തിരുവനന്തപുരം: ആശുപത്രികളിൽ രോഗികളുടെ കൂട്ടിരുപ്പുകാരായി വരുന്നവർക്കറിയാം അടിയന്തര ഘട്ടത്തിലെ രക്തത്തിനുള്ള ആവശ്യം. പലപ്പോഴും നെട്ടോട്ടമോടേണ്ട അവസ്ഥയായിരിക്കും. അതെല്ലാം ഇനി പഴങ്കഥയാകും. സംസ്ഥാനത്തെ രക്തത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കുന്ന ആപ്ലിക്കേഷൻ സംസ്ഥാന ആരോഗ്യ വകുപ്പ് (State Govt) വികസിപ്പിക്കുന്നു. 'ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ' ആണ് വരുന്നത്.
ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായി ഒരു പ്രത്യേക പോർട്ടലും സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. 'ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ, സംസ്ഥാനത്തുടനീളമുള്ള രക്ത ബാങ്കുകളിലെ അനുയോജ്യമായ രക്ത ഗ്രൂപ്പുകളുടെ ലഭ്യതയും അളവും പൊതുജനങ്ങൾക്ക് അറിയാൻ കഴിയും'- മന്ത്രി പറഞ്ഞു. അപൂർവ രക്ത ഗ്രൂപ്പുകളുള്ള ദാതാക്കളുടെ ഒരു രജിസ്ട്രിയും പുറത്തിറക്കുന്നുണ്ട്. വരും വർഷങ്ങളിൽ 100% സ്വമേധയായുള്ള രക്തദാനമെന്ന ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വീണ ജോർജ് പറഞ്ഞു.
പ്രസവങ്ങൾ നടത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ തലം മുതൽ ആശുപത്രികളിൽ രക്ത സംഭരണ യൂണിറ്റുകളോ രക്ത ബാങ്കുകളോ ആരോഗ്യ വകുപ്പ് ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ദാതാവിൽ നിന്ന് രക്തം ശേഖരിക്കുന്നത് മുതൽ സ്വീകർത്താവിന് രക്തം നൽകുന്നത് വരെയുള്ള പ്രക്രിയ ട്രാക്ക് ചെയ്യുന്ന ഒരു ഡിജിറ്റൽ ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനവും ഇതിനോടകം നിലവിൽ വന്നിട്ടുണ്ട്. കെ-ഡിസ്‌ക്, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിൽ, ഇ-ഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് ആരോഗ്യ വകുപ്പ് ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates