SKSSF. 
Kerala

പാണക്കാട് കുടുംബത്തിന് പ്രസിഡൻറ് പദവിയില്ല; എസ്‌കെഎസ്എസ്എഫിൽ പിടിമുറുക്കി ലീഗ് വിരുദ്ധ വിഭാഗം

തീരുമാനം തിരുത്തണമെന്ന് നാസർ ഫൈസി കൂടത്തായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ലക്ഷ്മി ആതിര

കോഴിക്കോട്: ചരിത്രത്തിലാദ്യമായി പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഒരാളെ പ്രസിഡൻ്റാക്കാതെ എസ്‌കെഎസ്എസ്എഫിന്റെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. സംഘടനയുടെ ദീർഘകാല പാരമ്പര്യത്തിന് വിരുദ്ധമായ നീക്കത്തിലൂടെ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം സംസ്ഥാന കമ്മിറ്റിയിൽ ആധിപത്യം ഉറപ്പിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ പ്രസിഡൻ്റും ഒ.പി.എം. അഷ്റഫ് ജനറൽ സെക്രട്ടറിയുമായാണ് പുതിയ കമ്മിറ്റി. പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങളാണ് ട്രഷറർ.

പാണക്കാട് കുടുംബത്തെ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിൽനിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്. സംഘടനയുടെ രാഷ്ട്രീയ, സംഘടനാ പാരമ്പര്യത്തിൽനിന്നുള്ള വ്യതിചലനമായാണ് പുതിയ നേതൃത്വത്തെ ഈ വിഭാഗം കാണുന്നത്.

പാണക്കാട് കുടുംബത്തെ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് നിർഭാഗ്യകരമാണെന്ന് സമസ്തയിലെ പ്രമുഖ ലീഗ് അനുകൂല നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു.

"ചരിത്രപരമായി പാണക്കാട് കുടുംബത്തിലെ പ്രമുഖരായിരുന്നു എസ്‌കെഎസ്എസ്എഫിന്റെ പ്രസിഡൻ്റ് സ്ഥാനത്ത് വന്നിരുന്നത്. അവർക്ക് താൽപര്യമില്ലെന്ന് അറിയിച്ചാലും നേതൃത്വം ഇടപെട്ട് തുടരാൻ നിർബന്ധിക്കുമായിരുന്നു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കഴിഞ്ഞ വർഷവും പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ നേതൃത്വം അദ്ദേഹത്തോട് തുടരാൻ ആവശ്യപ്പെടുകയായിരുന്നു. പുതിയ കമ്മിറ്റിയിൽ പാണക്കാട് കുടുംബത്തിന് ഇടം നൽകാതിരുന്നതിൽ സമസ്തയിലെ അണികൾക്കിടയിൽ അതൃപ്തിയുണ്ട്. സമസ്ത സംസ്ഥാന നേതൃത്വം ഈ തീരുമാനം തിരുത്തണം. പാണക്കാട് കുടുംബത്തിന് ഒരു സ്ഥാനം നൽകണമെങ്കിൽ അത് ട്രഷറർ സ്ഥാനമല്ല, പ്രസിഡൻ്റ് സ്ഥാനമായിരുന്നു വേണ്ടിയിരുന്നത്," നാസർ ഫൈസി പറഞ്ഞു.

പുതിയ നേതൃത്വത്തിനെതിരായ പ്രതിഷേധം സമസ്തയിലെ ലീഗ് അനുകൂല സാമൂഹികമാധ്യമ വൃത്തങ്ങളിലും ശക്തമാണ്. എസ്‌കെഎസ്എസ്എഫ് കമ്യൂണിസ്റ്റുകൾക്ക് സേവ ചെയ്യുന്നതായി മാറിയെന്നും പാണക്കാട് പൂക്കോയ തങ്ങളുടെ പേരക്കുട്ടികൾ ഈ കമ്മിറ്റിയുടെ ഭാഗമാകാതിരിക്കുന്നതാണ് നല്ലതെന്നും ആരോപിക്കുന്ന സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. വരാനിരിക്കുന്ന മഹല്ല് കമ്മിറ്റി തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്.

അതേസമയം, പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരണത്തിൽ യാതൊരുവിധ എതിർപ്പും ഉയർന്നിട്ടില്ലെന്ന് എസ്‌കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്റഫ് പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ പൂർണ പിന്തുണയോടെയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

"സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തന്നെയാണ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രസിഡൻ്റ് സ്ഥാനത്ത് തുടരണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥാനമൊഴിയാൻ അദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. പാണക്കാട് കുടുംബത്തിന്റെ പൂർണ പിന്തുണ ഞങ്ങൾക്കുണ്ട്. അതുകൊണ്ടാണ് ഹമീദലി തങ്ങൾ തന്നെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എസ്‌കെഎസ്എസ്എഫിനെതിരെ വ്യാജവും വിദ്വേഷപരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പേരും മുഖവുമില്ലാത്ത സാമൂഹികമാധ്യമ അക്കൗണ്ടുകളെ ഞങ്ങൾ ഗൗനിക്കുന്നില്ല," അഷ്റഫ് പറഞ്ഞു.

ജില്ലാതല അംഗത്വ കാമ്പയിനും കൗൺസിൽ തിരഞ്ഞെടുപ്പും ആരംഭിച്ചതുമുതൽ എസ്‌കെഎസ്എസ്എഫിന്റെ നിയന്ത്രണം പിടിക്കാനുള്ള ലീഗ് അനുകൂല, ലീഗ് വിരുദ്ധ വിഭാഗങ്ങളുടെ പോരാട്ടം രൂക്ഷമാണ്. കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ എന്നിവിടങ്ങളിൽ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

ഏറ്റവും ഒടുവിൽ, എസ്‌കെഎസ്എസ്എഫ് കൗൺസിൽ യോഗം നടക്കുന്നതിനിടെ സമസ്ത ജില്ലാ കമ്മിറ്റി ഓഫീസിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതായും ആരോപണമുയർന്നു. കൗൺസിലുകളിൽനിന്ന് ലീഗ് അനുകൂല വിഭാഗക്കാരെ ആസൂത്രിതമായി ഒഴിവാക്കുകയാണെന്നും ഒരു വിഭാഗം പ്രവർത്തകർക്ക് മാത്രം അംഗത്വം നൽകി സംഘടനയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ലീഗ് നേതാക്കളുടെ ആരോപണം.

In an unprecedented organizational shift within the influential Sunni students' body, the Samastha Kerala Sunni Students Federation (SKSSF) has announced its new state committee without appointing a member of the venerable Panakkad family as president for the first time in its history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: രാഹുലും സംഘവും നേതാക്കളും രാംലീലയിലേക്ക്

അഭിഷേക് പൂജ്യം, സഞ്ജു 4; ഓപ്പണര്‍മാര്‍ പുറത്ത്; തകര്‍പ്പന്‍ തുടക്കവുമായി ന്യുസിലന്‍ഡ്

'ഉനക്ക് നാന്‍ ഈക്വലാ..?'; ഫണ്‍ സൂര്യ, വയലന്റ് നസ്‌ലെന്‍, ആക്ഷന്‍ നസ്രിയ; 'സീന്‍' ട്രെയിലര്‍ എത്തി

ഗ്യാരണ്ടീഡ് റിട്ടേണിനൊപ്പം റിസ്‌കും കൂടി എടുക്കാന്‍ തയ്യാറാണോ?, പണം വാരാം!; കോമ്പോ സ്ട്രാറ്റജി, വിശദാംശങ്ങള്‍

എപ്പോഴൊക്കെ ഓവര്‍ടേക്കിങ് ചെയ്യാം, എവിടെയൊക്കെ പാടില്ല; യുഎഇയില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം