തിരുവനന്തപുരം: ചാലയില്‍ സ്വര്‍ണക്കട ഉടമയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. വയനാട് പടിഞ്ഞാറത്തറയില്‍നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായതെന്ന് കമ്മീഷണര്‍. അനൂപ്, രാജീവ്, അനില്‍ പ്രസാദ്, വിനോദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കുറച്ച് സ്വര്‍ണക്കട്ടികളും പിടിച്ചെടുത്തു.
മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് പ്രതികള്‍ നടത്തിയതെന്ന് തിരുവനന്തപുരം കമ്മീഷ്ണര്‍ അരുള്‍ ബി കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. പിടിയിലായ അനിലിന്റെ സുഹൃത്തിന്റെ കാറില്‍ സഞ്ചരിക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ആത്യം ഇവര്‍ തമിഴ്‌നാട്ടിലേക്കും അവിടെ നിന്ന് ബംഗളുരുവിലേക്കും കടന്നു. ടോള്‍ ബുത്തിലൂടെ കാര്‍ കടന്നപോയത് അന്വേഷണത്തില്‍ വഴിത്തിരിവായി. പൊലീസ് പിന്തുടര്‍ന്നതോടെ വയനാട്ടിലെത്തി. പ്രതികള്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ചത് അനിലിന്റെ ബൈക്കായിരുന്നു. പ്രതികള്‍ മോഷണത്തിനുപയോഗിച്ച് ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് പ്രതികളെ കുടുക്കിയത്.
തിരുവനന്തപുരം കമ്മീഷ്ണര്‍ അരുള്‍ ബി കൃഷ്ണയുടെ നേതൃത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. നാലുപേര്‍ വയനാട് നിന്നും കവര്‍ച്ചയില്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത രണ്ടു പേര്‍ തിരുവനന്തപുരത്ത് നിന്നുമാണ് പിടിയിലായത്. അഞ്ചുപേര്‍ കാറില്‍ സഞ്ചരിക്കുമ്പോളാണ് പൊലീസ് വളയുന്നത്. ഇതില്‍ ഒരാള്‍ ഓടി രക്ഷപെട്ടു.
പിടിയിലായ പ്രതികളില്‍ ചിലര്‍ ചാലയിലെ വൈഷ്ണവി ജുവലറി ഉടമ നന്ദകുമാറുമായി ബിസിനസ് പങ്കാളിത്തമുള്ളളരാണ്. പ്രതികള്‍ പലതവണ സ്വര്‍ണ ഇടപാടുകള്‍ക്കായി സ്വര്‍ണക്കടയുടമയെ കണ്ടിട്ടുണ്ട്, ഇടപാടുകളും നടത്തിയിട്ടുണ്ട്. മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് കവര്‍ച്ചക്കായി നടത്തിയത്. സ്വര്‍ണവുമായി കടയുടമ വീട്ടിലേക്ക് പോകുന്നത് ഉള്‍പ്പടെയുള്ള സമയം ഇവര്‍ക്ക് അറിയാമായിരുന്നു.
വ്യാഴാഴ്ച രാത്രി 10.35നു സഭാപതി റോഡിലായിരുന്നു സംഭവം. 'വൈഷ്ണവി ജ്വല്ലേഴ്‌സ്' എന്ന പേരിലുള്ള തന്റെ ജ്വല്ലറി അടച്ചശേഷം ചാലയില്‍നിന്നു മരക്കട ഭാഗത്തേക്ക് ഇലക്ട്രിക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന മണക്കാട് ചാല വാര്‍ഡ്, വൈഷ്ണവി നിവാസില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ സ്വര്‍ണം വച്ചിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു. സ്വര്‍ണമടങ്ങിയ കറുത്ത നിറത്തിലുള്ള ക്രോസ് ബാഗ് നന്ദകുമാര്‍ ശരീരത്തിനു കുറുകെ ഇട്ടിരിക്കുകയായിരുന്നു. 2.60 കോടി രൂപ മൂല്യമുള്ള സ്വര്‍ണമാണു നഷ്ടമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates