കൊച്ചി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്ങ്: എ ജേര്‍ണി ഓഫ് ലവില്‍' സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ അനുകൂലിച്ച് ആം ആദ്മിയുടെ മുന്‍ സംസ്ഥാന കണ്‍വീനറും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ്. സോണിയ ഗാന്ധി ആത്മകഥയില്‍ എഴുതിയത് സത്യമാണെന്നും വളരെ വൈകിയാണ് ഇത് താനുള്‍പ്പടെയുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചതെന്നും സാറാ ജോസഫ് സമകാലിക മലയാളത്തോട് പറഞ്ഞു.
അന്നത്തെ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയും ആര്‍എസ്എസ്സും രഹസ്യമായി ആസൂത്രണം ചെയ്ത് പിന്തുണ നല്‍കിയ പ്രക്ഷോഭമായിരുന്നു അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്നത്. ഇത് തിരിച്ചറിയാതെ രാജ്യത്താകമാനമുള്ള ബുദ്ധി ജീവികളും സാമൂഹികപ്രവര്‍ത്തകരും ഈ സമരത്തിന് കീഴില്‍ അണി നിരക്കുകയായിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിനായി കൈ കോര്‍ത്തു. പക്ഷേ, പിന്നീടാണ് ബിജെപിയ്ക്കായി പ്രവര്‍ത്തിക്കുന്നു എന്ന് മനസിലായത്.
അണ്ണാ ഹസാരെയുടെയും കിരണ്‍ ബേദിയുടെ ഉദ്ദേശ ശുദ്ധിയില്‍ അന്നേ സംശയമുണ്ടായിരുന്നു. പാര്‍ട്ടിയ്ക്കുള്ളിലെ ഇത്തരത്തിലുള്ള പൊള്ളത്തരങ്ങള്‍ക്കെതിരെ ശബ്ദിച്ചും മനംമടുത്തുമാണ് ആംആദ്മിയില്‍ നിന്ന് രാജി വെച്ചത്. ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്ന് പറയുന്നതിനോട് പക്ഷേ, തനിയ്ക്ക് യോജിപ്പില്ലെന്നും സാറാ ജോസഫ് പറഞ്ഞു.
സോണിയ ഗാന്ധിയുടെ ആത്മകഥയില്‍ വന്ന പരാമാര്‍ശങ്ങളില്‍ സത്യമുണ്ടെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്ഠന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതി നടന്നു. ഇതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് വലിയ വികാരം ഉണ്ടായി. ആ വികാരം സമര്‍ത്ഥമായി ബിജെപി ഉപയോഗിക്കുകയായിരുന്നു. ഇന്ന് ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇടതു പക്ഷ നേതാക്കളും പിന്തുണയുമായി ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. അരുണ്‍ ജയ്റ്റ്‌ലിക്കൊപ്പം ഡി രാജയും വൃന്ദ കാരാട്ടും ഇരിക്കുന്ന ചിത്രം നാം കണ്ടതല്ലേ...?
ബിജെപിയ്ക്ക് ശക്തമായ അടിത്തറയുണ്ടാക്കാനായി അണ്ണ ഹസാരെയെ ഉപയോഗിക്കുകയായിരുന്നു. കോണ്‍ഗ്രസിനെ പിഴുതെറിയുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അവിടെ ആം ആദ്മി എന്ന പാര്‍ട്ടി വന്നതോടെ ബിജെപിയ്ക്ക് അന്ന് ഡല്‍ഹിയില്‍ ജയിക്കാന്‍ കഴിയാതെ പോയി. ഞാനുള്‍പ്പടെയുള്ളവര്‍ അഴിമതി രഹിത ഭാരതം എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് കൈകോര്‍ത്തത്. ബിജെപിയ്ക്ക് ഇതില്‍ അജണ്ടയുണ്ടെന്ന് പലര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല. ഇന്ന് ബിജെപിയെ പുറത്താക്കാനുള്ള ഇന്ത്യ മുന്നണിയുടെ സമരത്തില്‍ നിന്നും ആം ആദ്മി മാറി നില്‍ക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates