കോട്ടയം: കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങള്‍ക്കും രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്കും വഴിവെച്ച സില്‍വര്‍ ലൈന്‍ പദ്ധതി പുതിയ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി റദ്ദാക്കിയതോടെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശം നടത്താന്‍ ഒരുങ്ങി ഒരു കുടുംബം. 20 വര്‍ഷം ദുബൈയില്‍ കഷ്ടപ്പെട്ട് മിച്ചം പിടിച്ച തുകയ്ക്കാണ് കൊല്ലാട് മലമേല്‍ക്കാവ് കല്ലുങ്കല്‍ക്കടവ് മുല്ലശേരി പുത്തന്‍വീട്ടില്‍ ഉമ്മന്‍ ജോണ്‍ വീട് നിര്‍മിച്ചത്. സില്‍വര്‍ലൈന്‍ പ്രഖ്യാപനം നടന്ന വര്‍ഷം വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി.
ഗൃഹപ്രവേശം നടത്താന്‍ ആലോചന തുടങ്ങിയ സമയത്താണ് വീടിന്റെ ഒരു ഭാഗത്തുകൂടിയാണ് റെയില്‍പ്പാതയുടെ അലൈന്‍മെന്റെന്ന് ഉമ്മന്‍ ജോണിന്റെ അമ്മ എലിസബത്ത് ജോണ്‍ മനസ്സിലാക്കിയത്. സില്‍വര്‍ ലൈന്‍ നടപ്പാക്കിയാല്‍ വീടു പൊളിക്കേണ്ടി വന്നേക്കുമെന്ന കാര്യം ആദ്യം എലിസബത്ത് മകനെ അറിയിച്ചില്ല. മകനറിയാതെ എലിസബത്ത് ജോണ്‍ സമരങ്ങളില്‍ പങ്കെടുത്തു. പിന്നീടാണ് ഇതു മകന്‍ അറിയുന്നത്. 5 വര്‍ഷമായി പദ്ധതി മരവിച്ചെങ്കിലും ഗൃഹപ്രവേശം നടത്തിയില്ല. പദ്ധതി സംബന്ധിച്ച് തീരുമാനം വന്നശേഷം ഗൃഹപ്രവേശം എന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം. ദുബൈയിലേക്ക്് മടങ്ങിയ ഉമ്മന്‍ ജോണ്‍ അടുത്ത വര്‍ഷം തിരിച്ചുവരും. തുടര്‍ന്ന് ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് മാനേജരായ ഉമ്മന്‍ ജോണ്‍ ഇപ്പോള്‍ എത്യോപ്യയിലാണ്.
അതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാടപ്പള്ളി റീത്ത് പള്ളി ജങ്ഷനിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ക്ക് ആഗ്രഹം. മുഖ്യമന്ത്രിയെ കൊണ്ടുവന്ന് പന്തല്‍ പൊളിച്ചുമാറ്റലിന് തുടക്കമിടാന്‍ സമിതി ശ്രമിക്കുന്നു. അധികാരത്തിലെത്തിയാല്‍ പദ്ധതി പിന്‍വലിക്കുമെന്ന് വി ഡി സതീശന്‍ തെരഞ്ഞെടുപ്പുവേളയില്‍ വാക്കു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമരസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ' നിങ്ങള്‍ പ്രതീക്ഷിക്കുന്ന വാര്‍ത്ത ഉടനെ എത്തും' എന്നാണ് മുഖ്യമന്ത്രി വാക്കു നല്‍കിയതെന്ന് സമരസമിതിക്കാര്‍ പറഞ്ഞു. ഉത്തരവ് പുറത്തിങ്ങുന്ന മുറയ്ക്കു മാടപ്പള്ളിയിലെ സമരം അവസാനിപ്പിക്കും. 2022 ഏപ്രില്‍ 20ന് മാടപ്പള്ളി റീത്തുപള്ളി ജങ്ഷനില്‍ ആരംഭിച്ച സ്ഥിരം സമരപ്പന്തല്‍ ഇന്നലെ 1490-ാം ദിനമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates