ശബരിമല File Photo
Kerala

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.38 ലക്ഷം തീര്‍ഥാടകരാണ് കുറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ശബരിമല: മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളില്‍ ശബരിമലയിലെത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.38 ലക്ഷം തീര്‍ഥാടകരാണ് കുറഞ്ഞത്. 2025ല്‍ നട തുറന്ന ശേഷമുള്ള ആദ്യ ആറ് ദിവസം എത്തിയത് 5.10 ലക്ഷം പേരാണ്. ഇത്തവണ അത് 2.71 ലക്ഷമായി കുറഞ്ഞു. തീര്‍ഥാടകരുടെ എണ്ണത്തില്‍ 47 ശതമാനം കുറവാണുണ്ടായത്. ഞായറാഴ്ച ദര്‍ശനം നടത്തിയത് 60,003 പേര്‍ മാത്രമാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ഭക്തരുടെ എണ്ണത്തില്‍ ആശങ്കപ്പെടത്തക്കവിധം കുറവുണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചത്. സീസണില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ നേരിയ കുറവുണ്ടായെങ്കിലും നിലവില്‍ കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. ഭക്തരെ ശാസ്ത്രീയമായി നിയന്ത്രിച്ച് പമ്പയില്‍ നിന്ന് കയറ്റിവിടുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഫലപ്രദമായ ഏകോപനവുമാണ് സന്നിധാനത്തു പതിവുള്ള വന്‍തിരക്ക് കുറയാന്‍ കാരണം. ഇതുമൂലം എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു.

അതേസമയം, അരവണ വില്‍പ്പനയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ ഇടിവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തിനുള്ളില്‍ 17 ലക്ഷം ഡപ്പി വിറ്റ സ്ഥാനത്ത് ഇത്തവണ എട്ട് ലക്ഷത്തോളം ഡപ്പികളാണ് ഇതുവരെ വിറ്റഴിച്ചത്. നിലവില്‍ 40 ഡപ്പി അരവണ കരുതല്‍ ശേഖരത്തിലുണ്ട്. ഭക്തരുടെ എണ്ണത്തിലെ കുറവാണ് അരവണ വില്‍പ്പനയെയും ബാധിച്ചതെന്നാണ് ദേവസ്വം ജീവനക്കാര്‍ പറയുന്നു. നടവരവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

തീർഥാടകരുടെ വരവ് പ്രതീക്ഷിച്ചതിലും കുറവായതോടെ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളെക്കുറിച്ച് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. പമ്പയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം വീണ്ടും തുറക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടെന്ന റിപ്പോർട്ടുകൾ ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) തള്ളി. പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പോട്ട് ബുക്കിങ് കേന്ദ്രം നിലയ്ക്കലിലേക്ക് മാറ്റണമെന്ന ഹൈക്കോടതി നിർദേശപ്രകാരം നിലയ്ക്കൽ തന്നെയായിരിക്കും പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രമെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താത്ത തീർഥാടകർക്ക് മണ്ഡലകാലത്ത് വീണ്ടും ബുക്കിങ് അനുവദിക്കില്ലെന്ന റിപ്പോർട്ടുകളും അധികൃതർ നിഷേധിച്ചു. ബുക്ക് ചെയ്ത സമയത്ത് എത്താൻ കഴിയാത്തവർക്ക് ആ ബുക്കിങ് കാലാവധി അവസാനിച്ചശേഷം പുതിയ സ്ലോട്ട് ബുക്ക് ചെയ്യാം. ഇക്കാര്യത്തിൽ അധിക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്നും എഡിഎം അറിയിച്ചു.

നിലയ്ക്കലിന് പുറമെ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിങ് സൗകര്യമുണ്ട്. തീർഥാടകരുടെ വരവ് കുറവായ സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മുൻ വർഷങ്ങളിൽ പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിലും ഈ സൗകര്യം ഉണ്ടായിരുന്നു. ഈ സീസണിൽ അനുവദിച്ച പ്രതിദിനം 14,000 സ്പോട്ട് ബുക്കിങ് സ്ലോട്ടുകളിൽ ഏകദേശം 10,000 എണ്ണവും നിലയ്ക്കലിലാണ് അനുവദിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്രയധികം സ്ലോട്ടുകൾ നിലയ്ക്കലിൽ അനുവദിച്ചത് കെഎസ്ആർടിസി ബസ് സർവീസുകൾ കൂടുതൽ തീർഥാടകർ ഉപയോഗിക്കുന്നതിന് വേണ്ടിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

അതേസമയം, വെർച്വൽ ക്യൂ സ്ലോട്ടുകൾ ടൂർ ഓപ്പറേറ്റർമാർ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതാണ് ബുക്കിങ്ങും യഥാർഥ തീർഥാടക വരവും തമ്മിലുള്ള അന്തരത്തിന് കാരണമെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഇതുവരെ ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളിൽ അനുവദിച്ച സ്ലോട്ടുകളുടെ എണ്ണം വർധിപ്പിച്ചിട്ടും തീർഥാടകരുടെ വരവ് ഉയരാത്തത് ദേവസ്വം ബോർഡിനും സർക്കാരിനും പുതിയ ആശങ്കയായിട്ടുണ്ട്.

Sabarimala Sees 47% Drop in Pilgrim Footfall; Only 2.71 Lakh Visit in First Six Days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്റെ പ്രവര്‍ത്തന ശൈലി': ഖാര്‍ഗെയെ കണ്ട് ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍

ലത്തിഫ് ഭട്ടിന്റെ വധം; ഹൈദരബാദില്‍ മുംബൈയ്ക്ക് സമാനമായ ഭീകരാക്രമണം നടത്തും; സുരക്ഷ ശക്തമാക്കി പൊലീസ്

ശബരിമല ദര്‍ശനം: നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് 24 മണിക്കൂറും

തിലക് വര്‍മയുടെ സെഞ്ച്വറി പാഴായി; പാകിസ്ഥാന്‍ എക്കെതിരെ 48 റണ്‍സിന് തോറ്റ് ഇന്ത്യ

കെഎസ്ആര്‍ടിസി ബസില്‍ ശുചിമുറി, വീല്‍ ചെയര്‍; വരുന്നൂ പുതിയ എസി ഫാസ്റ്റ് പാസഞ്ചര്‍