പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കണ്ണും നട്ട് കാത്തിരിക്കുകയാണ് ഭക്തർ. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തർ നിറഞ്ഞു. വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം മകരവിളക്കുംകണ്ട് തീർഥാടകർ മലയിറങ്ങും.
സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയ്ക്ക് ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ദീപാരാധനയ്ക്കും മകരവിളക്കിനുംശേഷം രാത്രി 8.45ന് മകരസംക്രമ പൂജ നടക്കും. നെയ്യഭിഷേകവും തിരുവാഭരണങ്ങൾ അണിഞ്ഞുള്ള വിഗ്രഹ ദർശനവുമുണ്ടാകും.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദർശിച്ച് സായൂജ്യം നേടാനുമായി സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ തമ്പടിച്ചിട്ടുണ്ട്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. തീർഥാടകർക്ക് 19 വരെയാണ് ദർശനം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates