ന്യൂഡല്‍ഹി: പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം. കഴിഞ്ഞ ഓണക്കാലത്താണ് സുരേഷ് ഗോപി പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചത്. ഇത് വൈകിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്ന് ലക്ഷം രൂപ വരെയാണ് ധനസഹായം.
ഫെയ്‌സ്ബുക്കിലൂടെ കേന്ദ്ര മന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയാണ് ധനസഹായം പ്രഖ്യാപിച്ച വിവരം പങ്കുവെച്ചത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തതു കൊണ്ടാണ് ഫണ്ട് ലഭ്യമാകാന്‍ കാലതാമസം എടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. ''ഭാവിയില്‍ ഇത്തരം പദ്ധതികളില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പിന്റെയും അണ്ടര്‍ടേക്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫണ്ട് പൂര്‍ണ്ണമായി അനുവദിച്ചിരിക്കുന്നത്.
നമ്മുടെ പൊന്നോണത്തിന് പുലിക്കളിയുടെ വര്‍ണ്ണപ്പൊലിമ കൂട്ടാനും, നമ്മുടെ തനത് സംസ്‌കാരത്തെ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിര്‍ത്താനും ഈ തുക വലിയൊരു കരുത്താകും. സാംസ്‌കാരിക നഗരത്തിന്റെ അഭിമാനമാണ് പുലിക്കളി. അതിനെ നെഞ്ചിലേറ്റാന്‍ നിങ്ങള്‍ക്കൊപ്പം എന്നും ഞാനും ഉണ്ട്'', സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.തൃശൂരിന്റെ സാംസ്‌കാരിക പെരുമയ്ക്കും ഈ കലാരൂപത്തിനും ഒരു തടസ്സവും വരാന്‍ പാടില്ല എന്ന ആഗ്രഹത്തോടെ, ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭ്യമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates