പത്തനംതിട്ട: മണ്ഡല- മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും. വൈകീട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍ നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാം പടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകള്‍ ഇല്ല. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനം തുടങ്ങും. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.
ഡിസംബര്‍ 2 വരെ വെര്‍ച്യുല്‍ ക്യൂ ബുക്കിങ്ങില്‍ ഒഴിവില്ല. 70,000 പേര്‍ ഡിസംബര്‍ രണ്ട് വരെ വെര്‍ച്യുല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തിട്ടുണ്ട്. 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശനം നടത്താം. തത്സമയ ബുക്കിങ് കൗണ്ടറുകള്‍ പമ്പ, നിലക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ്. ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും ഉണ്ട്.
മണ്ഡല- മകരവിളക്കുമായി ബന്ധപ്പെട്ട വിവരങ്ങളും പൂജാവിശേഷങ്ങളും ചുവടെ:
വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും.
സമയക്രമം:
രാവിലെ നട തുറക്കുന്നത്- 3 മണിക്ക്
നിര്‍മ്മാല്യം
അഭിഷേകം 3 മുതല്‍ 3.30 വരെ
ഗണപതി ഹോമം 3.20 മുതല്‍
നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ
ഉഷ പൂജ 7.30 മുതല്‍ 8 വരെ
നെയ്യഭിഷേകം 8 മുതല്‍ 11 വരെ
25 കലശം, കളഭം 11.30 മുതല്‍ 12 വരെ
ഉച്ചപൂജ 12.00 ന്
തിരുനട അടക്കല്‍ 1.00ന്
തിരുനട തുറക്കല്‍ വൈകീട്ട് മൂന്നിന്
ദീപാരാധന 6.30-6.45
പുഷ്പാഭിഷേകം 6.45 മുതല്‍ 9 വരെ
അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ
ഹരിവരാസനം 10.45
തിരുനട അടക്കല്‍ 11ന്
ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു
ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു. കൂടാതെ നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമുണ്ടാകും. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് മുഴുവന്‍ സമയവും ബിസ്‌കറ്റും ഔഷധ കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നട പന്തല്‍ മുതല്‍ പ്രത്യേക ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോളിക്കാര്‍ ഭക്തരെ ചൂഷണം ചെയ്യാതിരിക്കാന്‍ ദേവസ്വം വിജിലന്‍സിന്റെ പ്രത്യേക മോണിട്ടറിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം യഥേഷ്ടം ലഭിക്കുന്നതിന് മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലകയറി എത്തുന്ന ഭക്തര്‍ക്ക് കൈകാല്‍ വേദനകള്‍ക്ക് പരിഹാരമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ഫിസിയോ തൊറാപ്പി സെന്റര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും.
പമ്പയിലും സന്നിധാനത്തും ബോര്‍ഡിന്റെ ഓഫ് റോഡ് ആംബുലന്‍സ് സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടാതെ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്ട്രച്ചര്‍ സര്‍വ്വീസും ഉണ്ടാകും. പൊലീസ്, റവന്യൂ തുടങ്ങി എല്ലാ വകുപ്പുകളുമായുള്ള ഏകോപനത്തിന് മുതിര്‍ന്ന പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
മണ്ഡലപൂജ
ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നേ ദിവസം രാത്രി 10 നു നട അടച്ച ശേഷം ഡിസംബര്‍ 30 വൈകുന്നേരം 5 ന് നട തുറക്കും.
മകരവിളക്ക്
ജനുവരി 14നാണ് മകരവിളക്ക്. 14 മുതല്‍ 18 വരെ രാത്രി മാളികപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. ജനുവരി15 മുതല്‍ പടി പൂജ ഉണ്ടായിരിക്കും. ജനുവരി 18 ന് രാവിലെ കൊട്ടാരം വക കളഭാഭിഷേകം. അതിനു ശേഷം നെയ്യഭിഷേകം ഉണ്ടാവില്ല. 19ന് രാത്രിയാണ് മാളികപ്പുറത്ത് ഗുരുതി. അന്ന് മറ്റു വഴിപാടുകള്‍ ഇല്ല. 20 നു രാവിലെ കൊട്ടാരം പ്രതിനിധിക്കു മാത്രം ദര്‍ശനം നല്‍കി തിരു നട അടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates