തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ താന്‍ നിരപരാധിയെന്നാണ് ജാമ്യഹര്‍ജിയിലെ രാഹുലിന്റെ വാദം. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ല, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഹുല്‍ അവകാശപ്പെടുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്.
പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്ന് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്, ഇതിന് പിന്നില്‍ രാഷ്ടീയ ലക്ഷ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്ക് നേരിട്ട പരാതി നല്‍കിയതിലും ഇത്തരം നീക്കങ്ങള്‍ സംശയിക്കുന്നു. തനിക്കെതിരെ പൊലീസ് നടത്തുന്ന അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുല്‍ പറയുന്നു. പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകനാണ്. പരാതിക്ക് പിന്നില്‍ ബിജെപി - സിപിഎം ബന്ധമാണ്. പ്രതിപക്ഷത്തെ യുവ നേതാവ് എന്ന നിലയിലാണ് തന്നെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആരോപണങ്ങള്‍ എന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎന്‍എസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്‍എസ് 64- എം ( തുടര്‍ച്ചയായ ബലാത്സംഗം ), ബിഎന്‍എസ് 64- എച്ച് ( ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം), ബിഎന്‍എസ് 89 ( നിര്‍ബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2024 മാര്‍ച്ച് നാലിന് പരാതിക്കാരിയുടെ ഫ്ലാറ്റില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തുവെന്നുള്‍പ്പെടെയാണ് യുവതിയുടെ പരാതി. 2025 ഏപ്രിലില്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു. 2025 മെയ് മാസം അവസാനം രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates