സിസിടിവി ദൃശ്യത്തിൽ നിന്ന് 
Kerala

കുട്ടിക്ക് അമാനുഷിക ശേഷി, ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്; വിചിത്രവാദങ്ങളുമായി അമ്മ; സംരക്ഷണം ആവശ്യപ്പെട്ട് അച്ഛൻ ആശുപത്രിയിൽ

രണ്ടര വയസ്സുകാരി ‘ബാധ ഒഴിപ്പിക്കൽ’ നടപടിക്കു വിധേയമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശരീരമാസകലം ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ് കുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ ശരീരത്തില്‍ ഗുരുതര പരിക്കാണുള്ളതെന്ന് ശിശുക്ഷേമസമിതി വൈസ് ചെയര്‍മാന്‍ അരുണ്‍കുമാര്‍ പറഞ്ഞു. 

48 മണിക്കൂര്‍ പിന്നിടുമ്പോള്‍, കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. കുട്ടി മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപസ്മാര ലക്ഷണങ്ങള്‍ കുറഞ്ഞുവരികയാണ്. അതുകൊണ്ട് തന്നെ അല്പം പ്രതീക്ഷയുണ്ട്. എന്നാല്‍ വരുന്ന 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

വിചിത്ര വാദങ്ങളുമായി അമ്മയും അമ്മൂമ്മയും

അതേസമയം കുട്ടിയുടെ ശരീരത്തിലെ പരുക്കുകള്‍ സംബന്ധിച്ച് വിചിത്രവാദങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉന്നയിക്കുന്നത്. കുട്ടിക്ക് അമാനുഷികശക്തിയുണ്ട്. ഇതിന്റെ ഭാഗമായി കുട്ടി സ്വയം തന്നെ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഏല്‍പ്പിക്കുകയാണ്. കുട്ടിയുടെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി പലരും വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും അമ്മയും അമ്മൂമ്മയും പറയുന്നു. 

കുട്ടിയുടെ അച്ഛന്‍ ആശുപത്രിയിലെത്തി

അതിനിടെ കുട്ടിയുടെ അച്ഛന്‍ ആശുപത്രിയിലെത്തി. കുട്ടിയുടെ സംരക്ഷണം ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആന്റണി ടിജിന്‍ ലഹരിക്ക് അടിമയാണ്. അയാള്‍ കുട്ടിയെ മര്‍ദ്ദിച്ചതാകാമെന്ന് അച്ഛന്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടിക്ക് രണ്ടു വയസ്സ് തികഞ്ഞത്. അന്നത്തെ ബര്‍ത്ത്‌ഡേയ്ക്ക് ശേഷമാണ് അമ്മയും കുട്ടിയും എറണാകുളത്തെ ഭാര്യവീട്ടിലേക്ക് വരുന്നത്. 

തന്റെ കുട്ടി ഹൈപ്പര്‍ ആക്ടീവ് ഒന്നുമല്ല. സാധാരണ കുട്ടികള്‍ക്കുള്ള കുസൃതി മാത്രമേയുള്ളൂ. സ്മാര്‍ട്ടായ കുട്ടിയാണ്. കുട്ടിയുടെ പഴയ വീഡിയോ അടക്കമുള്ളവ തന്റെ പക്കലുണ്ട്. അത് ഡോക്ടര്‍മാരെയും കാണിച്ചിരുന്നു. ഏഴുമാസം മുമ്പ് സാധാരണ പോലെ വീട്ടില്‍ നിന്നും പോയതാണ്. പിന്നെ വീട്ടിലേക്ക് തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല. പിന്നെ തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കൊച്ചി പനങ്ങാടുള്ള വീട്ടിലെത്തിയശേഷമാണ് ഭാര്യയും കുട്ടിയും താനുമായി അകന്നതെന്നും, കാരണം അറിയില്ലെന്നും ഇദ്ദേഹം പറയുന്നു. 

ആന്റണി ടിജിന്‍ എന്നയാള്‍ കുടുംബത്തിനൊപ്പം താമസിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന്, ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ആന്റണി ടിജിനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു. ഇയാളുമായി ബന്ധം തുടരാന്‍ സഹോദരി തീരുമാനിക്കുകയായിരുന്നു. മകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മൂമ്മയ്ക്ക് മാനസികമായ ചില പ്രശ്‌നങ്ങളുണ്ട്. രക്ഷപ്പെട്ട ആന്റണിക്കൊപ്പമുള്ള ആണ്‍കുട്ടിയെ ഉടന്‍ കണ്ടെത്തി രക്ഷപ്പെടുത്തിയില്ലെങ്കില്‍ ആ കുട്ടിയുടെ ജീവനും അപകടത്തിലാകുമെന്ന് ഇദ്ദേഹം പറഞ്ഞു. 

ഇയാളില്‍ നിന്നും വിശദമായ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അമ്മയെയും അമ്മൂമ്മയെയും ചോദ്യം ചെയ്യണമെന്നും, ഇവര്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും ആക്ഷേപമുണ്ട്. കൗണ്‍സിലിംഗ് അടക്കം നടത്തി ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരൂവെന്ന് പൊലീസ് സൂചിപ്പിച്ചു. 

'ബാധ ഒഴിപ്പിക്കൽ’ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നു

രണ്ടര വയസ്സുകാരി ‘ബാധ ഒഴിപ്പിക്കൽ’ നടപടിക്കു വിധേയമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹൈപ്പർ ആക്ടീവായ ബാലിക പലപ്പോഴും പ്രായത്തേക്കാൾ കൂടിയ വികൃതികൾ കാട്ടാറുണ്ടെന്ന് അമ്മയും മുത്തശ്ശിയും മൊഴി നൽകിയിട്ടുണ്ട്. ഇതു ബാധയാണെന്ന ധാരണയിൽ ദുർമന്ത്രവാദികൾ ആരെങ്കിലും വീട്ടിലെത്തി കുട്ടിയെ പരുക്കേൽപ്പിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. 

സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു

ഞായറാഴ്ച രാത്രി തെങ്ങോടിലെ ഫ്ലാറ്റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കുട്ടിക്കും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ എന്നയാളും കുട്ടിയുടെ അമ്മയുടെ സഹോദരി അടക്കമുള്ളവരുടെ സിസിടിവി ദൃശ്യങ്ങൾ സിസിടിവി ക്യാമറിയിൽ വ്യക്തമായിട്ടുണ്ട്.  ഇവർ പുറത്തേക്ക് പോകുന്നതിന്റെ അടക്കം ദൃശ്യങ്ങളുണ്ട്.

ഇവർ മറ്റേതെങ്കിലും കേന്ദ്രത്തിൽ പോയതിനു ശേഷമാണോ കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചശേഷം ആന്റണി കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനുമൊപ്പം പുലര്‍ച്ചെ രണ്ടുമണിയ്ക്ക് ഫ്ലാറ്റില്‍ തിരിച്ചെത്തി. 20 മിനുട്ടിനകം സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ഇവര്‍ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT