കണ്ണൂരില്‍ സിപിഎമ്മിന്റെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ വിമതനായി മത്സരിച്ചു മിന്നും ജയം നേടിയിരിക്കുകയാണ് മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ടികെ ഗോവിന്ദന്‍. യു.ഡിഎഫ് സ്വതന്ത്രനായി ഗ്യാസ് സിലിന്‍ഡര്‍ ചിഹ്നത്തില്‍ മത്സരിച്ച ടി. കെ ഗോവിന്ദന്‍ ചെങ്കൊടി മാത്രം ഉയരുകയും ഇന്‍ക്വിലാബ് മാത്രം വിളിക്കുകയും പുരോഗമന ആശയങ്ങള്‍ മാത്രം ശ്വസിക്കുകയും ചെയ്യുന്ന മൊറാഴയും ആന്തൂരും മയ്യിലും മലപ്പട്ടവുമൊക്കെ പിടിച്ചു കുലുക്കി. സിപിഎം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത തോല്‍വികളിലൊന്നാണ് തളിപ്പറമ്പിലേത്. പരാജയപ്പെട്ടത് ഭാര്യ പികെ ശ്യാമളയാണെങ്കിലും ഇരുട്ടടി കിട്ടിയത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ്. തളിപ്പറമ്പില്‍ മത്സരിക്കാര്‍ മറ്റാരുണ്ടെന്ന് ചോദിച്ച എംവി ഗോവിന്ദനും സിപിഎമ്മിനും ജനങ്ങള്‍ കൊടുത്ത മറുപടിയാണ് ടികെ ഗോവിന്ദനെന്ന യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വിജയം. താന്‍ നടത്തിയ പോരാട്ടത്തെ കുറിച്ചു ടികെ ഗോവിന്ദന്‍ സമകാലിക മലയാളത്തോട് കണ്ണൂരില്‍ പ്രതികരിക്കുന്നു
കേരളത്തില്‍ സിപിഎം തിരിച്ചു വരുമോ അതോ ബംഗാളിന്റെ പാതയിലാണോ?
കേരളത്തിലെ നേതൃത്വം തെറ്റുതിരുത്തി മുന്‍പോട്ടു പോയില്ലെങ്കില്‍ ഇവിടെയും ബംഗാള്‍ ആവര്‍ത്തിക്കും. 25 വര്‍ഷക്കാലം ബംഗാള്‍ ഭരിച്ച പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഒരു എംഎല്‍ എ മാത്രമേയുള്ളുവെന്നതാണ് യാഥാര്‍ത്ഥ്യം.
സിപിഎം തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
സംസ്ഥാന നേതൃത്വം തെറ്റ് മനസിലാക്കി തിരുത്തിയാല്‍ തിരിച്ചു വരാം, അല്ലെങ്കില്‍ ബംഗാള്‍ മാതൃകയില്‍ തകര്‍ന്നടിയും.
ബംഗാളില്‍ സിപിഎമ്മിനെ തകര്‍ത്തത് നക്‌സലുകള്‍ മുതല്‍ ജമാഅത്തെ ഇസ്ലാമി വരെയുള്ള മഴവില്‍ സഖ്യമാണ്, കേരളത്തിലും അങ്ങനെയൊന്നുണ്ടോ?
കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് വിജയം നേടാനായത്. അതില്‍ മറ്റു ശക്തികള്‍ക്ക് പങ്കില്ല.
സിപിഎമ്മിനെതിരായ മഴവില്‍ സഖ്യത്തിന്റെ ഭാഗമായത് ശരിയെന്ന് തോന്നുന്നുണ്ടോ?
സി.പിഎം നേതൃത്വത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് പാര്‍ട്ടിക്ക് പുറത്ത് വന്ന് പോരാടിയത്. അതിന് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും നേതാക്കളും യുഡിഎഫും പിന്‍തുണച്ചു. ബംഗാളില്‍ നേരത്തെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിച്ചിട്ടുണ്ട്.
പാര്‍ട്ടിയെ നയിച്ച വ്യക്തികള്‍ക്കേറ്റ തിരിച്ചടിയാണോ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്?
പിണറായി വിജയനോ എം.വി ഗോവിന്ദനോ വ്യക്തിപരമായേറ്റ തിരിച്ചടിയല്ല നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായത്.
മൂന്നിടങ്ങളില്‍ സി.പിഎം വിമത സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് യാദ്യച്ഛികമാണോ?
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളാണ് പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും സി.പി എമ്മില്‍ നിന്ന് പുറത്തുവന്നു മത്സരിച്ചവരെ ജയിപ്പിച്ചത്.
പയ്യന്നൂരില്‍ തിരിച്ചടി സംഭവിച്ചത് എന്തുകൊണ്ടാണ്?
പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയില്‍ വ്യക്തമായ ഉത്തരം പാര്‍ട്ടി അണികള്‍ക്കോ ജനങ്ങള്‍ക്കോ നല്‍കാന്‍ കഴിഞ്ഞില്ല. വി കുഞ്ഞികൃഷ്ണന്റെ കണക്കാണ് പയ്യന്നൂരുകാര്‍ വിശ്വസിച്ചത്. അല്ലാതെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതല്ല
എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്താല്‍ മുന്‍പോട്ടുള്ള നീക്കങ്ങള്‍ എന്തൊക്കെയാണ്?
എല്ലാവരുടെയും എംഎല്‍എയായിട്ട് പ്രവര്‍ത്തിക്കും. ആര്‍ക്കു വേണമെങ്കിലും എന്നെ സമീപിക്കാം. സിപിഎമ്മുകാരോടും ആരോടും ഒരു പരിഭവം കാണിക്കില്ല. കഴിയുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും ചെയ്തു കൊടുക്കും. യുഡിഎഫ് എംഎല്‍എ യായിട്ട് നിയമസഭയില്‍ പ്രവര്‍ത്തിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കടുത്ത എതിര്‍പ്പുണ്ടായിരുന്നില്ലേ ?
അതൊക്കെ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. അങ്ങനെ കണ്ടാല്‍ മതി. മലപ്പട്ടത്ത് ഞാന്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് പണി കൊടുത്ത സിപിഎമ്മുകാര്‍ എന്നെ സംഘം ചേര്‍ന്ന് കൂകി വിളിച്ചു അതില്‍ ചെറിയ സങ്കടം തോന്നി. എന്നാല്‍ കൂകി വിളിച്ചത് പിന്നീട് ഗുണമായി മാറി. കൂകി വിളിച്ചവരുടേത് ഉള്‍പ്പെടെ വോട്ടു നേടി മലപട്ടം പഞ്ചായത്തില്‍ മുന്‍പിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates