തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ അടുത്തുകണ്ടാല്‍ ഒരു നാലാം ക്ലാസുകാരിയുടെ മനസില്‍ എന്തായിരിക്കും? ലോക പരിസ്ഥിതിദിനാചരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഒരു നാലാം ക്ലാസുകാരിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിന്ന ദൃശ്യങ്ങള്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു പരിസ്ഥിതിമിത്രം പ്രത്യേക ജൂറി അവാര്‍ഡ് സ്വീകരിച്ച കോഴിക്കോട് മലാപ്പറമ്പ് ലിറ്റില്‍ കിങ്‌സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി കെ പി ദേവിക മുഖ്യമന്ത്രിയോട് പങ്കുവച്ചത്.
ആറ് സെന്റ് മാത്രം വരുന്ന മലാപ്പറമ്പ് വേങ്ങേരിയിലെ പുരയിടത്തിലെ കൃഷിയാണ് കെ പി ദേവികയെ പരിസ്ഥിതിമിത്രം പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അതേ പുരയിടം നേരിടുന്ന ജപ്തിഭീഷണിയെ കുറിച്ചുള്ള ആശങ്കയായിരുന്നു പുരസ്‌കാരം സ്വീകരിച്ച് മുഖ്യമന്ത്രിയോട് പങ്കുവച്ചത്. നാലാം ക്ലാസുകാരിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായി. വായ്പയുടെ വിരങ്ങളും ഇടപെടല്‍ ആവശ്യപ്പെടുന്ന കത്തും ദേവിക മുഖ്യമന്ത്രിക്ക് നല്‍കി. വിഷയം പരിശോധിക്കാമെന്ന് വാക്കുനല്‍കിയാണ് മുഖ്യമന്ത്രി ദേവികയെ മടക്കി അയച്ചത്.
തയ്യല്‍ തൊഴിലാളിയായ ദേവികയുടെ അച്ഛന്‍ കെ പി ദീപക് ജോലി വിപുലീകരിക്കുന്നതിനും വീടുപണിക്കും വേണ്ടിയായിരുന്നു വായ്പ എടുത്തത്. സഹകരണബാങ്ക്, എസ്ബിഐ എന്നിലയില്‍ നിന്നും സ്വന്തമാക്കിയ ആറരലക്ഷം രൂപ വായ്പ കോവിഡ് പ്രതിസന്ധിയും അപകടവും ഉള്‍പ്പെടെ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിനിടെ ദേവിക അസുഖബാധിതയായതും ദീപകിന് വാഹനാപകടം സംഭവിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചു. വായ്പ മുടങ്ങിയതോടെ ബാങ്കുകള്‍ തുടര്‍നടപടിക്ക് മുതിരുകയായിരുന്നു. ഇക്കാര്യമാണ് ദേവിക മുഖ്യമന്ത്രിക്ക് മുന്നില്‍ ബോധിപ്പിച്ചത്.
വീട്ടുവളപ്പിലും ടെറസിലുമായി ഒരുക്കിയ കൃഷിത്തോട്ടമാണ് ദേവിക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കൃഷിത്തോട്ടം നേരിട്ടെത്തി വിലയിരുത്തിയാണ് പരിസ്ഥിതി-കാലാവസ്ഥാ ഡയറക്ടറേറ്റ് സംസ്ഥാന പരിസ്ഥിതിമിത്രം പ്രത്യേക ജൂറി പുരസ്‌കാരത്തിനായി ദേവികയെ തെരഞ്ഞെടുത്തത്. അച്ഛന്‍ ദീപകും അമ്മ സിന്‍സിയും കുഞ്ഞനിയന്‍ നിലനും ഒപ്പമാണ് ദേവിക പുരസ്‌കാരം വാങ്ങാന്‍ തിരുവനന്തപുരത്ത് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates