VS Achuthanandan and SajeerKhan file
Kerala

"ഉള്ളിൽ മുഴുവൻ വിഎസ് അല്ലേ, അതാണ് വാക്കുകളായി വന്നത്, സമയമൊന്നും ഞങ്ങൾ അറിഞ്ഞതേയില്ല"

തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയ്ക്കൊപ്പം അനൗൺസ് ചെയ്ത് സജീർഖാൻ ആ അനുഭവം പങ്കുവെക്കുന്നു. 24 മണിക്കൂറിലേറെ സമയം തുടർച്ചയായി അനൗൺസ്മെന്റ് നടത്തിയ സജീർഖാൻ. വി എസ്സിനെകുറിച്ചുള്ള വാക്കുകൾ തന്നിലേക്ക് വന്ന വഴിയെ കുറിച്ച് സംസാരിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

"മരിച്ചാൽ കുഴിച്ചുമൂടാൻ ആറടിമണ്ണില്ലാത്തവരുടെ, അവകാശബോധത്തെ വിളിച്ചുണർത്തി, അവരുടെ ചങ്കിലെ ചോരയ്ക്ക് വിലയുണ്ടെന്ന് അവരെ പഠിപ്പിച്ച വി എസ്, .... അടിച്ചമർത്തപ്പെട്ടവരുടെ, അടിയാളവർ​ഗത്തി​ന്റെ നിസ്വജനവിഭാ​ഗങ്ങളുടെ അവകാശങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിച്ച്, പൊതുസമൂഹത്തി​ന്റെ അവിഭാജ്യഘടകമാക്കാൻ അവിരാമം പോരാടിയ വി എസ്. വി എസ് വിടപറയുകയാണ്", തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നവരുടെ ഹൃദയത്തിലേക്ക് ഉതിർന്ന് വീണതാണ് ഈ വാക്കുകൾ. വേർപാടി​ന്റെ വേദനകൊണ്ട് മുറിവേറ്റ ശബ്ദവും വി എസ്സിനെ കുറിച്ചുള്ള ഓർമ്മകളും ചേർന്ന് 24 മണിക്കൂറിലേറെ നേരം മുഴങ്ങിക്കേട്ട ആ വാക്കുകൾ, വി എസ്സിനെ ഒരു നോക്ക് കാണാൻ കാത്ത് നിന്നവരുടെ വികാരം കൂടെ ആവാഹിച്ചതായിരുന്നു.

തിരുവനന്തപുരത്ത് വി എസ് അച്യുതാനന്ദൻ താമസിച്ചിരുന്ന തമ്പുരാൻ മുക്കിൽ നിന്ന് സെക്രട്ടേറിയറ്റിലെ ദ‍ർബാർഹാളിലേക്ക് അവിടെ നിന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട് വരെ വി എസ്സി​ന്റെ അന്ത്യയാത്രയ്ക്ക് വഴിയൊരുക്കി ഈ ശബ്ദവുമുണ്ടായിരുന്നു. ആ അനൗൺസ്മെ​ന്റ് വാഹനം വി എസ്സി​ന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനത്തിന് മുന്നിലായി യാത്ര ആരംഭിച്ചത് 22 ന് രാവിലെ ഒമ്പത് മണിക്കാണ്. 23 ന് ഉച്ചയോടെയാണ് ആ വാഹനം ആലപ്പുഴയിലെ വി എസ്സി​ന്റെ വസതിയിലെത്തിയത്. അതുവരെ നിർത്താതെ പ്രിയനേതാവിനെ കുറിച്ചുള്ള അനൗൺസ്മെ​ന്റ് മുഴങ്ങിക്കൊണ്ടിരുന്നു. വഴിയോരത്ത് വിഎസ്സിനെ അവസാനമായി ഒരു നോക്ക് കാണാൻ മണിക്കൂറുകളോളം കാത്തുനിന്നവരിലേക്ക് എത്തിയ വികാരനിർഭരമായ ഈ ശബ്ദത്തിനുടമ തിരുവനന്തപുരം സ്വദേശി സജീർ ഖാൻ എസ് എന്ന യുവാവായിരുന്നു.

"തിരുവനന്തപുരം മുതൽ കൊല്ലം അതിർത്തിയായ കടമ്പാട്ടുകോണം വരെ പൈലറ്റ് വാഹനത്തിൽ അനൗൺസറായി പോകാനായിരുന്നു പാർട്ടി ആദ്യം നിർദ്ദേശിച്ചത്. എന്നാൽ രാത്രി വൈകി കടമ്പാട്ടുകോണത്ത് എത്തിയപ്പോൾ, അവിടെ നിന്നും ആലപ്പുഴ വരെ പോകണമെന്ന് പറഞ്ഞു. എന്നിൽ നിറഞ്ഞുനിന്ന വി എസ് എന്ന വികാരം എന്നെയും കൊണ്ട് ആലപ്പുഴ വരെ പോയി", 24 മണിക്കൂറിലേറെ തുടർച്ചയായി നടത്തിയ അനൗൺസ്മെ​ന്റിനെ തുടർന്നുള്ള മുറിവും വേദനയും കടിച്ചമർത്തി ഇടറിയ സ്വരത്തിൽ സജീർഖാൻ സമകാലിക മലയാളത്തോട് പറഞ്ഞു.

SajeerKhan

"ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല, വി എസ് എന്നും എനിക്കൊരു വികാരമായിരുന്നു. വി എസ്സിനെ കാണാൻ നിന്ന ഓരോരുത്തരും അവരുടെ വീട്ടിലെ, അവരുടെ സ്വന്തം ഒരാളുടെ വേർപാട് പോലെയാണ് കാണാൻ വന്നത്. അതു കാണുന്തോറും എന്നിലെ വി എസ്സ് വീണ്ടും ജീവിച്ചുകൊണ്ടേയിരുന്നു. വിടപറഞ്ഞ വി എസ്സിനെ കുറിച്ച് ഞാൻ പറയുന്ന ഓരോവാക്കുകളും ജീവനുള്ള വിഎസ്സായി എന്നിലേക്ക് കടന്നുവരുകയായിരുന്നു. അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. വി എസ്, ആ വികാരം എന്നെ മറ്റൊന്നും ഓർമ്മിപ്പിച്ചില്ല. എന്നെ മാത്രമല്ല, വാഹനം ഓടിച്ചയാളിനെയോ, ഒപ്പമുണ്ടായിരുന്ന മൈക്ക് ഓപ്പറേറ്റയെയോ. അതുകൊണ്ടാണ് വേലിക്കകത്ത് വീട് എത്തുന്നതുവരെ ചായ പോലും കുടിക്കാതെ ഞങ്ങൾ​ക്ക് പോകാനായത്."

"സമയമായിരുന്നില്ല പ്രശ്നം, കാരണം സമയം എത്രയായി എന്ന് ഞങ്ങൾ അറിഞ്ഞില്ല. ഓരോയിഞ്ചിലും കാത്തുനിൽക്കുന്ന ജനങ്ങൾ, അവരുടെ വിഷാദം നിറഞ്ഞ, വേദനയോടുള്ള വിടപറച്ചിൽ, അതുകാണുമ്പോൾ എ​ന്റെ ഉള്ളിലെ പിടച്ചിൽ അതിലേറെയാകും. വി എസ് എന്ന രണ്ടക്ഷരം അതായിരുന്നു എനിക്ക്, ഞങ്ങൾക്ക് എല്ലാം. വി എസ്സി​ന്റെ ആലപ്പുഴയിലെ വീട്ടിലെത്തി. പുറത്തിറങ്ങി വെള്ളം കുടിക്കുമ്പോൾ പറ്റുന്നില്ല, വേദന, ഉമിനീര് ഇറക്കുമ്പോൾ പോലും വേദനയായി. അപ്പോഴാണ് ഇത്രയധികം നേരം ഞാൻ അനൗൺസ് ചെയ്യുകയായിരുന്നുവെന്ന ബോധം പോലും എനിക്ക് വന്നത്." സജീർ പറഞ്ഞു.

ഐഎഫ്എഫ് കെയുടെ ഭാഗമായി സംഘടിപ്പിച്ച സ്മൃതിയാത്രയ്ക്ക് ശബ്ദം നൽകിയ സജീർ ഖാനെ ആദരിക്കുന്നു

"എഴുതി തയ്യാറാക്കിയതൊന്നുമായിരുന്നില്ല വി എസ്സിന് വേണ്ടി അനൗൺസ് ചെയ്തത്. ആദ്യമൊരു രൂപരേഖ ഉണ്ടായിരുന്നു. എന്നാൽ, വി എസ്സിനെ അവസാനമായി ഒന്നു കാണാൻ കാത്തുനിന്ന ആളുകൾ, അവരുടെ ആദരവ്, സ്നേഹം, വി എസ് എന്ന മനുഷ്യൻ, അദ്ദേഹത്തി​ന്റെ പ്രവർത്തനങ്ങൾ, രാഷ്ട്രീയം ഇതെല്ലാം എന്നിലേക്ക് പെയ്തിറങ്ങി, അപ്പോൾ, ഞാൻപറഞ്ഞ വാക്കുകൾ എ​​ന്റെ ഉള്ളിൽ നിന്നു ഉയർന്നു വന്നു. ഒന്നും തയ്യാറാക്കി പറഞ്ഞതോ ഓർമ്മിച്ചെടുത്തു പറഞ്ഞതോ അല്ല, വി എസ് എന്ന വികാരമായിരുന്നു ആ വാക്കുകൾ മുഴുവൻ."

സജീർഖാൻ എന്ന ശബ്ദകലാകാരൻ അനൗൺസ്മെ​ന്റ് രം​ഗത്ത് ഇന്ന് തിരുവനന്തപുരം ജില്ലയിൽ അറിയപ്പെടുന്ന കലാകാരനാണ്. വളരെ അവിചാരിതമായാണ് ഈ രം​ഗത്തേക്ക് സജീർ ഖാൻ എന്ന നെയ്യാറ്റിൻകര സ്വദേശി കടന്നുവന്നത്. "വിവിധ ട്രൂപ്പുകളിൽ മിമിക്രി അവതരിപ്പിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തിയുമൊക്കെ പോകുന്ന കാലത്ത്, പകരക്കാരനായാണ് ആദ്യമായി താൻ അനൗൺസറായി മാറുന്നത്. 1998ൽ നെയ്യാറ്റിൻകരയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിയുടെ കൂടെ പോകാനുള്ള അനൗൺസർ വന്നില്ല. പകരക്കാരനായി ജീപ്പിൽ കയറി ലൈവായി അനൗൺസ്മെ​ന്റ് തുടങ്ങി. പിന്നെ ഇന്ന് വരെ നിർത്തിയിട്ടില്ല". നേ‍രിയൊരു ചിരിയോടെ സജീർ പറഞ്ഞു.

ഏറെക്കാലമായി തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന വിവിധ പരിപാടികളുടെ അവതരണം നടത്തുന്ന ശബ്ദം സജീറി​ന്റേതാണ്. തിരുവനന്തപുരത്തുകാർക്ക് ഏറെ സുപരിചിതമായ ശബ്ദങ്ങളിലൊന്നാണിതിപ്പോൾ. രാഷ്ട്രീയ പാർട്ടിയുടെ കാര്യത്തിൽ സജീറിന് വിട്ടുവീഴ്ചയില്ല. എൽ ഡി എഫിന് വേണ്ടി മാത്രമേ സജീർ ശബ്ദം കൊടുക്കുകയുള്ളൂ. അതൊരു രാഷ്ട്രീയ പ്രവർത്തനമായാണ് സജീർ കാണുന്നത്. അല്ലാതെ ​ഗാനമേള ട്രൂപ്പുകൾക്ക് വേണ്ടി പാട്ടിനെയും ​ഗായകരെയും സദസ്സിന് മുന്നിൽ അവതരിപ്പിക്കുക, പരിപാടികൾക്ക് കോംപയർ ചെയ്യുക എന്നിവയൊക്കെ ചെയ്യും. സർക്കാർ പരിപാടികൾക്ക് വേണ്ടിയും സജീർ ഈ റോൾ നിർവഹിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സജീറി​ന്റെ ശബ്ദമാകും ജില്ലയിലെ എല്ലാ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ അനൗൺസ്മെ​ന്റ് വാഹനത്തിൽ നിന്നും കേൾക്കുക. കേരള ചലച്ചിത്ര അക്കാദമി കഴിഞ്ഞ വർഷം ഐ എഫ് എഫ് കെയുടെ ഭാ​ഗമായി സംഘടിപ്പിച്ച സ്മൃതിദീപ യാത്രയുടെ അനൗൺസ്മെ​ന്റ് സജീറായിരുന്നു. അനൗൺസ്മെ​ന്റിൽ ആദരവും സന്തോഷവുംതോന്നിയ സംഘാടകർ മാനവീയം വീഥിയിൽ നടന്ന സമാപന ചടങ്ങിൽ സജീറിനെ ആദരിക്കുകയും ചെയ്തു.

"വീട്ടിലാരും കലാകാരായിട്ടില്ല. എന്നാൽ അമ്മയുടെ അനിയത്തിയുടെ മകൻ ​ഗായകനാണ്. എന്ന് നി​ന്റെ മൊയ്തീൻ എന്ന സിനിമയിലെ മുക്കത്തെ പെണ്ണേ എന്ന പാട്ടെഴുതി പാടിയ മുഹമ്മദ് മക്ബൂൽ മൻസൂർ." അല്ലാതെ കലാപരമായ ബന്ധമൊന്നുമില്ല. സജീർ പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന സജീർ കോട്ടൺഹിൽ സ്കൂളിലെ പ്രീപ്രൈമറി വിഭാ​ഗത്തി​ന്റെ പി ടി എ പ്രസിഡ​ന്റ് കൂടെയാണ്. ഭാര്യ തൻസീനയും കോട്ടൺഹിൽ സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്ന മകൾ ദിയ, പ്രീ പ്രൈമറിയിൽ പഠിക്കുന്ന ഐറ എന്നിവരോടൊപ്പമാണ് താമസം. തദ്ദേശ, എക്സൈസ് മന്ത്രി എം ബി രാജേഷി​ന്റെ പേഴ്സണൽ സ്റ്റാഫിലാണ് സജീർ ഖാൻ നിലവിൽ ജോലി ചെയ്യുന്നത്.

Sajeer Khan, who was the announcer from Thiruvananthapuram to Alappuzha during VS Achuthanandan's mourning procession, recalls his experiences.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT