തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17 വയസ്സുകാരനായ അഭിറാം ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് മധു. കാണാതായ അന്ന് രാത്രി തന്നെ പൊലീസിൽ പരാതി നൽകിയിട്ടും നിലവിൽ കുറ്റസമ്മതം നടത്തിയ കുട്ടിയെ കസ്റ്റഡിയിലെടുത്ത് കൃത്യമായി ചോദ്യം ചെയ്യാതെ വിട്ടയച്ചതാണ് അന്വേഷണത്തിൽ തിരിച്ചടിയായതെന്ന് അദ്ദേഹം ആരോപിച്ചു. പിറ്റേദിവസം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. അതിനിടയിൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാകാമെന്നും മധു ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മുഖ്യപ്രതിയും സുഹൃത്തായ അനന്തയും ഉൾപ്പെടെ മൂന്നുപേരെയാണ് പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തത്.
"ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ അഭിറാം വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം ഒരു കല്യാണ റിസപ്ഷൻ ഉള്ളതിനാൽ നാല് മണിക്ക് തന്നെ തിരിച്ചെത്തണമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. എന്നാൽ നാല് മണിയായിട്ടും അവനെ കാണാഞ്ഞപ്പോൾ ഫോണിൽ വിളിച്ചു. ആദ്യം ഫോൺ എടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ ഫോണെടുക്കുകയും പത്തുമിനിറ്റിനുള്ളിൽ വീട്ടിൽ എത്താമെന്ന് പറയുകയും ചെയ്തു. പക്ഷേ, അവൻ നല്ലപോലെ കിതയ്ക്കുന്നുണ്ടായിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. മഴയുള്ള സമയമായതിനാൽ അവൻ എവിടെയെങ്കിലും കയറി നിൽക്കുകയാണെന്നാണ് കരുതിയത്. രാത്രി ഒൻപതര കഴിഞ്ഞിട്ടും വരാതിരുന്നപ്പോൾ ഞങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു."
"തുടർന്നുള്ള അന്വേഷണത്തിൽ അവൻ ഇപ്പോൾ അറസ്റ്റിലായ 17 വയസുകാരന്റെ വീട്ടിലേക്കാണ് പോയതെന്ന് മനസ്സിലായി. ഞങ്ങൾ ആ വീട്ടിൽ വിളിച്ച് ചോദിച്ചപ്പോൾ, ഉച്ചയ്ക്ക് ശേഷം അവനെ കണ്ടിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. ഒരു പെൺകുട്ടി പാങ്ങപ്പാറയ്ക്ക് വരാൻ പറഞ്ഞതനുസരിച്ചാണ് അവൻ പോയതെന്നും അവർ പറഞ്ഞു. അങ്ങനെ ആ പെൺകുട്ടിയുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ, അഭിറാമിനെ തനിക്ക് അറിയുക പോലുമില്ലെന്ന പച്ചക്കള്ളമാണ് പെൺകുട്ടി പറഞ്ഞത്. പൊലീസ് അന്ന് രാത്രി തന്നെ പതിനേഴുകാരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ലാഘവത്തോടെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. പിറ്റേദിവസം പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് മൊഴിയിലെ വൈരുദ്ധ്യങ്ങൾ പുറത്തുവന്നതും പ്രതികളിലേക്ക് എത്തിയതും"- മധു വ്യക്തമാക്കി. അഭിറാം പെൺകുട്ടിക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെങ്കിലും മോശമായ രീതിയിൽ ഒന്നും അയച്ചിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.
പ്രതികൾ ലക്ഷ്യമിട്ടിരുന്നത് അഭിരാമിനെയല്ലെന്നും മറിച്ച് അവന്റെ സുഹൃത്തിനെയാണെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇൻസ്റ്റാഗ്രാം ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണമാണ് കേസിൽ നിർണായകമായത്. മണക്കാട് സ്വദേശിനിയായ അനന്തയെന്ന 18-കാരിയുമായി അഭിരാമിന്റെ സുഹൃത്ത് പ്രണയത്തിലായിരുന്നു. കേസിൽ പിടിയിലായ 17കാരനായ പ്രതിയുമായി ഈ പെൺകുട്ടി മുൻപ് അടുപ്പത്തിലുണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിലുള്ള ബന്ധം തകർന്നശേഷമാണ് അനന്ത അഭിരാമിന്റെ സുഹൃത്തുമായി അടുക്കുന്നത്.
ഇതിന്റെ വൈരാഗ്യത്തിൽ പുതിയ കാമുകനെ ഇല്ലായ്മ ചെയ്യാൻ പദ്ധതിയിട്ട പ്രതി, അനന്തയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സുഹൃത്തിനെ അവിടെ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അഭിറാം അതിന് തയ്യാറായില്ല. ഇതേത്തുടർന്നുണ്ടായ തർക്കത്തിനിടയിലാണ് അഭിരാമിനെ വായിൽ തുണിതിരുകി ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ശ്്വാസംമുട്ടി വീണ അഭിരാമിന്റെ മൃതദേഹം ചാക്കിലാക്കി സമീപത്തെ കാടുമൂടിയ പറമ്പിലേക്ക് തള്ളുകയായിരുന്നു.
കേസിൽ പ്രായപൂർത്തിയാകാത്ത മുഖ്യപ്രതി, മണക്കാട് സ്വദേശിനിയായ അനന്ത, ശ്രീകാര്യം സ്വദേശി ഉമർ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. താനാണ് അഭിരാമിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം, പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയ അഭിരാമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates