തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഉടന്‍ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടി മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് മൂന്നു ദിവസത്തിനകം മാനേജ്‌മെന്റ് മറുപടി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
മരിച്ച മിഥുന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും മാനേജ്‌മെന്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിടിഎ പുനഃസംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ കുട്ടി മരിക്കാനിടയായ വീഴ്ചയുണ്ടായ സംഭവത്തില്‍ സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടും. ഇതിനുശേഷം നടപടി തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പിഡി അക്കൗണ്ടില്‍ നിന്നും മൂന്നുലക്ഷം രൂപ നല്‍കും. കൂടുതല്‍ ധനസഹായം നല്‍കുന്നത് ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി എത്തിയശേഷം ആലോചിച്ച് മുന്തിയ പരിഗണനയോടെ തീരുമാനമെടുക്കുന്നതാണ്. മിഥുന് സ്വന്തമായി വീടില്ല. വളരെ പാവപ്പെട്ട കുടുംബമാണ്. അതിനാല്‍ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ വീടുവെച്ചു നല്‍കും. മിഥുന്റെ അനുജന് 12-ാം ക്ലാസ് വരെ പരീക്ഷാഫീസ് ഇളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ നടപടികളൊന്നും കുഞ്ഞിന്റെ ജീവനേക്കാള്‍ വലുതല്ലെന്ന് സര്‍ക്കാരിന് അറിയാം. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യും. നഷ്ടമായത് കേരളത്തിന്റെ മകനാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തെപ്പറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേപ്പറ്റി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തശേഷമാണ് നടപടി തീരുമാനിച്ചത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ്, ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായ സര്‍ക്കുലറാണ് നല്‍കിയത്. ഇത് വെറുതെ കയ്യില്‍പ്പിടിച്ച് നടക്കാനല്ല നല്‍കിയത്. എന്തു ചെയ്താലും ശമ്പളം ലഭിക്കുമെന്ന ചിലരുടെ സമീപനം വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates