Sree Padmanabhaswamy Temple ഫയൽ
Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ മുതല്‍; 'പാണ്ഡവന്മാര്‍ നിരന്നു', ആറാട്ടിനായി വിമാനത്താവളം അടച്ചിടുന്ന അപൂര്‍വ്വ ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ രണ്ടുവരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ രണ്ടുവരെ. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റോടുകൂടിയാണ് ഉത്സവം ആരംഭിക്കുക. ഏപ്രില്‍ രണ്ടിനാണ് ആറാട്ട്. ക്ഷേത്രത്തിനു മുന്നില്‍ പഞ്ചപാണ്ഡവന്മാരുടെ രൂപങ്ങളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി.

24ന് രാവിലെ 8.45ന് കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിക്കും. ശുദ്ധിക്രിയകള്‍ക്ക് ശേഷം പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും ചേര്‍ന്ന് തന്ത്രിക്ക് കൈമാറും. പത്മനാഭസ്വാമിക്കു മുന്നിലെ കൊടിമരത്തില്‍ തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടും തിരുവമ്പാടിയില്‍ തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാടും കൊടിയേറ്റിന് കാര്‍മ്മികരാകും. ഇതിന് മുന്നോടിയായി പള്ളിവേട്ടയ്ക്കുള്ള മുളപൂജയ്ക്ക് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നിന്ന് മണ്ണുനീര്‍ കോരി ക്ഷേത്രത്തിലെത്തിക്കും.

31ന് വലിയ കാണിക്ക സമര്‍പ്പിക്കല്‍ നടക്കും. ഏപ്രില്‍ 1ന് രാത്രിയാണ് പള്ളിവേട്ട. 2ന് വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവദിവസങ്ങളില്‍ വൈകീട്ട് 4.30നും രാത്രി 8.30നും ഉത്സവ ശ്രീബലി ഉണ്ടായിരിക്കും.

ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നു പോവുക. ഇതിനായി വിമാനത്താവളം അന്നേദിവസം ഉച്ചയ്ക്ക് ശേഷം പൂര്‍ണമായും അടച്ചിടും.

വര്‍ഷത്തില്‍ രണ്ട് തവണയുള്ള ഘോഷയാത്രയ്ക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കും. ഇത്തരത്തില്‍ ക്ഷേത്ര ചടങ്ങിനായി വിമാനത്താവളം അടച്ചിടുന്നത് ഇന്ത്യയില്‍ തന്നെ ഇവിടെ മാത്രമാണ്.

പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രം വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. വര്‍ഷത്തില്‍ പൈങ്കുനിയെന്നും അല്പശിയെന്നും പേരില്‍ രണ്ട് ഉത്സവങ്ങളാണ് ഇവിടെ നടക്കുന്നത്. അതില്‍ വര്‍ഷത്തിലെ ആദ്യത്തെ ഉത്സവമാണ് പൈങ്കുനി ഉത്സവം.

മീനമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പത്ത് ദിവസത്തെ ഉത്സവത്തിന് തുടക്കമാകുന്നത്. പൈങ്കുനി ഉത്സവത്തിലെ കൗതുക കാഴ്ച ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പഞ്ചപാണ്ഡവന്മാരുടെ കൂറ്റന്‍ ശില്‍പ്പങ്ങളാണ്.

കാഴ്ചയുടേയും ആചാര അനുഷ്ഠാനങ്ങളുടേയും വ്യത്യസ്തമായ കാഴ്ചയാണ് ഇത് സമ്മാനിക്കുന്നത്. പാണ്ഡവന്‍മാരില്‍ മുതിര്‍ന്ന ആളായതിനാല്‍ യുധിഷ്ഠിരന്‍ ഇരിക്കുന്ന രീതിയിലും മറ്റ് ശില്‍പ്പങ്ങള്‍ നില്‍ക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. ഫൈബര്‍ ഗ്ലാസിലാണ് ഇപ്പോഴത്തെ ശില്പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഇത്തരമൊരു ആചാരത്തിനു പിന്നിലെ വിശ്വാസം വരള്‍ച്ചയുമായി ബന്ധപ്പെട്ടാണ്. തലമുറകള്‍ക്ക് മുന്‍പ് തിരുവിതാംകൂറില്‍ വലിയ വരള്‍ച്ച ബാധിക്കുകയും അതിന്റെ ഭാഗമായി കൃഷി നശിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തൃപ്പടിദാനം നടത്തി രാജ്യം തന്നെ പത്മനാഭന് സമര്‍പ്പിച്ച് പത്മനാഭ ദാസനായി രാജ്യം ഭരിച്ചിരുന്ന തിരുവിതാകൂര്‍ രാജാവ് ക്ഷേത്രത്തില്‍ ദേവപ്രശ്നം നടത്തി.

ഇതില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചപാണ്ഡവരുടെ ശില്‍പ്പങ്ങള്‍ ക്ഷേത്രത്തിന് മുന്നില്‍ തന്നെ സ്ഥാപിച്ചത്. ഇതിലൂടെ മഴയുടെ ദൈവമായ ഇന്ദ്രന്‍ പ്രസാദിച്ചെന്നും ആവശ്യത്തിന് മഴ ലഭിച്ചെന്നുമാണ് വിശ്വാസം. കര്‍ണാടകത്തില്‍ നിന്നും പ്രത്യേകം ശില്പികളെ ഇവിടെയെത്തിച്ച് തടിയിലായിരുന്നു ശില്‍്പ്പങ്ങള്‍ നിര്‍മിച്ചത്. ഓരോ ഉത്സവത്തിനും പ്രത്യേകമായി ശില്‍പ്പങ്ങള്‍ നിര്‍മിക്കാറില്ല. അറ്റകുറ്റപണി നടത്തി പുനരുപയോഗിക്കാറാണ് പതിവ്. കാലപ്പഴക്കത്തില്‍ നശിച്ചു പോവുകയാണെങ്കില്‍ മാത്രം പുതിയത് നിര്‍മിക്കും. 1990ല്‍ നിര്‍മിച്ച ഫൈബര്‍ ഗ്ലാസിലുള്ള ശില്‍പ്പങ്ങളാണ് ഇപ്പോള്‍ ക്ഷേത്രത്തിലുള്ളത്.

sree padmanabhaswamy temple Painkuni Festival starts from tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; ആരോപണവുമായി സിപിഎം

ദീപികയ്ക്ക് പിന്നാലെ അനുഷ്‌ക ശര്‍മയും അല്ലു അര്‍ജുന്‍ ചിത്രത്തില്‍; തെലുങ്കിലൂടെ വന്‍ തിരിച്ചുവരവിനൊരുങ്ങി നടി

നാഷണൽ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് ബാങ്കിൽ ഓഫീസർ തസ്തികയിൽ ഒഴിവുകൾ, ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം

മങ്കടയിൽ സിപിഎം സ്ഥാനാർത്ഥിയെ മാറ്റി; ലീ​ഗ് വിമതൻ കുന്നത്ത് മുഹമ്മദിന് പിന്തുണ

SCROLL FOR NEXT