shyam sundar 
Kerala

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവും

Author : SANAL DEV B

മുസ്ലീം ലീഗിനെ കുറിച്ച് അറിയാത്തവര്‍ ആണ് ലീഗിനെതിരെ വര്‍ഗീയത ആരോപിക്കുന്നതെന്ന് മുസ്ലീംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സി ശ്യാംസുന്ദര്‍. ബിജെപിയിലെ അബ്ദുള്ളക്കുട്ടിയാണ് ലീഗില്‍ താനെന്നുള്ള വിമര്‍ശനം അടിസ്ഥാനരഹിതമാണ്. മതേതര പാര്‍ട്ടിയാണ് ലീഗ് എന്ന് കാണിക്കാനാണ് തനിക്ക് ഉന്നത സ്ഥാനം തന്നതെന്ന ആരോപണവും തള്ളിക്കളയുന്നു. 16 വര്‍ഷമായി താന്‍ ലീഗില്‍ ഉണ്ട്. പിണറായി-വിഎസ് ചേരിപ്പോരിന്റെ ഇരയാണ് താന്‍. സിപിഎം വിട്ടപ്പോള്‍ വിഎസ് ഫോണ്‍ വിളിച്ചിരുന്നു. അന്ന്, ഫോണെടുത്തിരുന്നെങ്കില്‍ തന്റെ ഭാവി മറ്റൊന്നായേനെ... മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്ന പദവിയില്‍ എത്തിയതിനുശേഷം, ആദ്യമായി ശ്യാംസുന്ദര്‍ തന്റെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ ജീവിതവും ഗുരുവായൂരപ്പനോട് ബാല്യം മുതലുള്ള ആരാധനയും തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സമകാലിക മലയാളത്തില്‍.....

2010ല്‍ വിഭാഗീയതയെ തുടര്‍ന്ന് സിപിഎം വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്നു. ഇപ്പോള്‍ ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷനായി പാര്‍ട്ടി താങ്കളെ നിയമിച്ചിരിക്കുന്നു. പ്രതീക്ഷിച്ചിരുന്നോ...?

'സര്‍പ്രൈസായിരുന്നു...' ഒരിക്കലും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ഞാന്‍ ശ്രമിച്ചിട്ടില്ല. അതിനുവേണ്ടി ചരടുവലികള്‍ നടത്തിയിട്ടില്ല... 16 വര്‍ഷമായി ലീഗിന്റെ സാധാരണ പ്രവര്‍ത്തകനായി ഞാനുണ്ട്. പാര്‍ട്ടിയുടെ പഞ്ചായത്ത് കൗണ്‍സില്‍ അംഗമായി തുടങ്ങി പിന്നീട് പടിപടിയായി ഉയരുകയായിരുന്നു...

സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പൊടുന്നനെ വൈസ്പ്രസിഡന്റായി തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ യു സി രാമനൊക്കെ സംസ്ഥാന പദവിയിലേക്ക് വന്നിരുന്നെങ്കിലും ആദ്യമായി വൈസ് പ്രസിഡന്റ് സ്ഥാനം തനിക്ക് പാര്‍ട്ടി തന്നപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. വേര്‍തിരിവ് ഇല്ലാത്ത പാര്‍ട്ടിയാണ് ലീഗ്. വലിയ ദൗത്യമാണ് പാണക്കാട് തങ്ങള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നിലപാടും അനുകൂലഘടകമായി അല്ലേ...?

സാദിഖലി ശിഹാബ് തങ്ങള്‍ ഇക്കുറി നിശ്ചയദാര്‍ഢ്യത്തോടെയാണ് ഒരാള്‍ക്ക് ഒരു പദവി മതി എന്ന തീരുമാനം കൈക്കൊണ്ടത്. സ്വാഭാവികമായും അതും ഒരുഘടകമാണ്. ജനപ്രതിനിധി എന്നുള്ള നിലയില്‍ ഒരു നേതാവിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം പുലര്‍ത്താന്‍ ഒരുപാട് പദവികള്‍ ഉണ്ടെങ്കില്‍ സാധ്യമല്ലെന്ന് അദ്ദേഹത്തിനറിയാം.. അത് മന്ത്രി, എംഎല്‍എ, എംപി തുടങ്ങി പഞ്ചായത്ത് തലം വരെയുള്ളവരില്‍ നടപ്പിലാക്കാന്‍ സാധിച്ചു. പിന്നെ 16 വര്‍ഷങ്ങളായി ഞാനീ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഒരു ഫലം കൂടിയാണ് ഈ പദവി.

മറ്റൊരു മതവിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഉന്നതപദവിയിലേക്ക് കൊണ്ടുവന്നത് ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് സ്ഥാപിക്കാന്‍ കൂടിയാണെന്ന് പറഞ്ഞാല്‍....?

നിഷേധിക്കും. അങ്ങനെ ഒരു ഇതരമതത്സനെ മുന്‍നിരയില്‍ പ്രതിഷ്ഠിച്ചിട്ട് മതേതര മുഖം കാണിക്കേണ്ട കാര്യം മുസ്ലീം ലീഗിനില്ല. ലഡുവിന്റെ മുകളില്‍ മുന്തിരി വെച്ചിട്ട് മുന്തിരിക്ക് മുകളിലാണ് ലഡു എന്ന് പറയുന്നതുപോലെയാണത്. ലീഗിന്റെ കൂടെ മുസ്ലീം എന്നുള്ള പേരുള്ളതുകൊണ്ടാണ് ഇതൊരു മതപാര്‍ട്ടിയാണെന്ന് പലരും വര്‍ഗീയ ചാപ്പകുത്തുന്നത്. മതപരമായ ബാലന്‍സിംഗിനു വേണ്ടി 10 മുസ്ലീമും 2 ഹിന്ദുവും 2 ക്രിസ്ത്യനും എന്നുള്ള നിലക്ക് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അല്ല.

മുസ്ലീം ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്നത് ഈ പാര്‍ട്ടിയുടെ ലക്ഷ്യം തന്നെയാണ്. അതിനു വേണ്ടി ഇതര പാര്‍ട്ടികളുടെ അവകാശങ്ങള്‍ തട്ടിപ്പറിക്കാറില്ല... താല്‍പ്പര്യം ഹനിക്കുക എന്ന നിലാപാടേ ഇല്ല. ദലിത് വിഭാഗത്തില്‍ നിന്നുള്ള ജയന്തിരാജന്റെ കാര്യം തന്നെ നോക്കൂ... അവര്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി കൂത്തുപറമ്പില്‍ നിന്ന് മത്സരിച്ചില്ലേ... ഒരു ജയന്തിയും ശ്യാംസുന്ദറും മാത്രമല്ല, ഇതര മതത്തില്‍ നിന്നുള്ള ഒത്തിരിപേര്‍ ഈ പാര്‍ട്ടിയില്‍ ഉണ്ട്.

ഒരു തരത്തില്‍ പറഞ്ഞാല്‍ ബിജെപിയില്‍ അബ്ദുള്ളക്കുട്ടി എങ്ങനെയാണോ, അതുപോലെയല്ലേ ലീഗില്‍ താങ്കളും...?

അങ്ങനെ ഒരു താരതമ്യമേ തെറ്റാണ്... യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവര്‍ ആണ് അത് പറയുന്നത്. ഞാന്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ട്രഷറര്‍ ആയിരുന്നപ്പോള്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമിതി അംഗമാണ് അബ്ദുള്ളക്കുട്ടി. അദ്ദേഹവും ഇതുപോലെ വിഭാഗീയതയില്‍ പെട്ട് വലഞ്ഞ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ പോയി. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എ ആയി.

എംഎല്‍എ ആയതിനുശേഷം കോണ്‍ഗ്രസിനുള്ളിലെ എന്തോ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ എത്തുന്നത്. ബിജെപിയില്‍ എത്തി ഒരു വര്‍ഷംകൊണ്ട് അബ്ദുള്ളക്കുട്ടി വൈസ്പ്രസിഡന്റായി. ശ്യാംസുന്ദര്‍ പാര്‍ട്ടിയില്‍ വന്ന് 16 വര്‍ഷം കഴിയുമ്പോഴാണ് ലീഗില്‍ ഭാരവാഹിയാകുന്നത്... ഒരു സ്ഥാനമാനവും താന്‍ ആവശ്യപ്പെട്ടിട്ടില്ല.

പാര്‍ലമെന്ററി ആഗ്രഹങ്ങള്‍ ഇല്ലെന്നാണോ...?

1983ല്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് പ്രസിഡന്റായിട്ടാണ് ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. അന്ന് മുതല്‍ ഇന്നുവരെ സീറ്റ് മോഹിച്ചിട്ടില്ല... ഒരു തെരഞ്ഞെടുപ്പില്‍ നിര്‍ബന്ധത്തിന് വഴങ്ങി മത്സരിക്കേണ്ടി വന്നു. പാര്‍ലമെന്ററി രംഗത്തേക്ക് വരാന്‍ ഓഫറുകള്‍ ഇപ്പോഴും അപ്പോഴും ഉണ്ടായി. സ്‌നേഹബുദ്ധ്യാ നിരസിച്ചു. ശരീരപ്രകൃതി പോലും അതിന് പറ്റില്ലെന്നും പറയാം.

ഹിന്ദുമതത്തില്‍ നിന്നുള്ള ഒരാള്‍, ഗുരുവായൂരപ്പന്റെ വലിയ ഭക്തന്‍. അങ്ങനെ ഒരാള്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി തെരഞ്ഞെടുക്കാനുള്ള സാഹചര്യം എന്തായിരുന്നു...? സിപിഎം വിട്ടപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ക്ഷണം വന്നില്ലേ...?

എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരപ്പനെ കണ്ട് തൊഴാന്‍ പോകാറുള്ള കടുത്ത ഭക്തനാണ് ഞാന്‍... അമ്മയില്‍ നിന്നാണ് ഗുരുവായൂരപ്പനോടുള്ള ഇഷ്ടവും ഭക്തിയും ആരംഭിക്കുന്നത്. കുട്ടിക്കാലത്തേ ഗുരുവായൂരിലേക്ക് ഞങ്ങള്‍ ബസ്സിലും കാറിലുമൊക്കെ പോകുമായിരുന്നു.. എന്ത് പ്രശ്‌നത്തില്‍ നിന്നും ഗുരുവായൂരപ്പന്‍ കാക്കും എന്നാണ് അമ്മ പറയാറ്... പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി... ഇന്നും അതില്‍ മാറ്റമൊന്നുമില്ല.

എന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ലീഗ് നേതൃത്വം എന്നോട് പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി കൂടിയാലോചന നടത്തിയിട്ട് രാജി വെച്ച ആളല്ല. അന്ന് സിപിഎമ്മില്‍ ഒരു ചുമതല ഉണ്ടായിരുന്നു. എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തികരിച്ചാണ് ഞാന്‍ സിപിഎമ്മില്‍ നിന്ന് ഇറങ്ങിയത്. ഓഫറുകള്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും സ്വീകരിച്ചില്ല...

സാധാരണ നേതാക്കള്‍ മാറും പോലെ ഏതെങ്കിലും നേതാക്കളുമായി സംസാരിച്ച് ഇരുട്ടത്ത് പാര്‍ട്ടി മാറിയ ആളല്ല. പറയുന്ന കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ് എന്ന് മനസ്സിലാക്കി ഞാന്‍ സ്വയം തെരഞ്ഞെടുത്തു. ലീഗില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് പത്രക്കാര്‍ വഴി അറിഞ്ഞാണ് ജില്ലാ നേതാക്കള്‍ എന്റെ വീട്ടില്‍ എത്തുന്നതും അംഗത്വം തരുന്നതും... 'ഞങ്ങള്‍ അറിഞ്ഞ വാര്‍ത്ത സത്യമാണോ' എന്നായിരുന്നു അന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന ഇസ്മയില്‍ കുഞ്ഞുമുഹ്‌സിന്‍ എന്നോട് ചോദിച്ചത്.

ഏല്‍പ്പിച്ച ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചാണ് സിപിഎമ്മില്‍ നിന്ന് രാജിവെച്ചതെന്ന് പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ വ്യക്താക്കളില്‍ പ്രധാനി ആയിരുന്നു താങ്കള്‍... രാജിയിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കാമോ...?

എംവി രാഘവന്റെ ബദല്‍രേഖ വിവാദത്തിന് ശേഷം പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ ഒന്നും ഉണ്ടായിരുന്നില്ല... ഒരു പ്രത്യേക ഘട്ടത്തില്‍ കൊല്ലത്തുവെച്ച് നടന്ന സമ്മേളനകാലത്താണ് പിന്നീട് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത തലപൊക്കുന്നത്... സിഐടിയു പക്ഷവും വിഎസ് പക്ഷവും തമ്മില്‍... നേരിന്റെ പക്ഷത്ത് നിലകൊള്ളുന്നു എന്ന നിലയില്‍ വിഎസ്സിനോട് വലിയ അടുപ്പവും ആരാധനയും ഞാനുള്‍പ്പടെയുള്ള യുവാക്കള്‍ക്കുണ്ടായിരുന്നു.. കമ്മ്യൂണിസ്റ്റ്കാരന് അങ്ങനെ ആരാധന ഉണ്ടാകാന്‍ പാടില്ല. പക്ഷേ, അത്രക്ക് വ്യക്തിപ്രഭാവമായിരുന്നു വിഎസിന്...

അന്ന് വിഎസ്സിനൊപ്പം ഫസ്റ്റ് കമാണ്ടര്‍ ആയി പിണറായി വിജയനും ഉണ്ടായിരുന്നു... അന്നത്തെ വിഭാഗീയതയുടെ പ്രതിഫലനം എന്നോണം മാരാരിക്കുളം തെരഞ്ഞടുപ്പില്‍ വിഎസ് പരാജയപ്പെട്ടു... എന്നാല്‍ പാലക്കാട് സമ്മേളനത്തോടെ വിഎസ് സമഗ്രാധിപത്യത്തിലേക്ക് വന്നു. അടുത്ത സമ്മേളനത്തില്‍ പിണറായിക്കും വിഎസ്സിനുമിടയില്‍ ഭിന്നിപ്പ് ഉണ്ടായി.

രൂക്ഷമായ ചേരിപ്പോരില്‍ വിഎസ് പക്ഷത്ത് നിലയുറപ്പിച്ചവര്‍ക്ക് നിലനില്‍ക്കാന്‍ സാധിച്ചില്ല... അതിനെ അതിജീവിച്ച് പാര്‍ട്ടിയില്‍ തുടരുന്നവര്‍ ഇപ്പോഴും ഉണ്ട്. അവരൊന്നും സംതൃപ്തരല്ല... വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഞാന്‍ രാജി പ്രഖ്യാപിക്കുന്നത്. അന്ന് വിഎസ് എന്നോട് ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. കാണാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഞാന്‍ തയ്യാറായില്ല... അന്ന് വിഎസ്സുമായി സംസാരിച്ചിരുന്നെങ്കില്‍ പാര്‍ട്ടിക്ക് പുറത്തുപോകാന്‍ പറ്റില്ലായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ദയനീയ തോല്‍വിയാണ് ഉണ്ടായത്..?

സിപിഎം സിപിഎമ്മില്‍ നിന്ന് അകന്നുപോയി... ജനങ്ങള്‍ അകന്നു. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചുവന്ന പാര്‍ട്ടിയാണ്... ആലപ്പുഴ, കണ്ണൂര്‍ പോലെ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ ഷിഫ്റ്റ് ചെയ്തു പോയി... ബിജെപിക്കാണ് അത് ഗുണം ചെയ്തത്. കേവലം ഒരു പിണറായി വിജയനെമാത്രം ഇതില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. തെറ്റുകള്‍ സംഭവിച്ചാല്‍ പിണറായിയെ ചോദ്യം ചെയ്യേണ്ടേ സെക്രട്ടേറിയേറ്റ്...? അതുണ്ടായില്ല, തെറ്റുകള്‍ കൂടി വന്നു... സ്തുതി പാഠകരുടെ സംഘമായി പാര്‍ട്ടി കമ്മിറ്റി അധഃപതിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് എതിരെ മുന്‍പും കേസുകള്‍ വന്നിട്ടുണ്ട് ഒരുപാട്... പക്ഷേ, അവരുടെ മക്കള്‍ക്ക് എതിരെ കേസുകള്‍ വന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഹിന്ദു വിശ്വാസപ്രകാരം ക്ഷേത്രത്തില്‍ കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാല്‍ പുണ്യാഹം തളിച്ചേ പറ്റു... അതിന് വേണ്ട ക്രിയകള്‍ എല്ലാം ചെയ്യണം, എന്നാല്‍ പൂജാരി എന്തു ചെയ്താലും പുണ്യാഹം വേണ്ട.... ഒരു പരിഹാരക്രിയയും വേണ്ട... ഇവിടെ പൂജാരിയാണ് പിണറായി.. അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ മുതല്‍ ശക്തനായി.. അദ്ദേഹത്തിന് എന്തും ആകാം... അദ്ദേഹത്തിന് പ്രതിപക്ഷ നേതാവാകണം എന്ന് പറഞ്ഞപ്പോള്‍ ആരെങ്കിലും എതിര്‍ത്തോ.. താങ്കള്‍ ആവണ്ട എന്ന് പറഞ്ഞ് വിരല്‍ ചൂണ്ടാന്‍ ഏതെങ്കിലും നേതാവിന് സാധിച്ചോ...?

മുഖ്യമന്ത്രിയായി വി ഡി സതീശന്‍ വേണം എന്ന് ശക്തമായ നിലപാട് ലീഗ് എടുത്തിരുന്നു. ഒടുവില്‍ ലീഗിന്റെ തീരുമാനം നടപ്പിലാവുകയും ചെയ്തു. ഇന്ന് വി ഡി സതീശന്‍ നയിക്കുന്ന സര്‍ക്കാരില്‍ ഒരു പ്രഷര്‍ ഗ്രൂപ്പായി ലീഗ് മാറിയിട്ടുണ്ടോ...?

ലീഗിന് അപ്രമാദിത്തമുണ്ടെന്നുള്ള ഒരു തോന്നല്‍ ചിലര്‍ സൃഷ്ടിക്കുന്നുണ്ട്. ബോധപൂര്‍വ്വമായ ശ്രമമാണത്. യുഡിഎഫിനെ ഏതു വിധേനയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും സംഘടനകളുമാണ് ഇതിനു പിന്നിലുള്ളത്. പ്രഷര്‍ നല്‍കി ഏതെങ്കിലും സ്ഥാനം തട്ടിയെടുക്കാന്‍ ലീഗ് ശ്രമിച്ചിട്ടുണ്ടോ....? മന്ത്രിസഭയില്‍ പോലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന എന്തെങ്കിലും ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടോ...?

ജെന്‍ട്രല്‍ ന്യൂട്ട്രല്‍ യൂണിഫോം, വഖഫ് നിയമഭേദഗതി, പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ആയി ഉയര്‍ത്തല്‍ തുടങ്ങിയ സുപ്രധാനകാര്യങ്ങളില്‍ ലീഗ് എതിരഭിപ്രായം രേഖപ്പെടുത്തുകയും ശക്തമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പിഎംശ്രീ പദ്ധതിയിലും ലീഗ് നേതാക്കളുടെ വാദങ്ങള്‍ നാം കണ്ടു...

മുസ്ലീം ലീഗിന് ലീഗിന്റേതായ നിലപാടുകളും തീരുമാനങ്ങളും എല്ലാ കാര്യങ്ങളിലും ഉണ്ട്. അത് മതപരമായും ഉണ്ട്. ഭക്ഷണത്തിലും വേഷത്തിലും വരെ ബിജെപി രാഷ്ട്രീയം കാണുന്നില്ലേ...? അങ്ങനെയുള്ള തെറ്റായ പ്രവണതകള്‍ ലീഗില്‍ നിന്ന് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ...? പിഎംശ്രീയെക്കുറിച്ച് പഠിക്കാന്‍ ഉപസമിതി വേണം എന്നാണ് ലീഗ് പറഞ്ഞത്... യുഡിഎഫില്‍ കൂടിയാലോചിച്ചാണ് ഉപസമിതി രൂപീകരിച്ചത്.

C. Shyamsundar elected as Muslim League Vice President

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനകള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

ഒന്നാം റാങ്ക് വിടാതെ 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'!