തിരുവനന്തപുരം: എസ്എംഎ. ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരന്‍. ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് പറഞ്ഞതെന്നാണ് വിശദീകരണം. എസ്എംഎ. ബാധിതര്‍ക്ക് ഓറല്‍ മരുന്നായ റിസ്ഡിപ്ലാം മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക ചികിത്സ. ഇത് സര്‍ക്കാര്‍ സൗജന്യമായി നല്‍കിവരുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കുട്ടികള്‍ക്ക് ആവശ്യം ജീന്‍ തെറാപ്പിയാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഇതിനായി നടക്കുന്ന ഫണ്ട് സമാഹരണത്തെ പൂര്‍ണമായും സ്വാഗതംചെയ്യുന്നു. ചില പാര്‍ശ്വഫലങ്ങള്‍ മുന്‍നിര്‍ത്തി ജീന്‍ തെറാപ്പിയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, രോഗിക്ക് അത് ആവശ്യമാണെങ്കില്‍ അത് അവരുടെ അവകാശമാണെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മന്ത്രി നടത്തിയ പ്രസ്താവന ചില ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിരുന്നെങ്കിലും ഉച്ചയോടെ മന്ത്രിയുടെ ഓഫീസില്‍നിന്ന് ഇതുസംബന്ധിച്ച് വ്യക്തത വരുത്തി അറിയിപ്പ് നല്‍കുകയായിരുന്നു.
ജീന്‍ തെറാപ്പി നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് നൂതന ചികിത്സയിലൂടെയും കുട്ടികള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെങ്കില്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്ന ഏത് ശ്രമവും വ്യക്തിപരമായി സന്തോഷം നല്‍കുന്നതാണ്. ആപത്ത് ഘട്ടങ്ങളില്‍ ജാതി, മതം, വര്‍ണം, വര്‍ഗം എന്നിവയ്ക്കതീതമായി സഹായഹസ്തം നീട്ടുന്ന കേരളീയരുടെ മനുഷ്യത്വം എസ്.എം.എ ബാധിതരായ കുട്ടികളുടെ കാര്യത്തിലും പ്രകടമാകുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates