സമകാലിക മലയാളം വാരികയ്ക്ക് ടിജെ എസ് ജോര്‍ജ് ആരാണെന്നു ചോദിച്ചാല്‍ എല്ലാമായിരുന്നു എന്നാണ് മറുപടി. വാരികയുടെ സ്ഥാപകന്‍, കോളമിസ്റ്റ് എല്ലറ്റിനുമപരി വാരികയുടെ നട്ടെല്ല്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം വാരികയുടെ നഷ്ടമാണ്. 'ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ' ഡയറക്ടര്‍ എന്ന നിലയില്‍ അതിന്റെ പ്രസിദ്ധീകരണമായ സമകാലിക മലയാളത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ ഇടപെടല്‍ സുവ്യക്തമായിരുന്നു. പ്രഥമ പത്രാധിപരായി എസ്. ജയചന്ദ്രന്‍ നായരെ കണ്ടെത്തുന്നതു മുതല്‍ വാരികയുടെ ഓരോ താളിലും അദ്ദേഹത്തിന്റെ ശ്രദ്ധയെത്തിയിരുന്നു.
വാരികയില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളോ കുറിപ്പുകളോ രാഷ്ട്രീയ വിശകലനങ്ങളോ വരുന്ന ഓരോ ലക്കവും കൗതുകത്തോടെയാണ് ഞങ്ങള്‍ കണ്ടിരുന്നത്. കാരണം അതില്‍ പുതുതായി, അതുവരെ കാണാത്ത ഒരാംഗിള്‍ അതില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും. നന്നായി മലയാളം എഴുതാനും വായിക്കാനും അറിയുമായിരുന്ന അദ്ദേഹത്തിന് 'ഘോഷയാത്ര' എന്ന ആത്മകഥാപരമ്പര വാരികയ്ക്കായി എഴുതുമ്പോള്‍ എഴുതുന്ന ഭാഷയെപ്പറ്റി ഒട്ടും ആശങ്കയില്ലായിരുന്നു. മനോഹരമായ കൈപ്പടയില്‍ വാരികയുടെ ഡസ്‌കിലേക്ക് എത്തിയിരുന്ന ഓരോ അധ്യായവും ആദ്യം വായിച്ചുനോക്കാന്‍ ഭാഗ്യം കിട്ടുക ജയചന്ദ്രന്‍ സാറിനുതന്നെയാകും. കംപ്യൂട്ടറില്‍ ടൈപ്പ് സെറ്റുചെയ്യുന്നതിനു മുന്‍പായി പത്രാധിപസമിതിയില്‍ ഒട്ടു മിക്കവരും അത് വായിച്ചിട്ടുണ്ടാകും. അത്ഭുതലോകമായിരുന്നു 'ഘോഷയാത്ര'യില്‍.
അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കൂടെക്കൂടിയവര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ ഇതിന്റെ ഓരം ചേര്‍ന്നു നടന്നതാണ് ഘോഷയാത്രയില്‍ കണ്ടത്. 'ഘോഷയാത്ര'യുടെ ഏറ്റവും വലിയ പ്രത്യേകത അതില്‍ ഞാന്‍ എന്ന ഒന്നില്ലായിരുന്നു എന്നാണ്. ജയചന്ദ്രന്‍ സാര്‍ വാരികയുടെ പടികളിറങ്ങിയതിനുശേഷം ടി.ജെ.എസ് ജോര്‍ജ്ജ് വാരിക കൂടുതലായി ശ്രദ്ധിച്ചു. ഇടയ്ക്കിടെ അദ്ദേഹം അതിനായി ബംഗളൂരില്‍ നിന്നും ഇവിടേയ്ക്ക് എത്തി. നിര്‍ഭാഗ്യകരം എന്നു പറയട്ടേ അദ്ദേഹം അവസാനമായി വന്നത് കോവിഡിനു തൊട്ടു മുന്‍പാണ്. അദ്ദേഹം വിഭാവനം ചെയ്ത് ആരംഭിച്ച സാമൂഹ്യസേവന പുരസ്‌കാരം ജോതാവിനെയും തെരഞ്ഞെടുത്തിട്ടാണ് പോയത്. പക്ഷേ, കോവിഡ് എല്ലാകണക്കുകൂട്ടലും തെറ്റിച്ചു. ആ പുരസ്‌കാരവിതരണം തന്നെ പില്‍ക്കാലത്ത് മുടങ്ങി.
ടി.ജെ.എസിന്റെ ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ പ്രതിവാര കോളം ഇരുപത്തിയഞ്ചുവര്‍ഷം നീണ്ടു നിന്നു. സമകാലിക മലയാളം ആരംഭിച്ച വര്‍ഷം തന്നയാണ് അതും ആരംഭിച്ചത്. വാരിക ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയായ ലക്കത്തിനായി ഒരു ലേഖനം ചോദിക്കുമ്പോഴാണ് തന്റെ കോളം ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയായല്ലോ എന്നദ്ദേഹം ഓര്‍ത്തത്. എന്നാല്‍ വൈകണ്ട അവസാനിപ്പിച്ചേക്കാം എന്ന് നര്‍മ്മത്തില്‍ പൊതിഞ്ഞു പറയുമ്പോള്‍ കളി പറയുകയാണെന്നേ കരുതിയുള്ളു. പക്ഷേ, വായനക്കാരുടെ പ്രീതി നേടിയ ആ കോളം അന്നവസാനിപ്പിച്ചു.
വ്യക്തി ജീവിതത്തില്‍ ഒരുപാട് മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ആളായിരുന്നു അദ്ദേഹം. ആരെയും ആകര്‍ഷിക്കുന്ന നര്‍മ്മം കലര്‍ത്തിയുള്ള സംസാരം. പക്ഷേ, പത്രപ്രവര്‍ത്തനത്തില്‍ ചെറിയ തെറ്റുകളില്‍പ്പോലും രൂക്ഷമായി അദ്ദേഹം പ്രതികരിക്കും. ആ പ്രതികരണത്തിനു മുന്‍പില്‍ പെടാതിരിക്കാന്‍ ശ്രദ്ധയോടെ നടന്ന കാലമുണ്ട്. ജയചന്ദ്രന്‍ സാറിനുശേഷം വാരികയുടെ മേല്‍ കൂടുതല്‍ ശ്രദ്ധിച്ച അദ്ദേഹം വാരികയുടെ ലേ ഔട്ട് എന്തായിരിക്കണം കണ്ടന്റ് എന്താകണം എന്നൊക്കെ കണിശത പുലര്‍ത്തി. അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്ന ഒരു കാര്യം എത്ര വലിയ എഴുത്തുകാരനാണെങ്കിലും വായനക്കാര്‍ക്ക് ഇഷ്ടപ്പെടാത്ത ഒന്നാണെങ്കില്‍ അത് തള്ളിക്കളയാന്‍ പത്രാധിപരും പത്രാധിപസമിതി മടിക്കേണ്ടതില്ല എന്നാണ്. അത്തവരം ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നപ്പോള്‍ ശക്തമായി പിന്തുണച്ചിട്ടുള്ള സന്ദര്‍ഭങ്ങളും ഇപ്പോള്‍ ഓര്‍ക്കുന്നു. വാര്‍ത്തകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലോകം. തൊണ്ണൂറ്റിയേഴാം വയസില്‍ തന്റെ ജീവിതം മടക്കി അദ്ദേഹം കടന്നുപോകുമ്പള്‍ പുതിയ തലമുറ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പുതിയൊരു പാഠപുസ്തകം തുറക്കുകയാണ്. സ്ഥാപക പത്രാധിപര്‍ ജയചന്ദ്രന്‍ സാറിനു പിന്നാലെ വാരികയുടെ ഉപദേഷ്ടാവാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates