കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ഷഹബാസ്.
എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനു കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടൽ. സംഭവത്തിൽ 5 വിദ്യാർഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനു ശേഷം സമൂഹ മാധ്യമത്തിലൂടെ ഇരു വിഭാഗവും തമ്മിൽ വാക്കു തർക്കവുമുണ്ടായിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കു ശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം.
വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞതിനു ശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്എസ്എസ് വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്നാണ് ഏറ്റുമുട്ടിയത്. വൈകീട്ട് ആറരയോടെ താമരശ്ശേരി- വെഴുപ്പൂർ റോഡിലെ ചയക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെ നിന്നു പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തു വച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.
സംഘർഷത്തിനിടെ മുഹമ്മദ് ഷഹബാസിനു മർദ്ദനമേറ്റ് തലയ്ക്കു പരിക്കേൽക്കുകയായിരുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്നു വിദ്യാർഥികൾ പൊലീസിനെ അറിയിച്ചത്. അതേസമയം താമരശ്ശേരിയിലെ വിദ്യാർഥികളെ കൂടാതെ പുറമേ നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.
തലയ്ക്കു ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്നു വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അൽപ്പം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരി വസ്തുക്കൾ നൽകിയതാണോയെന്ന സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്.
പിന്നാലെ വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളജ് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഷഹബാസിന്റെ തലച്ചോറിൽ ആന്തരിക രക്തസ്രാവവും ചെവിക്കു സമീപം എല്ലിനു പൊട്ടലുമുണ്ടായിരുന്നു. ഒരു ദിവസത്തിലേറെ ആശുപത്രിയിൽ വെന്റിലറ്റേറിൽ കഴിഞ്ഞ വിദ്യാർഥി പുലർച്ചെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates