തിരുവനന്തപുരം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്കെതിരായ വധഭീഷണിയില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം. വധഭീഷണി ഗൗരവമായി കാണുന്നു. വധഭീഷണിക്ക് പിന്നില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെന്ന് സംശയമുണ്ട്. പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
തിരുവഞ്ചൂരിനോട് വിരോധമുള്ള ക്രിമിനലുകളാണ് ഊമക്കത്തിന് പിന്നിലെന്ന് സംശയമുണ്ട്. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ടിപി കേസ് പ്രതികളെ ജയിലിലടച്ചത്. ജയിലിലുള്ള ടി പി കേസ് പ്രതികളാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളത്. ജലിലിരുന്ന് പുറത്തുള്ള എല്ലാവിധ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് അവരാണ്.
10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. മുന്‍ ആഭ്യന്തരമന്ത്രിക്ക് പോലും ഊമക്കത്ത് അയക്കാന്‍ ധൈര്യപ്പെടുന്ന തരത്തില്‍ സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ, ഏജീസ് ഓഫീസ് അക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
തിരുവഞ്ചൂരിന്റെ പരാതിയില്‍ ഗൗരവമായ അന്വേഷണം നടത്തണം. അദ്ദേഹത്തിന് ആവശ്യമായ സുരക്ഷ നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായി വി ഡി സതീശന്‍ പറഞ്ഞു. തിരുവഞ്ചൂരിനേയും ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ക്രിമിനലുകള്‍ അല്ലാതെ സര്‍വോദയക്കാര്‍ പറയുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചു. നിങ്ങളെന്റെ ജീവിതം കളഞ്ഞു, കല്‍ത്തുറുങ്കിലാക്കി എന്നെല്ലാം കത്തില്‍ പറയുന്നുണ്ട്. കത്തിന്റെ പിന്നില്‍ ആരെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates