്ലാവര്‍ക്കും തന്നെ അറിയാമെന്ന് ബിജെപി സ്ഥാനാർത്ഥി

SCROLL FOR NEXT