minister v sivankutty സ്ക്രീൻഷോട്ട്
Kerala

മിഥുന്റെ മരണം; തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

കൊല്ലം ശാസ്താംകോട്ട തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ട തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തേവലക്കര സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ ആകസ്മിക വേര്‍പാട് കേരളത്തെയാകെ ദുഃഖത്തില്‍ ആഴ്ത്തിയ സംഭവമാണ്. സംഭവവുമായി ബന്ധപ്പെട്ട് മാനേജര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. മാനേജര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം:

ആയിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ടിലെ കേരള വിദ്യാഭ്യാസ ആക്റ്റ് സെക്ഷന്‍ പതിനാലിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും എയ്ഡഡ് വിദ്യാലയത്തിന്റെ മാനേജര്‍ ഈ ആക്റ്റിനാലോ ആക്റ്റിന്‍ കീഴിലോ അല്ലെങ്കില്‍ അതിന്‍ കീഴില്‍ ഉണ്ടാക്കിയ ചട്ടങ്ങളാലോ ചുമത്തപ്പെട്ട കൃത്യങ്ങളില്‍ വല്ലതും നിര്‍വ്വഹിക്കുന്നതില്‍ ഉപേക്ഷ കാണിച്ചിട്ടുണ്ടെന്നും പൊതുതാല്‍പര്യം മുന്‍ നിര്‍ത്തി അഞ്ച് വര്‍ഷത്തില്‍ കഴിയാത്ത കാലത്തില്‍ പ്രസ്തുത വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുന്നത് ആവശ്യമാണെന്ന് ഗവണ്‍മെന്റിന് തോന്നുമ്പോഴെല്ലാം നിര്‍ദ്ദിഷ്ട കാര്യങ്ങള്‍ക്ക് എതിരായി കാരണം ബോധിപ്പിക്കാന്‍ ന്യായമായ ഒരു അവസരം മാനേജര്‍മാര്‍ക്കും ഏതെങ്കിലും വിദ്യാഭ്യാസ ഏജന്‍സി ഉണ്ടെങ്കില്‍ ആ ഏജന്‍സിയ്ക്ക് നല്‍കുകയും എന്തെങ്കിലും കാരണം കാണിച്ചിട്ടുണ്ടെങ്കില്‍ അത് പരിഗണിച്ച ശേഷം പൊതു താല്‍പര്യാര്‍ത്ഥം ആ കാലത്തേക്ക് അങ്ങനെ ഏറ്റെടുക്കുന്നത് ആവശ്യമാണെന്ന് ബോധ്യമായാല്‍ ഗവണ്‍മെന്റിന് അങ്ങനെ ചെയ്യാവുന്നതാണ്. തേവലക്കര സ്‌കൂളിലെ അപകടമരണവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ മാനേജരെ പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

സര്‍ക്കാര്‍ ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണ്. മിഥുന്‍ കേരളത്തിന്റെ മകനാണ്. മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗെയിഡ്സ് മുഖാന്തിരം വീട് വെച്ച് നല്‍കുന്നതിനും ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറിക്കഴിഞ്ഞു. 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെഎസ്റ്റിഎ 10 ലക്ഷം രൂപ ധനസഹായം ഉടന്‍ തന്നെ കൈമാറും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ മെയ് മാസം 13-ാം തീയതിയും 31-ാം തീയതിയും രണ്ട് സര്‍ക്കുലറുകളിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയില്‍ നിരവധി യോഗങ്ങള്‍ എന്റെ അദ്ധ്യക്ഷതയിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും ചേരുകയും സ്‌കൂളുകളിലെ സുരക്ഷാ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

എന്നിട്ടും ദാരുണമായ സംഭവം തേവലക്കര ഹൈസ്‌കൂളില്‍ ഉണ്ടായി. ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഡിഡിഇ, എഡി, ആര്‍ഡിഡി, ഡിഇഒ, എഇഒ, വിദ്യാകിരണം-കൈറ്റ്- എസ്എസ്‌കെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു.

സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച് നിരവധി സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് രണ്ടായിരത്തി ഇരുപത്തിയഞ്ച് മെയ് 13 നും 31 നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എഇഒ, ഡിഇഒ, ഡിഡി, ആര്‍ഡിഡി,എഡി ബിആര്‍സി വഴി സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കും. ജൂലൈ 31 ന് മുമ്പായി ഡിഡിമാര്‍, ജില്ലാ തലത്തില്‍ ചെയ്യേണ്ടവ മുന്‍നിര്‍ത്തി അതാത് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കും. ഇതിന്റെ മൊത്തം റിപ്പോര്‍ട്ട് ക്രോഡീകരിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കും.

കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കണം. എല്ലാ ഡിഡിമാരും സ്‌കൂള്‍ സുരക്ഷാ വിഷയം ഡിഡിസിയിലെ സ്ഥിരം അജണ്ട ആക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസഡയറക്ടര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കത്ത് നല്‍കും. മുഖ്യമന്ത്രി തന്നെ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു ചെയ്തിട്ടുണ്ട്.

ജില്ലയില്‍ ഡിഡിഇ., ആര്‍ഡിഡി, എഡി, ഡയറ്റ് പ്രിന്‍സിപ്പല്‍, കൈറ്റ് ജില്ലാ ഓഫീസര്‍, എസ്എസ്കെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 7 ടീമുകള്‍ ഓരോ സ്‌കൂളുകളും സന്ദര്‍ശിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ഡിഡിഇയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ടീമുകളെ നിയോഗിക്കാം. സമ്പൂര്‍ണ്ണ പ്ലസ്സില്‍ സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച് ഒരു പേജ് തുടങ്ങും. ചെക്ക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടാകും. സേഫ്റ്റി ഓഡിറ്റിന് ശേഷം ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ ഇക്കാര്യങ്ങള്‍

വിശദമായി രേഖപ്പെടുത്തണം. മൂന്ന്/നാല് ജില്ലകളുടെ ചുമതല ക്യുഐപി ഡിഡിമാര്‍ക്ക് നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ ഒരു സേഫ്റ്റി സെല്‍ രൂപീകരിച്ചു. ഇത് പൊതുജനങ്ങള്‍ക്ക് പരാതികളോ അറിയിപ്പുകളോ നല്‍കാന്‍ ഒരു വാട്ട്‌സ് ആപ്പ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് പൊതുജനങ്ങളെ അറിയിക്കും. പിറ്റിഎ, കുട്ടികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് എന്തെങ്കിലും സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ ഈ നമ്പറില്‍ അറിയിക്കാം. നിലവിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജൂലൈ 31 ന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

thevalakkara school management dissolved; government takes over administration: minister v sivankutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

SCROLL FOR NEXT