മലപ്പുറം: ഒരു ഭാഷ മരിക്കുന്നത് എപ്പോഴാണ്? അതിലെ അവസാന വാക്കും മറന്നുപോകുമ്പോഴോ, അതോ ആ ഭാഷയിൽ സംസാരിക്കാൻ അവസാന മനുഷ്യനും ഇല്ലാതാകുമ്പോഴോ? ഡോ.പ്രമോദ് ഇരുമ്പുഴിക്ക് ഈ ചോദ്യത്തിന് മറുപടി പറയാൻ അധികം ആലോചിക്കേണ്ടി വരില്ല.
"ഇപ്പോൾ മൈഗുരുഡ് സംസാരിക്കാൻ ഞാൻ മാത്രമാണുള്ളത്. കേരളത്തിന്റെ ഏതെങ്കിലും ഭാഗത്ത് ആ ഭാഷ അറിയാവുന്ന ആരെങ്കിലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം തുടരുന്നത്." അദ്ദേഹത്തിന്റെ ശബ്ദത്തിൽ പ്രതീക്ഷയേക്കാൾ കൂടുതൽ കേൾക്കുന്നത് നഷ്ടത്തിന്റെ നിശ്ശബ്ദതയാണ്.
മലപ്പുറത്തെ ഒരു ഹയർസെക്കൻഡറി അധ്യാപകനായ ഡോ. പ്രമോദ് ഇരുമ്പുഴിയാണ് ഇന്ന് 'മൈഗുരുഡ്' എന്ന അപൂർവ രഹസ്യഭാഷയുടെ ഏക സംരക്ഷകൻ. മലബാറിലെ മാപ്പിള സമൂഹത്തിനിടയിൽ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഈ ഭാഷയെക്കുറിച്ച് ഇന്ന് പറയാനും എഴുതാനും പഠിപ്പിക്കാനും കഴിയുന്ന വ്യക്തിയും അദ്ദേഹം തന്നെ. വർഷങ്ങളുടെ പഠനത്തിനൊടുവിൽ അദ്ദേഹം എഴുതിയ 'മലപ്പുറം ഭാഷ മൈ ഗുരുഡ്' എന്ന പുസ്തകം, വിസ്മൃതിയിലേക്ക് വഴുതിവീഴുന്ന ഈ ഭാഷയുടെ ചരിത്രം രേഖപ്പെടുത്തുന്ന അപൂർവ ഗ്രന്ഥമാണ്.
ഒരു പുസ്തകത്തിലെ ഒറ്റ പരാമർശത്തിൽ തുടങ്ങിയ അന്വേഷണം
കാലിക്കറ്റ് സർവകലാശാലയിൽ പഠിക്കുന്ന കാലത്താണ് പ്രമോദ് ആദ്യമായി 'മൈഗുരുഡ്' എന്ന പേര് കേൾക്കുന്നത്. കെ.കെ. ബാബുരാജിന്റെ 'പാണൻമാരുടെ രഹസ്യഭാഷ' എന്ന പുസ്തകത്തിൽ മലപ്പുറത്തെ മാപ്പിളമാർക്കിടയിൽ 'മൈഗുരുഡ്' എന്നൊരു രഹസ്യഭാഷ ഉണ്ടായിരുന്നുവെന്ന ചെറിയൊരു പരാമർശം അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അത് വായിച്ചപ്പോൾ കൗതുകം തോന്നിയെങ്കിലും, ആ ഭാഷയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. അങ്ങനെ ആ അന്വേഷണം വർഷങ്ങളോളം മനസ്സിൽ കിടന്നു.
പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നതിനിടെ അച്ഛന്റെ ഇരുമ്പുഴിയിലെ ക്ലിനിക്കിൽ സഹായിച്ചിരുന്ന ദിവസങ്ങളിലൊന്നിലാണ് അപ്രതീക്ഷിതമായി ആ അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്. ക്ലിനിക്കിന് സമീപത്തെ ചായക്കടയിൽ രണ്ട് പേർ സംസാരിക്കുന്നു.വാലിയംകുഴിയിൽ മുഹമ്മദും തൊറപ്പ മുഹമ്മദും. അവർ സംസാരിക്കുന്നത് മലയാളമാണെന്ന് തോന്നുന്നില്ല. എന്നാൽ പരിചിതമായ ശബ്ദങ്ങളുമുണ്ട്. ആ സംഭാഷണമാണ് പ്രമോദിന്റെ ജീവിതം മാറ്റിമറിച്ചത്.
'ഇത് മൈഗുരുഡാണ്'
ആദ്യം ചോദിച്ചപ്പോൾ ഇരുവരും ഒന്നും പറയാൻ തയ്യാറായില്ല. വീണ്ടും വീണ്ടും ചോദിച്ചതിനൊടുവിൽ വാലിയംകുഴിയിൽ മുഹമ്മദ് ആ രഹസ്യം തുറന്നു പറഞ്ഞു."ഇത് മൈഗുരുഡാണ്. പഴയകാലത്ത് മലപ്പുറത്തെ മാപ്പിളമാർ ഉപയോഗിച്ചിരുന്ന രഹസ്യഭാഷ." അവിടെ നിന്നാണ് പ്രമോദിന്റെ യഥാർഥ പഠനം തുടങ്ങുന്നത്. ഭാഷയുടെ നിയമങ്ങളും അക്ഷരമാറ്റങ്ങളുടെ രീതിയും രഹസ്യവരികളും വാളിയകുഴിയിൽ മുഹമ്മദ് അദ്ദേഹത്തെ പഠിപ്പിച്ചു. പിന്നീട് ഇരുവരും കാണുമ്പോഴെല്ലാം മൈ ഗുരുഡുവിലായിരുന്നു സംഭാഷണം.
"സംസാരിച്ചുകൊണ്ടാണ് ഭാഷ പഠിച്ചത്. പുസ്തകങ്ങളിൽ കിട്ടാത്ത പല കാര്യങ്ങളും അദ്ദേഹത്തിൽ നിന്നാണ് മനസ്സിലാക്കിയത്," പ്രമോദ് പറയുന്നു.പക്ഷേ ആ പഠനകാലം അധികം നീണ്ടില്ല.വാലിയംകുഴിയിൽ മുഹമ്മദും പിന്നീട് തൊറപ്പ മുഹമ്മദും മരണപ്പെട്ടു. "അവരുടെമരണശേഷം മൈഗുരുഡ് നന്നായി സംസാരിക്കുന്നവരെ കണ്ടെത്തുക വളരെ പ്രയാസമായി."
പഠനത്തിൽ നിന്ന് സംരക്ഷണത്തിലേക്ക്
ഒരു ഭാഷ പഠിക്കുക എന്നതിൽ ഒതുങ്ങിയില്ല പ്രമോദിന്റെ ശ്രമങ്ങൾ. മറിച്ച്, ആ ഭാഷ ഇല്ലാതാകാതിരിക്കാൻ എന്ത് ചെയ്യാമെന്ന അന്വേഷണമായിരുന്നു പിന്നീട്. മലപ്പുറം, മഞ്ചേരി, ഇരുമ്പുഴി എന്നിവിടങ്ങളിൽ മൈ ഗുരുഡു അറിയുന്നവരെയും പഠിക്കാൻ താൽപര്യമുള്ളവരെയും ഒരുമിപ്പിച്ച് വാർഷിക സംഗമങ്ങൾ സംഘടിപ്പിച്ചു. പ്രായമായവർ തങ്ങൾക്കറിയാവുന്ന വാക്കുകൾ പങ്കുവച്ചു. യുവാക്കൾ ഭാഷ പഠിക്കാൻ എത്തി. മറഞ്ഞുപോകുമെന്ന് കരുതിയ ഒരു ഭാഷയ്ക്ക് പുതിയ ജീവൻ കിട്ടുന്നതുപോലെയായിരുന്നു ആ ദിവസങ്ങൾ.
എന്നാൽ കോവിഡ് മഹാമാരി ആ മുന്നേറ്റത്തിനും തിരിച്ചടിയായി. നേരിട്ടുള്ള സംഗമങ്ങൾ അവസാനിച്ചതോടെ ഭാഷാപഠനവും ചർച്ചകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് മാറി. പതിനഞ്ചോളം ഗ്രൂപ്പുകളിൽ മൈഗുരുഡു പഠനവും സംഭാഷണവും സജീവമായിരുന്നു. പക്ഷേ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. പ്രായമായവർ ഒരോരുത്തരായി വിടവാങ്ങി. പുതിയ തലമുറയിൽ പഠിച്ചവർക്കും സംസാരിക്കാൻ കൂട്ടാളികളില്ലാതായി.
ഒടുവിൽ ഗ്രൂപ്പുകളും നിശ്ശബ്ദമായി.മൈഗുരുഡുവിൽ പ്രാവീണ്യമുണ്ടായിരുന്ന കരക്കടവത്ത് ഹസനും മരിച്ചതോടെ പ്രമോദ് ഏതാണ്ട് ഒറ്റയ്ക്കായി.
ഒരു രഹസ്യഭാഷയുടെ കഥ
മൈഗുരുഡുവിന്റെ ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നാണ് പ്രമോദിന്റെ പഠനം.ചരിത്രകാരൻ എ.കെ. കൊടൂരിന്റെ 'ആംഗ്ലോ ഇന്ത്യൻ' എന്ന പുസ്തകത്തിൽ ഈ ഭാഷയെക്കുറിച്ച് പരാമർശമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടുമുതൽ ഇത് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു.
ജന്മിമാരുടെ നിരീക്ഷണവും നിയന്ത്രണവും ശക്തമായിരുന്ന കാലത്ത് പരസ്പരം ആശയവിനിമയം നടത്താൻ കർഷകരും സാധാരണക്കാരും ഈ രഹസ്യഭാഷ ഉപയോഗിച്ചിരുന്നുവെന്നാണ് വിശ്വാസം. മലബാർ കലാപത്തിന്റെ സമയത്തു ജയിലിൽ അടക്കപ്പെട്ട മാപ്പിളമാർ മൈഗുരുഡാണ് ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്.
മലയാളത്തിലെ അക്ഷരങ്ങൾക്ക് പകരം മറ്റക്ഷരങ്ങൾ ഉപയോഗിക്കുന്ന പ്രത്യേക രീതിയിലാണ് മൈ ഗുരുഡു രൂപപ്പെട്ടത്. ഉദാഹരണത്തിന് 'ച'യ്ക്ക് പകരം 'റ'യും 'ന'യ്ക്ക് പകരം 'പ'യും ഉപയോഗിക്കും. പുറത്തുനിന്ന് കേൾക്കുന്നവർക്ക് അത് മനസ്സിലാകില്ല. എന്നാൽ ഭാഷ അറിയുന്നവർക്ക് സംഭാഷണം വ്യക്തമായിരിക്കും.
ബീഡി തൊഴിലാളികളുടെ ഭാഷ
മലബാറിലെ ബീഡി വ്യവസായം സജീവമായിരുന്ന 1950-60 കാലഘട്ടത്തിൽ മൈ ഗുരുഡു വീണ്ടും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ബീഡി കമ്പനികളിലെ തൊഴിലാളികൾ തമ്മിലുള്ള ആശയവിനിമയത്തിനും പലപ്പോഴും ഈ ഭാഷ ഉപയോഗിച്ചിരുന്നു.പക്ഷേ കാലം മാറി. ബീഡി കമ്പനികൾ ഒന്നൊന്നായി അടച്ചുപൂട്ടി. തൊഴിലാളികൾ ചിതറിപ്പോയി. അതിനൊപ്പം ഭാഷയും ജീവിതത്തിൽ നിന്ന് പതിയെ അപ്രത്യക്ഷമായി.
മലപ്പുറത്തിനപ്പുറവും മൈഗുരുഡ്
ആദ്യകാലത്ത് മലപ്പുറത്ത് മാത്രമാണ് മൈഗുരുഡ് പ്രചാരത്തിലുണ്ടായിരുന്നതെന്നാണ് പ്രമോദ് കരുതിയത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണങ്ങൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. തൃശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലും ഈ ഭാഷയുടെ സാന്നിധ്യത്തിന്റെ തെളിവുകൾ കണ്ടെത്താനായി. അതോടെ മൈഗുരുഡ് മലപ്പുറത്തിന്റെ മാത്രം ഭാഷയല്ലെന്നും മലബാറിന്റെ വിശാലമായ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടിരുന്ന ഒരു ആശയവിനിമയ രീതിയാണെന്നും വ്യക്തമായി.
അന്വേഷണം ഇപ്പോഴും തുടരുന്നു
ഡോ. പ്രമോദിന്റെ കൈവശം ഇന്ന് മൈഗുരുഡിന്റെ വാക്കുകളുണ്ട്. അതിന്റെ നിയമങ്ങളുണ്ട്. ചരിത്രമുണ്ട്. പക്ഷേ ആ ഭാഷയിൽ മറുപടി പറയാൻ ഒരാളില്ല. എങ്കിലും അന്വേഷണം അദ്ദേഹം അവസാനിപ്പിച്ചിട്ടില്ല. കേരളത്തിന്റെ എവിടെയെങ്കിലും, പ്രായത്തിന്റെ ഓർമച്ചുരുളുകളിൽ ഇപ്പോഴും മൈ ഗുരുഡുവിന്റെ ഏതാനും വാക്കുകൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരാളെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നത്.കാരണം, ഒരു ഭാഷയെ ജീവനോടെ നിലനിർത്തുന്നത് പുസ്തകങ്ങളല്ല. ആ ഭാഷയിൽ സംസാരിക്കുന്ന മനുഷ്യരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates