Toxic Relationship Pexels
Kerala

'പ്രണയം ജീവിതാവസാനം വരെ കൊണ്ടു പോകണമെന്ന് നിര്‍ബന്ധം പിടിക്കരുത്'; കുറിപ്പ്

പ്രണയം തന്റെ ജീവിതാവസാനം വരെ കൊണ്ടു പോകണമെന്ന് ആരും നിര്‍ബ്ബന്ധം പിടിക്കരുത്. നിര്‍ബ്ബന്ധത്തിനു വഴങ്ങുന്ന വികാരമല്ല അത്. മോചനം നേടി പോകാനാഗ്രഹിക്കുന്നവരെ വിട്ടയക്കുകയാണ് വേണ്ടത് എന്നും ശാരദക്കുട്ടി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ടോക്‌സിക് സ്‌നേഹങ്ങളില്‍ നിന്നും ഭയക്കാതെ പുറത്തുകടക്കാന്‍ കഴിയുന്ന വിധത്തില്‍ സ്ത്രീ പുരുഷ ബന്ധങ്ങള്‍ മാറണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തന്നെ ശ്വസിക്കാന്‍ പോലും വിടാത്ത ആ വികാരം സ്‌നേഹമല്ലെന്നും, വലിയ ട്രോമയിലേക്കാണ് അത് തന്നെ കൊണ്ടുപോകുന്നതെന്നുമുള്ള തിരിച്ചറിവ് ആ ബന്ധം വേണ്ടെന്നു തീരുമാനിക്കേണ്ട സമയമായെന്നതിന് സൂചനയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

പങ്കാളിക്ക് തന്റെ സ്‌നേഹം ഭാരമാണെന്ന് മനസ്സിലാക്കിയാല്‍, ആ സ്‌നേഹത്തിന്റെ പേരില്‍ത്തന്നെ അവരെ സ്വതന്ത്രയാക്കാന്‍ കഴിയണം. കഴുത്തില്‍ കയറിട്ട് മുറുക്കി പിന്നാലെ നടന്നാല്‍, ഒരിക്കല്‍ നഷ്ടപ്പെട്ട സ്‌നേഹം തിരിച്ചു കിട്ടില്ല. പ്രണയം ഒരാള്‍ക്ക് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള അധികാരം സ്ഥാപിക്കലല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും വരും തലമുറയെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കണം. പ്രണയം തന്റെ ജീവിതാവസാനം വരെ കൊണ്ടു പോകണമെന്ന് ആരും നിര്‍ബ്ബന്ധം പിടിക്കരുത്. നിര്‍ബ്ബന്ധത്തിനു വഴങ്ങുന്ന വികാരമല്ല അത്. മോചനം നേടി പോകാനാഗ്രഹിക്കുന്നവരെ വിട്ടയക്കുകയാണ് വേണ്ടത് എന്നും ശാരദക്കുട്ടി പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഒരു പെണ്ണ് അവള്‍ വിവാഹിതയോ അവിവാഹിതയോ ബന്ധം വേര്‍പെടുത്തിയവളോ ആരുമാകട്ടെ, ജീവിതം വിരസമാകുമ്പോള്‍, ആരോടെങ്കിലും കൂടിച്ചേര്‍ന്നാല്‍ ഒരു പക്ഷേ പിടിച്ചു നില്‍ക്കാന്‍ പറ്റിയേക്കും എന്ന തോന്നലുണ്ടാകുമ്പോഴാണ് വിശ്വസിക്കാന്‍ കൊള്ളാമെന്ന് ആദ്യ പെരുമാറ്റത്തില്‍ തോന്നുന്ന ഒരാളുമായി പെട്ടെന്ന് അടുക്കുന്നത്. ചിലയടുപ്പങ്ങള്‍ അവളില്‍ സുരക്ഷിതത്വ ബോധം വര്‍ധിപ്പിക്കുമ്പോള്‍ അവള്‍ കൂടുതല്‍ ആശ്വാസം കണ്ടെത്തിയേക്കും. ആനന്ദം അനുഭവപ്പെട്ടേക്കും. ആ ഇഷ്ടം അവര്‍ പരസ്പരം പങ്കുവെച്ചേക്കും.

പോകെപ്പോകെ താന്‍ വിശ്വസിച്ച സ്‌നേഹം അതികഠിനമായ Stress ഉണ്ടാക്കുന്ന തരത്തില്‍ toxic ആകുന്നതായി പെണ്‍കുട്ടി or സ്ത്രീ തിരിച്ചറിയുന്നു. പെണ്‍കുട്ടി എന്നെടുത്തു പറയാന്‍ കാര്യമുണ്ട്, പ്രണയത്തില്‍ അധികാരി താനാണെന്ന വിശ്വാസം പുരുഷന്മാരിലാണ് ഏറി നില്‍ക്കുന്നത്. പെണ്ണിന്റെ പ്രണയത്തില്‍ സ്വാഭിമാനത്താല്‍ മേല്കീഴ് മറിഞ്ഞു പോകുന്നതും അവന്‍തന്നെ.

തന്നെ ശ്വസിക്കാന്‍ പോലും വിടാത്ത ആ വികാരം സ്‌നേഹമല്ലെന്നും പഴയതിലും വലിയ ട്രോമയിലേക്കാണ് അത് തന്നെ കൊണ്ടുപോകുന്നതെന്നും പെണ്ണ് തിരിച്ചറിഞ്ഞു വരുമ്പോള്‍ ആ ബന്ധം തനിക്ക് വേണ്ടെന്നു തീരുമാനിക്കാന്‍ അവള്‍ക്ക് സമയമായി.

പ്ലാസ്റ്റിക് ചരട് കൊണ്ട് കഴുത്തു മുറുക്കിയാലെന്ന തരത്തില്‍, മറ്റൊരാളോട് സംസാരിക്കാന്‍ പോലും വയ്യാത്ത വിധത്തില്‍ അവളെ ഇങ്ങനെ പെടുത്തിക്കളയുന്നത് തന്റെ അവളോടുള്ള സ്‌നേഹമെന്നയാള്‍ പ്രഖ്യാപിക്കുന്നു.

അതങ്ങനെ അല്ലെന്നവള്‍ തിരുത്താന്‍ ശ്രമിക്കുന്നു. അപകടം മുന്‍കൂട്ടിക്കാണുന്ന കക്ഷി മറ്റേയാളെ പതുക്കെ ഒഴിവാക്കിത്തുടങ്ങും. പരമാവധി നോവിക്കാതെ ഒരു വിടുതലിനായിരിക്കും ആദ്യം അവള്‍ ശ്രമിക്കുക.

മയത്തിലും മര്യാദക്കും കാര്യം മനസ്സിലാക്കാന്‍ നോക്കുന്നു . അയാള്‍ violent ആകുന്നു. പേ പറഞ്ഞു നടക്കുന്നു. മാനസികമായി ഉപദ്രവിക്കാവുന്ന തരത്തിലെല്ലാം ഉപദ്രവിക്കുന്നു. സ്ത്രീ ചിലപ്പോള്‍ പഴയ സ്‌നേഹമോര്‍ത്ത് കുറച്ചു നാള്‍ നിസ്സഹായയും നിശ്ശബ്ദയും ആയിരിക്കും. മറ്റു ചിലപ്പോള്‍ നിയമവഴി തേടും. മറ്റു ഗതിയില്ലാത്തവര്‍ ആത്മഹത്യയോ കൊലപാതകമോ ചെയ്‌തെന്നിരിക്കും.

ഇതൊക്കെ എത്രയോ നടന്ന സംഭവങ്ങളുടെ ആവര്‍ത്തനമാണ്. പങ്കാളിക്ക് തന്റെ സ്‌നേഹം ഭാരമാണെന്ന് മനസ്സിലാക്കിയാല്‍, ആ സ്‌നേഹത്തിന്റെ പേരില്‍ത്തന്നെ അവരെ സ്വതന്ത്രയാക്കുവാനാണ് കഴിയേണ്ടത്. കഴുത്തില്‍ കയറിട്ട് മുറുക്കി പിന്നാലെ നടന്നാല്‍, ഒരിക്കല്‍ നഷ്ടപ്പെട്ട സ്‌നേഹം തിരിച്ചു കിട്ടാനേ പോകുന്നില്ല.

പഴയ സ്‌നേഹത്തിന്റെ ചില നിഴലുകളോര്‍ത്ത്, അതിന്റെ തുടക്കത്തില്‍ തനിക്കും അല്‍പം പങ്കുണ്ടല്ലോ എന്നോര്‍ത്ത് അവള്‍ പുലര്‍ത്തുന്ന മാന്യമായ നിശ്ശബ്ദതയെ ബഹുമാനിക്കാന്‍ പഠിക്കുക.

എന്നോട് സംസാരിക്കാന്‍ വന്ന ആ പെണ്‍കുട്ടിക്ക് നിയമസുരക്ഷ ഉറപ്പാക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അവള്‍ക്ക് ഭയം മാറുന്നില്ല. ആണ്‍കുട്ടികളെ ആര് പറഞ്ഞു മനസ്സിലാക്കും ഇത്തരം കാര്യങ്ങള്‍?

പൊതുവേദികളില്‍ എത്ര സംസാരിച്ചിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല.

പ്രണയം ഒരാള്‍ക്ക് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള അധികാരം സ്ഥാപിക്കലല്ലെന്ന് കൂടി രക്ഷിതാക്കളും അധ്യാപകരും നിരന്തരം കുട്ടികളെ , പ്രത്യേകിച്ചും ആണ്‍കുട്ടികളെ ഓര്‍മ്മിപ്പിക്കുക.

പ്രണയം തന്റെ ജീവിതാവസാനം വരെ കൊണ്ടു പോകണമെന്ന് ആരും നിര്‍ബ്ബന്ധം പിടിക്കരുത്. നിര്‍ബ്ബന്ധത്തിനു വഴങ്ങുന്ന വികാരമല്ല അത്. മോചനം നേടി പോകാനാഗ്രഹിക്കുന്നവരെ വിട്ടയക്കുക.

സ്‌നേഹമോ സ്വാതന്ത്ര്യമോ വലുത് എന്നതിന് സ്വാതന്ത്ര്യമെന്ന് തന്നെ വിശ്വസിച്ച് toxic 'സ്‌നേഹ'ത്തെ പലയിടങ്ങളില്‍ ഉപേക്ഷിക്കേണ്ടി വന്നേക്കാം . ഭയക്കാതെ അതിന് കഴിയുന്ന സാമൂഹ്യ സാഹചര്യങ്ങളുണ്ടാകണം.

എസ്. ശാരദക്കുട്ടി

relationships between men and women to change in a way that allows them to escape toxic love without fear says Writer Saradakutty .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT