തൃശൂര്‍: മേളപ്പൂരമായി മാറിയ തൃശൂര്‍ പൂരം കൊട്ടിക്കയറിയപ്പോള്‍ പൂരാവേശം ഉച്ചസ്ഥായിലെത്തിച്ച് ഇലഞ്ഞിച്ചോട്ടില്‍ മേളവിസ്മയം. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളയ്ക്ക് തുടക്കമായത്. 250 കലാകാരന്‍മാരാണ് ഇതില്‍ അണിനിരന്നത്.
തുടര്‍ന്ന് വൈകീട്ട് അഞ്ചുമണിയോടെ മേളം കൊട്ടി അവസാനിപ്പിച്ച് തെക്കോട്ടിറക്കം ആരംഭിക്കും. തുടര്‍ന്നാണ് കുടമാറ്റം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ 15 മിനിറ്റ് മാത്രമാണ് കുടമാറ്റം. കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. 16 വര്‍ഷത്തിന് ശേഷമാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ശിവരാജു തൃശൂര്‍ പൂരത്തിനെത്തുന്നത്.
ബ്രഹ്മസ്വം മഠത്തിനു മുന്നില്‍ പെയ്തിറങ്ങി തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തില്‍ ഒന്നര മണിക്കൂറാണ് പഞ്ചവാദ്യം അരങ്ങേറിയത്. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടി ഭഗവതിയുടെ കോലമേറ്റുന്നത്. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂര്‍ പൂരദിനത്തിലേക്ക് ഉണര്‍ന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. കണിമംഗലം ശാസ്താവ് വെയിലേല്‍ക്കാതെ സൂര്യോദയത്തിന് മുന്‍പ് തട്ടകത്തുനിന്നും പുറപ്പെട്ട് തേക്കിന്‍ കാടെത്തിയതോടെ പൂരം ആവേശത്തിന് തുടക്കമായി. വലിയാലുക്കല്‍ കുട്ടിശങ്കരനാണ് കോലമേറ്റിയത്. ജിതിന്‍ കല്ലാറ്റ് ആയിരുന്നു മേളപ്രമാണി.
പിന്നാലെ പനമുക്കംപിള്ളി ശാസ്താവും വടക്കുന്നാഥനിലെത്തി. പെരുമ്പളം ശരത് ആയിരുന്നു മേളപ്രമാണി. പൂര പ്രേമികള്‍ കാത്തിരുന്ന ചെമ്പുക്കാവിന്റെ വരവായിരുന്നു പിന്നീട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആയിരുന്നു തിടമ്പേറ്റിയത്. പാറമേക്കാവ് അഭിഷേക് ആയിരുന്നു മേള പ്രമാണി. കിഴക്കേ നട വഴി വടക്കുന്നാഥന്‍ അകത്തു കയറി കയറി തെക്കേ നടവഴി പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും രാമന്‍ ആരാധകരുടെ ആവേശം ഉച്ചസ്ഥായിലായി. ഒന്‍പത് ആനകളുടെ അകമ്പടിയോടെയാണ് കാരമുക്ക് ഭഗവതി വടക്കുന്നാഥനിലെത്തിയത്. പെരുവനം കുട്ടന്മാരായിരുന്നു മേള പ്രമാണി. ശങ്കരം കുളങ്ങര ഉദയന്‍ തിടമ്പേറ്റി. ഒന്‍പത് ആനകളുടെ അകമ്പടിയോടെ ലാലൂര്‍ ഭഗവതി നടുവിലാലില്‍ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറി. പാറമേക്കാവ് അര്‍ജുന്‍ ആയിരുന്നു മേളപ്രമാണി.
പിന്നാലെ പൂരത്തില്‍ ഘടകപൂരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആനകളെ അണിനിരത്തുന്ന ചൂരക്കോട്ടുകാവ് ഭഗവതിയുടെ വരവായിരുന്നു. പിന്നാലെ പതിമൂന്നാനകളുടെ അകമ്പടിയില്‍ അയ്യന്തോള്‍ ഭഗവതി എത്തി. ചെറുശ്ശേരി കുട്ടന്മാരായിരുന്നു മേള പ്രമാണി. ഒടുവില്‍ പതിനൊന്ന് ആനകളുടെ അകമ്പടിയോടെ നെയ്തലക്കാവ് ഭഗവതിയുടെ ഊഴമായി. ഇതിനിടെ പതിനൊന്നരയോടെ ആരംഭിച്ച തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ പൂരനഗരി അലിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates