Rajeev Chandrasekhar and Nuns  ഫെയ്സ്ബുക്ക്
Kerala

'നമുക്കിനി പൊലീസും കോടതിയും വേണ്ട'; കന്യാസ്ത്രീകളുടെ മോചനത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ സംഘപരിവാര്‍ നേതാക്കള്‍

മതപരിവര്‍ത്തനം തടയുന്നത് തീവ്രവാദമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്ന് ആര്‍ വി ബാബു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും മനുഷ്യക്കടത്തിനും രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ബിജെപി കൈകാര്യം ചെയ്ത രീതിക്കെതിരെ സംഘപരിവാറില്‍ പ്രതിഷേധം.  കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് തങ്ങളുടെ ഇടപെടല്‍ മൂലമാണെന്ന കേരള ബിജെപി നേതൃത്വത്തിന്റെ നിലപാടാണ് സംഘപരിവാര്‍ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

നമുക്കിനി പൊലീസും കോടതിയും വേണ്ട. വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കന്മാര്‍ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന് എന്നാണ് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം സ്ഥാപകന്‍ സ്വാമി ചിദാനന്ദ പുരി അഭിപ്രായപ്പെട്ടത്. മതപരിവര്‍ത്തനം തടയുന്നത് തീവ്രവാദമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്ന് വിഎച്ച്പി നേതാവ് ആര്‍ വി ബാബു പറഞ്ഞു. കന്യാസ്ത്രീകളുടെ വിഷയത്തില്‍ നിയമനടപടികളില്‍ ഛത്തീസ് ഗഡ് സര്‍ക്കാര്‍ ഇടപെട്ടാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് ആര്‍വി ബാബു ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണുവെച്ച് യുഡിഎഫും എല്‍ഡിഎഫും ബിജെപിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതോടെ ബിജെപിക്ക് മറ്റു മാര്‍ഗമില്ലാതായി.മതപരിവര്‍ത്തനം തടയാന്‍ ആയിരക്കണക്കിന് ജ്യോതി ശര്‍മ്മമാര്‍ (കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്ത ബജ്റംഗ്ദള്‍ ഗ്രൂപ്പിന്റെ നേതാവ്) ഉയര്‍ന്നുവരണമെന്നും അപ്പോള്‍ മാത്രമേ സനാതന ധര്‍മ്മം വിജയിക്കുകയുള്ളൂവെന്നും ആര്‍ വി ബാബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഞങ്ങൾ ഗുണ്ടകളാണോ? മതം മാറ്റം നടത്തുന്നവരാണോ?

കന്യാസ്ത്രീകള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയും നിയമനടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നത് നിയമവ്യവസ്ഥയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിനിടെ താന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസുകള്‍ ചുമത്തിയപ്പോള്‍ രക്ഷയ്ക്കായി ഒരു ഗോഡ്ഫാദര്‍മാരും ഇല്ലായിരുന്നുവെന്ന് ശശികല ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തന്നെക്കൂടാതെ, എസ് ജെ ആര്‍ കുമാര്‍, ടി പി സെന്‍കുമാര്‍, കെ സുരേന്ദ്രന്‍, കെ എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് ആയിരത്തിനടുത്ത് കേസുകളില്‍ പ്രതികളാണ്.

കേസിനാസ്പദമായ സംഗതി നടന്ന ഒരു സ്ഥലത്തു പോലും ഞങ്ങളാരും ഉണ്ടായിട്ടില്ല. ലോകത്ത് ഒരു പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇത്രയധികം കേസുകള്‍ വ്യക്തികള്‍ക്കുമേല്‍ ചാര്‍ത്തിയ മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ടോ? ഒരു സ്ത്രീക്കുമേല്‍ ഏറ്റവുമധികം കേസുകള്‍ ചാര്‍ജ്ജു ചെയ്ത world Record ഉം തനിക്കാകും. ഇന്ന് പാവപ്പെട്ട കന്യാസ്ത്രീകള്‍ എന്ന് സംഗതിയും സാധനവും ഒപ്പിച്ച് പാടുന്നവരോട് ഒരു ചോദ്യം! താനടക്കം മേല്‍പറഞ്ഞവരെല്ലാം ആളെ കൊന്നിട്ടുള്ളവരാണോ? മോഷ്ടാക്കളാണോ ? ഗുണ്ടകളാണോ? മതം മാറ്റം നടത്തുന്നവരാണോ? ഞങ്ങളുടെ നിയമ നടപടികള്‍ ഒഴിവാക്കിത്തരാന്‍ ഞങ്ങളാരുടേയും കാലു ഇതുവരെ പിടിച്ചിട്ടില്ല. നാളെ പിടിക്കുകയുമില്ല. ഒരു ഗോഡ് ഫാദറും ഞങ്ങളുടെ രക്ഷക്ക് നാളിതുവരെ എത്തിയിട്ടുമില്ല. എത്തുമെന്നൊട്ട് പ്രതീക്ഷിച്ചുമല്ല ഞങ്ങള്‍ പോരാടിയത് എന്നാണ് കെ പി ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മുന്‍ സംസ്ഥാന പൊലീസ് മേധാവിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാര്‍, രാജീവ് ചന്ദ്രശേഖറിന്റെയും സംസ്ഥാന ബിജെപി നേതൃത്വത്തിന്റെയും നിലപാടിനെ പരിഹസിച്ചു. ബിജെപി കേരള പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ടീമും നടത്തിയ ഭഗീരഥ പ്രയത്‌നം മൂലമാണ്, മനുഷ്യക്കടത്തിന് ജയിലില്‍ പേകേണ്ടിയിരുന്ന കന്യാസ്ത്രീകളെ ജയില്‍ മോചിതരാക്കാന്‍ സാധിച്ചത്. ഇനി കേസ് കൂടി റദ്ദാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സെൻകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

അങ്ങനെ ഛത്തീസ്ഗഡില്‍ മനുഷ്യ കടത്തിന്റെയും നിര്‍ബന്ധിത മതം മാറ്റത്തിന്റെയും കേസില്‍ ജയിലില്‍ പോകേണ്ടിവന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടി ജയില്‍ മോചനമായി.

കേരള ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ജിയും ടീമും നടത്തിയ ഭഗീരഥപ്രയത്‌നമാണ് ഇത് ഇങ്ങനെ എത്താന്‍ കാരണം.

ഇനി കേസും 'ക്വാഷ് ' ചെയ്യാന്‍ സഹായം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഇതിനെല്ലാം കാരണം ബജ്രംഗ്ദള്‍ ആണല്ലോ.

വിഎച്പി അവരുടെ യുവജന വിഭാഗത്തിന് ഇനി കുറച്ചു നല്ല ഉപദേശങ്ങള്‍ നല്‍കണം.

ഇങ്ങനെ ആരെയെങ്കിലും പിടിച്ചു പോലീസില്‍ കൊടുക്കുകയും അവരുടെ ഭരണഘടനപരമായ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നതും തെറ്റാണ്.

ഇത്തരം പ്രേഷിത പ്രവര്‍ത്തനത്തിനും മറ്റും പാസ്റ്റര്‍മാരും കന്യാസ്ത്രീകളും വരുമ്പോള്‍ അവരെ നല്ലപോലെ സ്വാഗതം ചെയ്തു ആദരം നല്‍കുക.

എങ്ങനെയെന്നു വച്ചാല്‍, അവര്‍ ഒരു മുസ്ലിം ഗൃഹത്തിലോ, പ്രദേശത്തോ ഇതിനു വേണ്ടി ചെല്ലുമ്പോള്‍ അവര്‍ നല്‍കുന്ന ആദരവും സ്‌നേഹവും സൗകര്യങ്ങളും കണ്ടിട്ടില്ലേ?

അതുകൊണ്ടല്ലേ എസ്ഡിപിഐ പോലും കേരളത്തിലെ പ്രതിഷേധത്തില്‍ പങ്ക്‌ചേര്‍ന്നത്. ആ മുസ്ലിം സഹോദരര്‍ ചെയ്യുന്ന സ്വീകരണവും ആദരവും നിങ്ങളും കൊടുക്കുക. മുസ്ലീം സഹോദരരില്‍ നിന്ന് ബജ്രംഗ് ദള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട പലതുമുണ്ടെന്ന് വിഎച്പി അവരെ ഒന്ന് മനസ്സിലാക്കിക്കൊടുക്കുക .അല്ലാതെ വെറുതെ മാന്യന്മാരെ പിടിച്ചു കേസെടുപ്പിക്കയല്ല വേണ്ടത്.

BJP faces Sangh parivar heat over release of Malayali nuns from Chhattisgarh jail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT